ഏഴിമല: പാക്കിസ്ഥാന് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സിയാച്ചിന്‍ പ്രവിശ്യയില്‍ നിന്നും ഇന്ത്യന്‍ സേനയെ പിന്‍വലിക്കേണ്ടതില്ലെന്ന് കരസേനാ മേധാവി ബിക്രം സിംഗ് പറഞ്ഞു. സിയാച്ചിനില്‍ ഇന്ത്യയ്ക്ക് മേധാവിത്വമുണ്ട്. അതിനാല്‍ ഇപ്പോള്‍ സേനയെ പിന്‍വലിക്കരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴിമല നാവിക അക്കാദമിയിലെ പതിനഞ്ചാമത് ഓറിയന്റേഷന്‍ കോഴ്സ് ബാച്ചിന്റെ പാസിംഗ് ഔട്ടില്‍ അഭിവാദ്യം സ്വീകരിക്കാനെത്തിയ അദ്ദേഹം കാഡറ്റുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
ചൈനയുമായുള്ള ഇന്ത്യാ ബന്ധം സൗഹൃദപരമാണ്. അടിയന്തര സാഹചര്യം വരികയാണെങ്കില്‍ നേരിടാനുള്ള സൈനിക ശേഷി രാജ്യത്തിനുണ്ട്. സേനയിലെ ഓഫിസര്‍മാരുടെ കുറവ് നികത്തുന്നതിന് കൂടുതല്‍ പരിഗണന നല്‍കും. യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള അവബോധവും മറ്റും നടത്തി വരികയാണെന്നും കരസേനാ മേധാവി പറഞ്ഞു. പടക്കോപ്പുകളും മറ്റും വാങ്ങുന്നതിനു പ്രധാനമന്ത്രിയുമായി ഇതിനകം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ബിക്രം സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: