കൊല്ലം: ജാതിരഹിത സമൂഹത്തിന് വേണ്ടി പൊതുവേദിയില്‍ വാദിച്ച സിപിഎം ജാതിസംഘടനയ്ക്ക് രൂപം കൊടുക്കുന്നു. പട്ടികജാതി കോളനി അസോസിയേഷന് എന്ന പേരിലാണ് സംഘടന. അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സംഘടനയുടെ സംസ്ഥാന കണ്വെന്ഷന് ഡിസംബര്‍ 9ന് കൊല്ലത്ത് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
പട്ടികജാതി കോളനി അസോസിയേഷന്റെ രൂപീകരണം പാര്‍ട്ടിയിലെ പിന്നോക്കക്കാരെ വേര്‍തിരിക്കാനുള്ള ജാതീയമായ നീക്കമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ച് ഡിഎച്ച്ആര്‍എം പോലെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ സ്വാധീനം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നീക്കമെന്ന് വാദിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ ജാതിവിവേചനം ഇതുമൂലം പ്രകടമാവും എന്ന അപകടവും അവരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ കൊടി ഉയര്‍ത്തി സമരത്തിനിറങ്ങിയ പട്ടികജാതി പട്ടികവര്‍ഗ സംഘടനകള്‍ ഹിന്ദു ഏകീകരണത്തിന്റെ മുദ്രാവാക്യമുയര്‍ത്തിയതോടെയാണ് സിപിഎം കോളനികള്‍ കേന്ദ്രീകരിച്ച് സംഘടനയെക്കുറിച്ച് ആലോചിച്ചത്. അതേസമയം അടിസ്ഥാനവര്‍ഗ ജനതയ്ക്ക് പാര്‍ട്ടിയുടെ മുന്‍നിരയില്‍ ഒരിക്കല്‍പോലും ഇടം നല്‍കിയില്ലെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ജാതി സംഘടന രൂപീകരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
നിലവില്‍ സിപിഎം ബ്രാഞ്ച്, ഏരിയാ, ജില്ലാ കമ്മറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരെ ജാതിതിരിച്ച് പുതിയ സംഘടനകളുടെ ഭാരവാഹികളാക്കുകയാണ് പാര്‍ട്ടിയുടെ മുന്നിലുള്ള വഴി. ഇതോടെ സിപിഎമ്മിലെ പട്ടികജാതിക്കാര്‍ പട്ടികജാതിക്കോളനി അസോസിയേഷനില്‍ ഒതുങ്ങേണ്ടി വരും. പാര്‍ട്ടിയുടെ വര്ഗസമരസിദ്ധാന്തത്തിനും അടിസ്ഥാന പ്രത്യയ ശാസ്ത്രത്തിനും കടക വിരുദ്ധമായ നീക്കമാണ് ജാതിസംഘടനയുടെ രൂപീകരണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്. ഉള്ളവനും ഇല്ലാത്തവനുമല്ലാതെ മറ്റൊരു വര്‍ഗം ഉണ്ടെന്ന പാര്‍ട്ടി വിരുദ്ധ നിലപാടിന് തെളിവായാണ് അസോസിയേഷനെ എതിര്‍ക്കുന്നവര്‍ പുതിയ സംഭവവികാസത്തെ ചൂണ്ടിക്കാട്ടുന്നത്.
കോഴിക്കോട് നടന്ന സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് പട്ടികജാതി വിഭാഗത്തില്‍ നിന്നും ഇതരമതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കും സംവരണം നല്‍കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ പട്ടികജാതി പട്ടികവര്‍ഗ സംഘടനകള്‍ ശക്തമായി പ്രതികരിച്ചിരുന്നു. പട്ടികവിഭാഗക്കാരെ തള്ളിപ്പറഞ്ഞ് സംഘടിത ക്രൈസ്തവ, ഇസ്ലാം വോട്ട് ബാങ്കിന് വേണ്ടി പ്രമേയം പാസാക്കിയ പാര്‍ട്ടി ഇപ്പോള്‍ അസോസിയേഷനുമായി രംഗത്തു വന്നത് പുതിയ അടവുനയത്തിന്റെ ഭാഗമായാണ് പിന്നോക്ക സംഘടനകള്‍ കരുതുന്നത്.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ നയിച്ച സാമൂഹ്യനീതി ജാഥയില്‍ അണിനിരന്ന് തങ്ങള്‍ ഹിന്ദുക്കളാണെന്ന് പ്രഖ്യാപിക്കാന്‍ പട്ടികജാതി സംഘടനകള്‍ കാട്ടിയ ആര്‍ജ്ജവം സിപിഎമ്മിനെ പിടിച്ചുലച്ചിരുന്നു. ലമ്പ്സംഗ്രാന്റ്, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്, സംവരണം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ഇസ്ലാം ക്രൈസ്തവ മതശക്തികള്‍ക്ക് കീഴടങ്ങിയ സിപിഎം നയത്തെയും പാര്‍ട്ടിയെയും പുറന്തള്ളിയാണ് ഈ സംഘടനകള്‍ ഹിന്ദുഐക്യനിരയില് കൈകോര്‍ത്തത്. ഇത് അടിസ്ഥാന ജനവിഭാഗങ്ങളില്‍ തങ്ങള്‍ക്കുണ്ടെന്ന് കരുതിയിരുന്ന അടിത്തറ ഇളക്കിക്കളഞ്ഞതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഡിഎച്ച്ആര്‍എമ്മിനെ ഒപ്പം കൂട്ടി പട്ടികജാതി കോളനികളെ ശിഥിലീകരിക്കാനും ഹിന്ദുഏകീകരണത്തെ ചെറുക്കാനുമുള്ള അജണ്ടയാണ് പട്ടികജാതി കോളനി അസോസിയേഷന്റെ രൂപീകരണത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. കോളനികളില്‍ അശാന്തിയും അരക്ഷിതബോധവും സൃഷ്ടിച്ച് പാര്‍ട്ടിയുടെ പണിയാളുകളാക്കി പിന്നോക്കക്കാരെ നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിന്റെ ഭാഗമാണിതെന്ന് പട്ടികജാതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ സംസ്ഥാനത്തെ പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് അസോസിയേഷന്റെ കമ്മറ്റികളുടെ രൂപീകരണം നടന്നു വരികയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഡിസംബര്‍ 9ന് കൊല്ലത്ത് നടക്കുന്ന കണ്‍വെന്‍ഷനോടെ സംസ്ഥാന ഘടകം രൂപീകരിക്കും.
>> എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: