മുഹമ്മ: അത്യപൂര്‍വ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുവേറിട്ട് നില്ക്കുന്ന ശബരിമലയുമായി, ഐതീഹ്യപരമായും ചരിത്രപരവുമായി ബന്ധപ്പെട്ടു കിടക്കുന്ന പുണ്യപുരാതന ക്ഷേത്രമാണ് മുഹമ്മ മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രം. ആയിരത്തിലേറെ വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ക്ഷേത്രമാണിത്.
ശബരിമലയിലെ ‘മുക്കാല്വെട്ടവും’ സാന്നിധ്യം കൊണ്ട് ഇവിടെ ചീരപ്പന്ചിറയിലാണെന്ന് വിശ്വസിച്ചുപോരുന്നു. വടക്കേ മലബാറില്‍ നിന്നും വന്നുചേര്‍ന്ന ഉണ്ണിയാര്‍ച്ചയുടെ വംശപാരമ്പര്യവും അവകാശപ്പെടുന്ന സോമശേഖര പണിക്കരാണ് ക്ഷേത്രത്തിലെ നിത്യനിദാന കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാലത്തെ അതിജീവിച്ച് ഭക്തജനങ്ങളുടെ വിശുദ്ധ ഭൂമിയായി നിലകൊള്ളുന്ന മുക്കാല്വെട്ടത്തേക്ക് അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങി.
41ദിവസം നീണ്ടുനില്‍ക്കുന്ന ഹൈന്ദവരുടെ വ്രതാനുഷ്ഠാനക്കാലത്തും 20 ദിവസം നീളുന്ന മകരവിളക്ക് കാലത്തും ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഉദയനന് എന്ന കാട്ടുകൊള്ളക്കാരനെ കീഴ്പ്പെടുത്താന്‍ പന്തളം രാജാവിന്റെ നിര്‍ദേശ പ്രകാരം അയ്യപ്പന് ചീരപ്പന്ചിറയിലെത്തിയെന്നും കരപ്പുറത്തിന് പുറത്തുള്ളവരെ കളരി പഠിപ്പിക്കാന്‍ ആശാന് മടിച്ചെന്നും അര്‍ത്തുങ്കല്‍ വെളുത്തച്ഛന്റെ നിര്‍ദേശപ്രകാരം അയ്യപ്പനെ കൂടി കളരി അഭ്യസിപ്പിക്കാന്‍ കാരണവരും ഗുരുവുമായ രപ്പന് പണിക്കര്‍ തയാറായെന്നും ചരിത്രം!
അയ്യപ്പന് കളരി പഠിച്ചുവെന്ന് കരുതുന്ന കളരിപ്പുര ക്ഷേത്രത്തിന് സമീപത്തുണ്ട്. അയ്യപ്പന് ഉപയോഗിച്ചുവെന്ന് കരുതുന്ന ആയുധങ്ങളും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അയ്യപ്പന് ശാസ്താവില്‍ വിലയംപ്രാപിച്ച ശേഷം കാരണവര്‍ക്കുണ്ടായ സ്വപ്നദര്ശനഫലമായാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: