പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനപാതയിലെ പ്ലാപ്പള്ളി – ആലപ്പാട് – തുലാപ്പള്ളി റൂട്ടില്‍ ഇനി മുതല്‍ യാതൊരു കാരണവശാലും വലിയ വാഹനങ്ങള്‍ കടത്തിവിടില്ലെന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്ലാപ്പള്ളി ആലപ്പാട്ടു കവലയിലുണ്ടായ അപകടത്തേ തുടര്‍ന്നാണ് വാഹനങ്ങളുടെ യാത്രയില്‍ കര്‍ശന നിയന്ത്രണവും പരിശോധനയും നടത്താന്‍ തീരുമാനിച്ചത്.
ശബരിമല തീര്‍ത്ഥാടകരുമായി പമ്പ റൂട്ടില്‍ പോകുന്ന എല്ലാ വാഹനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമാക്കും. വാഹനങ്ങളുടെ വേഗം, നിയമലംഘന പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനു മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. വകുപ്പ് നടപ്പാക്കിയിരിക്കുന്ന സേഫ്സോണ്‍ പദ്ധതിയുടെ ഭാഗമായി രംഗത്തുള്ള ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും എരുമേലി-ഇലവുങ്കല്‍, പത്തനംതിട്ട-മണ്ണാരക്കുളഞ്ഞി-പമ്പ പാതയില്‍ സജീവമായിരിക്കും.
പ്ലാപ്പള്ളിയില്‍ നിന്നും ഈ റൂട്ടില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ തടഞ്ഞിരിക്കുകയാണെങ്കിലും പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു കഴിഞ്ഞ ദിവസം രാത്രിയില്‍ പോയ ബസാണ് ആലപ്പാട്ടുകവലയില് അപകടത്തില്‍പെട്ടത്. ഇറക്കവും വളവും ആനത്താരയും നിറഞ്ഞ റോഡില്‍ പുറത്തുനിന്നുള്ള അയ്യപ്പഭക്തരുമായി എത്തുന്ന വാഹനങ്ങള്‍ക്കു യാത്ര ബുദ്ധിമുട്ടാണ്. റോഡിന്റെ സ്ഥിതി മുന്കൂട്ടിപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ അപകടങ്ങളില്പെടാനുള്ള സാധ്യത ഏറെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിലയിരുത്തി. എരുമേലിയില്‍ നിന്നും തിരികെയുമുള്ള വാഹനങ്ങള്‍ കണമല-ഇലവുങ്കല്‍ പാത വഴി പോകണം. എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത്് ഈ റൂട്ടിലും ചിലപ്പോള്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം വേണ്ടിവരും.
60 ദിവസങ്ങള്‍ക്കുള്ളില്‍ 3.5 ലക്ഷം വാഹനങ്ങള്‍ പമ്പയിലേക്ക് ഒറ്റവരി ഗതാഗതമായി സഞ്ചരിക്കുന്നുണ്ടെന്നാണ് കഴിഞ്ഞവര്‍ഷങ്ങളിലെ കണക്ക്. ലോകത്തുതന്നെ ഇത്തരത്തില്‍ ഒറ്റവരിപാത ഉപയോഗിച്ചു വാഹനങ്ങള്‍ സഞ്ചരിക്കുന്ന മറ്റൊരു സ്ഥലം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. ഓട്ടോറിക്ഷ, ചരക്കു വാഹനങ്ങള്‍ എന്നിവയില്‍ ശബരിമല യാത്ര കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. ഇത്തരം വാഹനങ്ങളില്‍ വരുന്നവരെ തടഞ്ഞു ബസുകളില്‍ പമ്പയിലേക്ക് അയയ്ക്കും. നിരോധിക്കപ്പെട്ട വാഹനങ്ങളുമായി എത്തുന്നവര്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ഓട്ടോറിക്ഷകള്‍ക്ക് അന്തര്‍ജില്ലാ പെര്‍മിറ്റില്ലാത്ത സാഹചര്യത്തില്‍ ഇവ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലും ലഭിക്കില്ല. ഇരുചക്രവാഹനങ്ങളിലെ യാത്രയും നിരുത്സാഹപ്പെടുത്തും. പമ്പ റൂട്ടില്‍ കാട്ടാനകളുടെ ശല്യം കൂടി ഉള്ളതിനാല്‍ ഇത്തരം വാഹനങ്ങളിലെ യാത്ര ഏറെ അപകടങ്ങള്‍ക്കു വഴിതെളിയ്ക്കും.
കെഎസ്ആര്‍ടിസി വാഹനങ്ങളുടെ വേഗവും പരിശോധിക്കും. അമിതവേഗത്തിലോടുന്ന എല്ലാ വാഹനങ്ങളും ക്യാമറാ നിരീക്ഷണത്തിലൂടെ കണ്ടെത്തി നടപടി സ്വീകരിക്കും. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ റോഡരികില്‍ കടകള്‍ക്കു മുമ്പില്‍ പാര്‍ക്കു ചെയ്യുന്നതിനെതിരെയും നടപടിയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9400044991, 9562318181 എന്നീ നമ്പരുകളില്‍ സേഫ്സോണുമായി ബന്ധപ്പെടാം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: