എടപ്പാള്‍: മദനിയുടെ മോചനം ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച പിഡിപിക്കാര്‍ ശ്രീലങ്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വാഹനത്തിനുനേരെ ആക്രമണം നടത്തി. എടപ്പാള്‍ പട്ടണത്തില്‍ മദനിയുടെ മോചനം ആവശ്യപ്പെട്ട് സംഘടിപ്പിച്ച റോഡ് ഉപരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ശ്രീലങ്കന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണറും സംഘവും സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം ഉണ്ടായത്.
എറണാകുളത്തേക്ക് പോവുകയായിരുന്ന ശ്രീലങ്കന്‍ നയതന്ത്ര സംഘത്തിന്റെ വാഹനം തടഞ്ഞ പിഡിപിക്കാര്‍ കാറിന്റെ ഗ്ലാസിലും ബോണറ്റിലും അടിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തു. ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞ് പോലീസ് പിഡിപിക്കാരെ നീക്കം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ പെയിലറ്റ് വാഹനത്തിനുനേരയും ആക്രമണമുണ്ടായി.
ഉപരോധ സമരം അക്രമാസക്തമാകുമെന്ന സൂചന ലഭിച്ചിട്ടും വേണ്ടത്ര പോലീസിനെ സ്ഥലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നില്ല. സമരക്കാര്‍ ഏകദേശം അരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി. പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വാഹനം ആക്രമിക്കപ്പെട്ട സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അതേസമയം സംഭവം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും പോലീസ് കേസ് ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: