ശബരിമല: ശബരിമല ശ്രീഅയ്യപ്പസ്വാമിക്ക് പരിദേവനങ്ങളും പരാതികളും കടപ്പാടും ഒക്കെ പ്രകടിപ്പിച്ച് ദിവസവും നൂറുകണക്കിന് കത്തുകളാണ് സന്നിധാനത്തെ തപാല്ഓഫീസിലെത്തുന്നത്. ഇതില്‍ വിവാഹ ക്ഷണക്കത്തുകളും പിറന്നാളാഘോഷ കത്തുകളും നിരവധിയാണ്. ധര്‍മ്മശാസ്താവിനെ സ്വന്തം സഹോദരനായോ, പിതൃതുല്യനായോ കണ്ടാണ് ഭക്തര്‍ സ്വന്തം കുടുംബങ്ങളിലെ വിശേഷങ്ങള്‍ക്ക് ക്ഷണിച്ചു കൊണ്ട് കത്തുകളയയ്ക്കുന്നത്. ഇന്നലെയും ആന്ധ്രയില്‍ നിന്ന് ഒരു വിവാഹ ക്ഷണക്കത്ത് ലോര്‍ഡ് അയ്യപ്പാ, ട്രാവന്‍കൂര്‍ ദേവസ്ഥാനം, ശബരിമല പോസ്റ്റ് എന്ന വിലാസത്തില്‍ അയ്യപ്പന് ലഭിച്ചു.
ശബരിമല അയ്യപ്പന്റെ പേരില്‍ വരുന്ന കത്തുകള്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് നല്‍കുന്നത്. 150ഓളം സ്പീഡ് പോസ്റ്റുകള്‍ ഉള്‍പ്പെടെ 300ലേറെ തപാല്‍ ഉരുപ്പടികളാണ് ഇവിടെയെത്തുന്നത്. പതിനെട്ടാം പടിയുടെ ചിത്രം ആലേഖനം ചെയ്തതാണ് സന്നിധാനം തപാല്‍ ഓഫീസിന്റെ മുദ്ര. കേരളത്തില്‍ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക മുദ്ര ഉപയോഗിക്കാത്ത ഏക തപാല്ഓഫീസാണിത്. മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തും വിഷു മഹോത്സവ കാലത്തും മാത്രമെ ഈ തപാല്‍ ഓഫീസ് പ്രവര്‍ത്തിക്കാറുള്ളു. സന്നിധാനം മുതല്‍ അപ്പാച്ചിമേട് വരെയുള്ള ഭാഗങ്ങളില്‍ ഇവിടെ നിന്ന് സര്‍വീസ് ഉണ്ടാകും. വഴിപാട് പ്രസാദത്തിനും കാണിക്കയുമായി നിരവധി മണിയോര്‍ഡറുകളാണ് അന്യ സംസ്ഥാനങ്ങലില്‍ നിന്ന് പോലും ഇവിടെയെത്തുന്നത്. വിദേശ കറന്‍സികളും അയ്യന് കാണിക്കയായി സന്നിധാനം തപാല്‍ഓഫീസില്‍ വരാറുണ്ട്. ദിവസവും രാവിലെ 11ന് ഇവിടെ നിന്നുള്ള പോസ്റ്റുകള്‍ അയയ്ക്കും. വൈകിട്ട് മൂന്ന് മുതലാണ് തപാല്‍ വിതരണം. പമ്പ വരെ നിത്യവും കാല്‍നട യാത്രചെയ്താണ് തപാല്‍ ഉരുപ്പടികള്‍ കൊണ്ടുവരുന്നതും അയയ്ക്കുന്നതും.
കോന്നി സ്വദേശിയായ സബ് പോസ്റ്റ്മാസ്റ്റര്‍ അനില്‍കുമാറും രണ്ടു പോസ്റ്റുമാന്മാരുമാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്. ഭഗവാനോട് ഭക്തന്റെ ദുരിതങ്ങളും സന്തോഷങ്ങളും പങ്ക് വെയ്ക്കാനുള്ള ഇടമായി മാറുകയാണ് സന്നിധാനം തപാല്‍ഓഫീസ്.
>> പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: