നമുക്ക് ദ്രോഹം ചെയ്യുന്ന ഒരാളെ അറിഞ്ഞുകൊണ്ടു നമ്മള് കൂടെ താമസിപ്പിക്കുമോ? അറിഞ്ഞുകൊണ്ട് ഒരു ഭ്രാന്തന്റെ സമീപം കിടന്നുറങ്ങാന്‍ തയ്യാറാകുമോ? ഇല്ല അവന് സ്ഥിരബുദ്ധിയില്ല; ഏതു നിമിഷവും നമ്മളെ അപകടപ്പെടുത്തും എന്നറിയാം. പാമ്പിന് എന്തു നല്കി വളര്‍ത്തിയാലും അത് അതിന്റെ സ്വഭാവം കാണിക്കും.
പേ പിടിച്ച പട്ടിയെ വീട്ടില്‍ വളര്‍ത്തുവാന്‍ ആരും തുനിയുകയില്ല. ഇവയൊക്കെ നമുക്കു ദുഃഖം വരുത്തുന്നവയാണെന്ന് ബോദ്ധ്യമുള്ളതുകൊണ്ട് അവയെ ഒന്നും കൂട്ടുപിടിക്കുന്നില്ല. എപ്പോഴും അവയുടെ ബന്ധങ്ങളില്‍നിന്നും അകന്നുനില്ക്കാന് ശ്രമിക്കുന്നു. നമ്മള് വളര്‍ത്തിയിരുന്ന നായ നമുക്ക് എത്ര പ്രിയപ്പെട്ടവനായിരുന്നാലും അതിനു പേ പിടിച്ചാല്‍ കൊല്ലാന്‍ ഒട്ടും മടിക്കില്ല; അതുപോലെ ഓരോ വസ്തുവിന്റെയും സ്വഭാവം മനസിലാക്കി വേണ്ടതിനെ മാത്രം സ്വീകരിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല.
ആഗ്രഹങ്ങള്‍ക്ക് നമ്മളെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയില്ല. ഇതു മനസിലാക്കാതെ നമ്മള് ദുരാഗ്രഹങ്ങള്‍ വളര്‍ത്തുന്നു. അപകടത്തില്‍ച്ചെന്നു പതിക്കുന്നു. മറ്റുള്ളവരെയും അപകടപ്പെടുത്തുന്നു. അറിഞ്ഞുകൊണ്ടു നമ്മള് വിഷം കുടിക്കുമോ? എത്ര വിശപ്പുണ്ടായിരുന്നാലും കഴിക്കാന്‍ കൊണ്ടുവച്ച ഭക്ഷണത്തില്‍ ചിലന്തി വീണാല്‍പ്പിന്നെ കഴിക്കില്ല. അതുപോലെ ഭൗതികവിഷയങ്ങളോടുള്ള ആഗ്രഹം ദുഃഖത്തിനു കാരണമാകുമെന്നറിഞ്ഞാല്‍ പിന്നീട് മനസ് അവയുടെ പിന്നാലെ പോകുകയില്ല. അങ്ങനെ ശ്രദ്ധാപൂര്‍വ്വം നീങ്ങിയാല്‍ ആഗ്രഹങ്ങളില്‍നിന്നു മോചനം നേടുവാന്‍ കഴിയും. പക്ഷേ, ഇതു വളരെ പ്രയാസമാണ്. എന്നാല്‍ അത്രയ്ക്കു ശ്രദ്ധയും വിവേകവും വൈരാഗ്യവും മനനവും അഭ്യാസവുമുണ്ടെങ്കില്‍ സാധിക്കും.
അമ്മ മാതാഅമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: