ചങ്ങനാശേരി: ക്ഷേത്രഭൂമി കയ്യേറ്റം നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍നായര്‍ അഭിപ്രായപ്പെട്ടു. തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപമഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രോപദേശകസമിതി നല്കിയ സ്വീകരണത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ആരാധനാലയങ്ങള്‍ ഒഴികെ അതുമായി ബന്ധപ്പെട്ട ഭൂമി അന്യാധീനപ്പെടുകയാണ്. കയ്യേറ്റഭൂമിയിലൂടെ ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ബഹുഭൂരിപക്ഷം വരുന്ന ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമതിലുകള്‍ ഇല്ലാത്ത അവസ്ഥയുമുണ്ട്. ക്ഷേത്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും പുനരുദ്ധാരണങ്ങളുണ്ടെങ്കില് അത് നടപ്പിലാക്കുന്ന നടപടികളുമായിരിക്കും ആദ്യം ചെയ്യുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍നായര്‍ പറഞ്ഞു. ക്ഷേത്രോപദേശകസമിതി പ്രസിഡണ്ട് ബി.രാധാകൃഷ്ണമേനോന്, സുജിത് സുന്ദര്‍, ജി.ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍നായര്‍, മനോജ് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: