ശബരിമല: സന്നിധാനത്തേയ്ക്ക് ശരംകുത്തി വഴിയുള്ള യാത്ര കഠിനം. ഉരുളന്‍ കല്ലുകളും കൂര്‍ത്ത പാറകഷ്ണങ്ങളും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി. ഇരുമുടി കെട്ടുമായി നഗ്നപാദരായാണ് കൊച്ചുകുട്ടികളടക്കമുള്ള അയ്യപ്പന്മാര് മല ചവിട്ടുന്നത്. തെന്നി വീഴുന്നതും പല തീര്‍ത്ഥാടകരുടെയും പാദങ്ങള്‍ക്ക് മുറിവേല്ക്കുന്നതും പതിവായി. ദര്‍ശനത്തിനെത്തുന്നവരെ ശരംകുത്തി വഴിയാണ് കടത്തി വിടുന്നത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ വണ്‍വേയാണ്.
ഇതുവഴി കാല്‍നട യാത്ര അസാധ്യമാണ്. തീര്‍ത്ഥാടനം തുടങ്ങും മുന്‍പ് ഇവിടം കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് ദേവസ്വം അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും തന്നെയുണ്ടായില്ല.
കല്ലും മുള്ളും കാലിന് മെത്തയെന്ന ശരണം വിളി യാഥാര്‍ത്ഥ്യമാകുന്നത് ഇതുവഴി യാത്ര ചെയ്യുമ്പോഴാണ്. പതിനായിരകണക്കിന് ഭക്തരാണ് ഈ പാതയിലൂടെ നിത്യവും സന്നിധാനത്തേയ്ക്ക് പോകുന്നത്. തീര്‍ത്ഥാടകര്‍ക്ക് മഴയും വെയിലുമേല്ക്കാതിരിക്കാനും വിശ്രമിക്കാനും മുന്‍ വര്‍ഷങ്ങളില്‍ പന്തല്‍ കെട്ടാറുണ്ടായിരുന്നെങ്കിലും ഇത്തവണ പാതയുടെ പല ഭാഗങ്ങളിലും പന്തല്‍ കെട്ടിയിട്ടില്ല. ദാഹിച്ചു വലഞ്ഞെത്തുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളം ലഭിക്കാനും ദേവസ്വംബോര്‍ഡ് സൗകര്യമേര്പെടുത്തിയിട്ടില്ല.
സന്നദ്ധ സംഘടനകളുടെ കുടിവെള്ള വിതരണ കേന്ദ്രങ്ങളാണ് ഭക്തര്‍ക്ക് ആശ്രയം.മന്ത്രിമാരും ദേവസ്വം ബോര്‍ഡ് ഉന്നതരും ഇതുവഴി കടന്നു പോകാത്തതിനാല്‍ തീര്‍ത്ഥാടകരുടെ ദുരിതം പരിഗണിക്കപ്പെടാതെ പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: