വാഷിങ്ങ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ലോക ബാങ്ക് രംഗത്ത്. വര്‍ദ്ധിച്ചുവരുന്ന ആഗോളതാപനം വിനാശകരമായ പരിണിതഫലങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്കുന്ന ബാങ്ക് ഇതിന്റെ ദുരന്തം കൂടുതല്‍ നേരിടുന്നത് തീരദേശ നഗരങ്ങളും പിന്നാക്ക മേഖലകളുമായിരിക്കുമെന്നും മുന്നറിയിപ്പ് നല്കുന്നു.
സമയം വളരെ പരിമിതമാണെന്ന് പറയുന്ന ലോകബാങ്ക് പ്രസിഡന്റ് ജിം യോങ്ങ് കിം ആഗോളതാപനം നേരിടുന്നതില്‍ ലോകം കൂടുതല്‍ ആര്‍ജവം കാണിക്കണമെന്നും ഭാവിയില്‍ ലോകരാജ്യങ്ങള്‍ പ്രത്യേകിച്ച് വികസിത രാജ്യങ്ങള്‍ തങ്ങളുടെ സമ്പത്തിന്റെ നല്ലൊരു പങ്കും ഊര്‍ജോത്പാദന മേഖലയില്‍ നിന്നുള്ള ഹരിതഗ്രഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയാന്‍ ഉപയോഗിക്കണമെന്നും പറയുന്നു. സാമുഹിക നിതീയുടെ മുഖ്യവെല്ലുവിളിയായ ദാരിദ്ര്യത്തെ കാലാവസ്ഥാ വ്യതിയാനം നേരിടാതെ പരിഹരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതാപനം തടയാനുള്ള പ്രതിജ്ഞയില്‍ നിന്ന് രാജ്യങ്ങല്‍ പിന്നോട്ട് പോയാല്‍ ഭൗമാന്തരീക്ഷത്തിലെ താപനില 4.0 ഡിഗ്രി സെല്‍ഷ്യസായി (7.2 ഫാരന്‍ ഹീറ്റ്) ഉയരും. താപനിലയിലെ വര്‍ദ്ധനവ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സൂചനയാണെന്നും ബാങ്ക് മുന്നറിയിപ്പ് നല്കുന്നു. മുന്‍പില്ലാത്ത വിധമുള്ള താപവര്ദ്ധനവിനെക്കുറിച്ചുള്ള പഠനങ്ങള്‍ 2100ഓടെ താപനിലയില്‍ നാല് ഡിഗ്രിയുടെ വര്‍ദ്ധനവാണ് കാണിക്കുന്നത്.
താപവര്‍ദ്ധനവ് തടഞ്ഞില്ലെങ്കില്‍ ദശലക്ഷങ്ങളെ അത് ദുരിതത്തിലാക്കുമെന്നും ദശകങ്ങള്‍ കൊണ്ട് നേടിയ പുരോഗതിയെ ഇല്ലാതാക്കുമെന്നും മുന്നറിയിപ്പ് നല്കുന്നു. നിലവില്‍ ആഗോളതാപനിലയില്‍ 0.8 ഡിഗ്രിയുടെ വര്‍ദ്ധനവുണ്ട്. കഴിഞ്ഞ ദശകത്തിലുണ്ടായ ക്രമാതീതമായ താപവര്‍ദ്ധനവ് ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലും ഹെയ്ത്തിയിലും അടുത്തിടെ നാശം വിതച്ച സാന്‍ഡി കൊടുങ്കാറ്റ് ആഗോളതാപനത്തിന്റെ ഫലമാണ്.
കാലാവസ്ഥാ വ്യതിയാനത്തില്‍ നടപടി സ്വീകരിക്കാന്‍ രാജ്യങ്ങളെ നിയമപരമായി ബാധ്യസ്ഥരാക്കുന്ന ഉടമ്പടി 2015ഓടെ തയ്യാറാക്കാന്‍ കഴിഞ്ഞ വര്‍ഷം തെക്കേ ആഫ്രിക്കയിലെ ഡര്ബന് ഉച്ചകോടി തീരുമാനിച്ചിരുന്നു. ഈ നിയമം അനിവാര്യമാണെന്ന് പഠനഫലങ്ങള്‍ തെളിയിക്കുന്നു. ആഗോളതാപനം ചെറുക്കുന്നതിനായുള്ള യു.എന്‍ നടപടികള്‍ക്ക് രൂപം നല്കാന് 190 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഖത്തറില്‍ നവംബര്‍ 26ന് ചര്ച്ചകളാരംഭിക്കുമെന്ന ്യു.എന്‍ ജനറല്‍ സെക്രട്ടറി ബാങ്കി മൂണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: