കൊല്‍ക്കത്ത: ടെലിവിഷന്‍ ചാനലുകള്‍ പ്രചാരണത്തെ സൂചിപ്പിക്കുന്ന ടാം (ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ്) റേറ്റിങ്ങിനെതിരെ കോമ്പേറ്റെഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയ്ക്ക് പ്രസാര്‍ ഭാരതി പരാതിനല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഡയറക്ടര്‍ ജനറലിനോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കോമ്പേറ്റെഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ പറഞ്ഞു. ടാം റേറ്റിങ്ങിനെതിരെ പരാതി നല്‍കിയതായി പ്രസാര്‍ ഭാരതി സിഇഒ ജവാര്‍ സിര്‍കാര്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
രണ്ട് കോടിയിലേറെ വീടുകളില്‍ ടെലിവിഷന്‍ ഉണ്ടെങ്കിലും ചില നഗരങ്ങളില്‍ മാത്രം സ്ഥാപിച്ചിട്ടുള്ള 8000 ടാം മീറ്ററുകളുടെ സഹായത്തോടെയാണ് ഏജന്‍സി റേറ്റിങ് നടത്തുന്നത് എന്നാണ് ആരോപണം. ഇത് അശാസ്ത്രീയമാണെന്നും ആരോപണമുണ്ട്. കോമ്പേറ്റെഷന്‍ ആക്ടിലെ സെക്ഷന്‍ നാല്പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം അശാസ്ത്രീയ റേറ്റിംഗ് ഒഴിവാക്കാനായി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് മെഷര്‍മെന്റ് കൗണ്‍സില്‍ രൂപീകരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രസാര്‍ ഭാരതിയുടെ ബോര്‍ഡ് മീറ്റിംഗ് കഴിഞ്ഞ സപ്തംബറില്‍ നടന്നിരുന്നു. ഈ മീറ്റിംഗിലാണ് ടാമിനെതിരെ പരാതി നല്കാന് പ്രസാര്‍ ഭാരതി തീരുമാനമെടുത്തത്. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും റേറ്റിങ് സമ്പ്രദായത്തില്‍ കാര്യമായ തകരാറുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രസാദ് ഭാരതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: