അബൂജ: തീവ്രവാദി സംഘമായ ബൊക്കഹറാമിന്റെ മുതിര്‍ന്ന കമാന്‍ഡറെ നൈജീരിയന്‍ സൈന്യം വധിച്ചു. വടക്ക് കിഴക്ക് നഗരമായ മെയ്ദുഗിരിയില് സൈന്യവും ഭീകരരും നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇബിന് സെലിം ഇബ്രാഹിം എന്നയാളാണ് കൊല്ലപ്പെട്ടത്.
ബൊക്കഹറാമിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് നേതൃത്തം നല്‍കിയിരുന്നത് ഇബിന് സെലിം ഇബ്രാഹിം ആയിരുന്നു. ആക്രമണങ്ങളില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചില ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ചില സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് സൈന്യം അറിയിച്ചു. മെഡുഗിരി പ്രദേശം ബൊക്കഹറാ ഭീകരരുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. നൈജീരിയയിലെ സൈനിക കമാന്‍ഡറായിരുന്ന മുന്‍ സൈനിക ജനറല്‍ മമ്മന്‍ ഷുവയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഇബിന് സെലിം ഇബ്രാഹിം. 60 കളിലെ നൈജീരിയന്‍ ആഭ്യന്തര യുദ്ധകാലത്ത് സര്‍ക്കാര്‍ സേനയുടെ കമാന്‍ഡറായിരുന്നു മമ്മന്‍ ഷുവ.
2009 ല്‍ ബൊക്കഹറാം ഭീകരര്‍ നൈജീരിയയിലെ വടക്കന്‍ പ്രവിശ്യയിലുണ്ടാക്കിയ ഭീകരാക്രമണത്തില്‍ 3000 ത്തിലധികം പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: