ന്യൂദല്‍ഹി: രാജ്യത്ത് പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവ്. സപ്തംബറില്‍ 7.81 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഒക്ടോബറില്‍ 7.45 ശതമാനമായിട്ടാണ് താഴ്ന്നത്. എട്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പണപ്പെരുപ്പ നിരക്ക് 9.87 ശതമാനമായിരുന്നു. ഭക്ഷ്യവിലയിലുണ്ടായ കുറവും സപ്തംബറില്‍ ഇന്ധന വില ഉയര്‍ത്തിയിട്ടും ഇന്ധന വിലപ്പെരുപ്പം താഴ്ന്നതുമാണ് പണപ്പെരുപ്പം കുറയാന്‍ കാരണം.
ഭക്ഷ്യ വിലപ്പെരുപ്പം 6.62 ശതമാനമായിട്ടാണ് താഴ്ന്നത്. സപ്തംബറിലിത് 7.86 ശതമാനമായിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ വിലപ്പെരുപ്പം 9.75 ശതമാനമായിട്ടാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9.73 ശതമാനമായിരുന്നു.
അതേ സമയം ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് 7.55 ശതമാനത്തില്‍ നിന്നും 8.01 ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഒക്ടോബറില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ കാര്യമായ കുറവാണ് പണപ്പെരുപ്പം കുറയാന്‍ പ്രധാന കാരണം. എന്നാല്‍ ഗോതമ്പ്, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ മുതലായവയുടെ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗോതമ്പ് വിലയില്‍ 19.78 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സപ്തംബറിലിത് 18.63 ശതമാനമായിരുന്നു. ധാന്യ വില 14.18 ശതമാനത്തില്‍ നിന്നും 14.35 ശതമാനമായി ഉയര്‍ന്നു. ഉരുളക്കിഴങ്ങ് വിലയില്‍ 49.13 ശതമാനവും പയറിനങ്ങളുടെ വിലയില്‍ 20 ശതമാനവും അരി വിലയില്‍ 11.40 ശതമാനവും വര്‍ധനവുണ്ടായി.
പച്ചക്കറി വില 7.45 ശതമാനം ഇടിഞ്ഞു. ഉള്ളി വിലയില്‍ 8.99 ശതമാനം ഇടിവാണുണ്ടായിട്ടുള്ളത്. പാല് വിലയില്‍ 6.35 ശതമാനവും മുട്ട, മത്സ്യം, മാംസം മുതലായവയുടെ വിലയില്‍ 13.28 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോട്ടണ്‍ വസ്ത്രങ്ങള്‍, മനുഷ്യ നിര്‍മിത വസ്ത്രങ്ങള്‍, ഇരുമ്പ്, ഉരുക്ക്, പേപ്പര്‍ ഉത്പന്നങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മുതലായവയുടെ വിലയില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നേരിയ വര്‍ധനവുണ്ടായി.
സപ്തംബറില്‍ വ്യാവസായിക ഉത്പാദനം 0.4 ശതമാനം കുറഞ്ഞത് സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയായിരുന്നു. സാമ്പത്തിക രംഗത്ത് ഉണര്‍വേകുന്നതിനായി സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്വീകരിച്ചുവെങ്കിലും അതൊന്നും ഫലപ്രദമായില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കൂടുതല്‍ പരിഷ്കരണ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദം ഇതോടെ ശക്തമാകും.
പലിശ നിരക്ക് കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാരും ബിസിനസ് പ്രമുഖരും നിരന്തരമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ആര്‍ബിഐ ഈ ആവശ്യം നിരസിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുവാന്‍ സാധിക്കില്ലെന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത്.
ഒക്ടോബറില്‍ മൊത്ത വില സൂചിക 7.96 ശതമാനമായി ഉയരുമെന്നാണ് റോയിറ്റേഴ്സ് നടത്തിയ അഭിപ്രായ സര്‍വെയില്‍ 27 സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. സപ്തംബറിലിത് 7.81 ശതമാനമായിരുന്നു.
ഇക്കാലയളവില്‍ ഇന്ധന വില കുതിച്ചുയര്‍ന്നതായും ചരക്ക് കൂലിയിലും ഭക്ഷ്യ വിലയിലും വര്‍ധനവ് ഉണ്ടായതായും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.അടുത്ത വര്‍ഷം ആദ്യവും പണപ്പെരുപ്പ നിരക്ക് ഉയരത്തില്‍ തന്നെയായിരിക്കുമെന്നാണ് വിലയിരുത്തല്‍. 2009 ന് ശേഷം രാജ്യത്ത് പണപ്പെരുപ്പ നിരക്ക് 7 ശതമാനത്തിന് മുകളിലായി തുടരുകയാണ്.
വര്‍ധിച്ച് വരുന്ന ധനകമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സപ്തംബര്‍ മധ്യത്തോടെ ഡീസലിന്റെ വില കേന്ദ്രം ഉയര്‍ത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമായി താഴുമെന്ന് ധനകാര്യ മന്ത്രി പി.ചിദംബരം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
~ഒക്ടോബര്‍ 30 ന് നടന്ന റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ അവലോകനത്തില്‍ കരുതല്‍ ധനാനുപാത നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തിയിരുന്നു. ഇതിലൂടെ ബാങ്കിംഗ് മേഖലയിലേക്ക് 17,500 കോടി രൂപ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് വിലയിരുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ പലിശ നിരക്കില്‍ ഇളവ് വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: