ന്യൂയോര്‍ക്ക്: ടെക്നോളജി പേറ്റന്റ് സംബന്ധിച്ച നിയമനടപടികള്‍ അവസാനിപ്പിച്ച് ആപ്പിളും എച്ച്ടിസിയും ഒത്തുതീര്‍പ്പിലെത്തി. 10 വര്‍ഷത്തെ ആഗോളതലത്തിലുള്ള ലൈസന്‍സിങ് കരാറിനും ഇരു സ്ഥാപനങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. 2010 ല്‍ ആപ്പിള്‍ എച്ച്ടിസിക്കെതിരെ ഉന്നയിച്ച പേറ്റന്റ് ലംഘനം ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിനെതിരെയുള്ള ആപ്പിളിന്റെ ആദ്യ നിയമപരമായ നീക്കമായിരുന്നു.
ഒത്തുതീര്‍പ്പിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. വിവാദങ്ങളില്‍ നിന്ന് പിന്മാറി ഉത്പന്നങ്ങളില്‍ കൂടുതല്‍ പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.
അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ ആദ്യമായി പേറ്റന്റ് സംബന്ധിച്ച് നിയമയുദ്ധമാരംഭിച്ചത് തായ്വാന് കമ്പനിയായ എച്ച്ടിസിയുമായാണ്. തെക്കന്‍ കൊറിയന്‍ കമ്പനിയായ സാംസങ്ങുമായുള്ള നിയമ യുദ്ധത്തില്‍ അമേരിക്കന്‍ കോടതി നൂറ് കോടി ഡോളറാണ് ആപ്പിളിന് നഷ്ടപരിഹാരമായി നല്കാന് വിധിച്ചത്. തങ്ങളുടെ ഡിസൈന്‍ കടമെടുത്തു എന്നതായിരുന്നു ആപ്പിള്‍ ഉന്നയിച്ച പരാതി. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളെ ഒതുക്കുവാന്‍ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ കുത്തകയായ ആപ്പിള്‍ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നത്.
കഴിഞ്ഞ വര്‍ഷം യുഎസ് ആഭ്യന്തര വ്യാപാര കമ്മീഷന് എച്ച്ടിസി ആപ്പിളിന്റെ പേറ്റന്റ് ലംഘനം നടത്തിയെന്നാരോപിച്ച് എച്ച്ടിസിയുടെ നാല് മോഡലുകള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കടുത്ത മത്സരം നേരിടുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എച്ച്ടിസി തിരിച്ചടികള്‍ നേരിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: