പുട്ടുകുഞ്ഞുമോനും ആട് ആന്റണിക്കും പോലീസിലാണോ ജോലി? പോലീസിന്റെ സമീപകാല വിക്രിയകള്‍ കണ്ടും കേട്ടും അന്തംവിട്ടുനില്‍ക്കുന്ന കൊല്ലത്തുകാരുടെ സംശയമാണിത്. രണ്ടുപോലീസുദ്യോഗസ്ഥരെ കുത്തിമലര്ത്തിക്കടന്നിട്ടും പുട്ടും ആടുമൊക്കെ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നതിന്റെ അങ്കലാപ്പ് അടങ്ങുന്നതിന് മുമ്പേയാണ് പുതിയ വര്‍ത്തമാനങ്ങള്‍. എല്ലാ വര്‍ത്തമാനങ്ങളും കേട്ടുകഴിയുമ്പോള്‍ കൊല്ലത്തുകാരല്ലാത്തവരും ചോദിച്ചുപോകും ഇപ്പറഞ്ഞ വേന്ദ്രന്മാര്ക്ക് പോലീസിലാണോ ജോലിയെന്ന്.
ആടിനെയും പുട്ടിനെയും വെല്ലുന്ന വില്ലന്മാരാണ് പോലീസിനെ ഭരിക്കുന്നത്. കൊല്ലം ഈസ്റ്റ് പോലീസ്സ്റ്റേഷന് കെട്ടിടത്തിന് പെയിന്റടിക്കാന്‍ നിന്ന രണ്ട് ചെറുപ്പക്കാരെ ഒരിക്കല്‍ സിറ്റിപോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഓടിച്ചിട്ട് പിടിക്കേണ്ടി വന്നു. ബൈക്കില്‍ കറങ്ങി മാലപിടിച്ചുപറിക്കലായിരുന്നു വിനോദം. ചോദ്യം ചെയ്തപ്പോള്‍ അറിഞ്ഞത് പിടിച്ചുപറിച്ച മാലയുടെ കാല്‍പങ്ക് വിഹിതം മാത്രമേ തങ്ങള്ക്കുള്ളു, മുക്കാലും അമക്കുന്നത് പോലീസേമാന്മാരാണെന്നാണ്. അന്വേഷണം ചൂടായപ്പോള്‍ കള്ളന്മാരെ പിടിക്കാനോടിയ ഒരു എസ്ഐ അടക്കം സസ്പെന്‍ഷനിലായി. പകല്‍ ഒരുമിച്ച് പെയിന്റടി. രാത്രി പിടിച്ചുപറിച്ച മുതലുമായി ഒത്തുചേര്‍ന്ന് ‘പെയ്ന്റടി’. എപ്പടി സംഗതി?
മണലും പൊന്നും തിരിച്ചറിയാനാവാത്ത ചാത്തന്നൂര്‍ കൊട്ടിയം പോലീസ് സ്റ്റേഷനുകളിലൊന്നില്‍ ഒരു പകല്‍നേരം എഎസ്ഐ എസ്ഐയുടെ കരണക്കുറ്റി നോക്കി ഒന്നുകൊടുത്തു. തമ്മിലടി കണ്ട് സ്റ്റേഷനിലുണ്ടായിരുന്ന പ്രതികളും നാട്ടുകാരും അന്തംവിട്ടു. തലേന്നു പിടിച്ച മണല്‍ ലോറി ആരോട് ചോദിച്ചിട്ട് വിട്ടയച്ചു എന്നതായിരുന്നു ഏമാന്മാരുടെ കവലത്തല്ലിന് കാരണം. പ്രശ്നം തീര്‍ക്കാന്‍ സിഐ അവതരിച്ചു. അദ്ദേഹമാണെങ്കില്‍ മണല്‍മാഫിയയെ കണ്ടാല്‍ ആ വഴിക്ക് പോകില്ല. അവരെ തൊടില്ല. അല്ലെങ്കിലും പോക്രികളെ തൊട്ടും പിടിച്ചുമുള്ള അശുദ്ധി അദ്ദേഹത്തിന് പണ്ടേയില്ല. ഇപ്പോഴത്തെ കമ്മീഷണറെ ലോറികയറ്റി കൊല്ലാന്‍ വട്ടം കൂടിയവരെ കണ്ടെത്താനുള്ള തിരക്കിലാണത്രെ രഹസ്യമായി ഈ പോലീസ് വിശുദ്ധന്.
കഴിഞ്ഞ വര്‍ഷമാണ് ഭാര്ഗവീനിലയത്തെയും തോല്പിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്സില്‍ ഒരു പോലീസുദ്യോഗസ്ഥന് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളമടിയില്‍ തുടങ്ങി തമ്മിലടിയില്‍ കലാശിച്ച സംഭവത്തില്‍ ഏമാന്മാര്ക്ക് മദ്യം എത്തിച്ചുകൊടുക്കുന്നത് നഗരത്തിലെ ഗുണ്ടകളാണെന്ന വിവരം കിട്ടി. എത്ര കേട്ടാലും നന്നാവാത്തതുകൊണ്ട് പിന്നെയും ഗുണ്ടകള്‍ പോലീസായും പോലീസുകാര്‍ ഗുണ്ടകളായും പൊതുജനത്തിന് മുന്നില്‍ അവതരിച്ചു കൊണ്ടേയിരുന്നു.
ഗസ്തൗസിലെ വിക്രിയകള്‍ കണ്ടും കേട്ടും പകര്‍ത്തിയ ഒരു പത്രക്കാരന്റെ ജീവനെടുക്കാന്‍ ക്വട്ടേഷന്‍ കൊടുത്തവരാണല്ലോ ഈ ഉന്നതന്മാര്. ആ നാല്‍വര്‍ സംഘത്തിലെ പലരും ഇപ്പോഴും കൊമ്പത്തു തന്നെയുണ്ട്. അപ്പോള്‍ പിന്നെ ഒറീസയില്‍ നിന്ന് കൊല്ലത്തെ നന്നാക്കാനെത്തിയ ദേബേഷ്കുമാര്‍ ബഹ്റ കരുതണ്ടെ? കരുതിയേ മതിയാകു സര്. അതാണ് നമ്മുടെ കൊല്ലം പോലീസ്. അവര്‍ ഗുണ്ടകളെ പോക്കറ്റിലിട്ട്, വെറുതെ നടന്നുപോകുന്നവനെ ഗുണ്ടാപ്പട്ടികയില്പെടുത്തും. കൂട്ടത്തിലുള്ളവനെ കുത്തിക്കൊന്ന് കടന്നവന് രാത്രി സഞ്ചാരങ്ങള്‍ക്ക് എസ്കോര്‍ട്ട് പോകും. മണലൂറ്റും വാഹനക്കടത്തും നടത്തുന്നവരുടെ പങ്കുപറ്റി ഏജന്‍സി പണി നടത്തും, പിടിച്ചുപറിക്കാരനെ പിടിച്ചു പറിച്ച് കെട്ട്യോള്‍ക്ക് ആഭരണങ്ങള്‍ കൊണ്ടുകൊടുക്കും. ചോദ്യം ചെയ്ത് വഷളാകാന്‍ തുനിയുന്ന പത്രക്കാരെ തട്ടാന്‍ ക്വട്ടേഷന്‍ കൊടുക്കും. അപ്പോള്‍പ്പിന്നെ കമ്മീഷണര്‍ സാര്‍ കരുതിയിരിക്കണ്ടേ?
ഉണ്ണിത്താന് കേസില്‍ സിബിഐ വേട്ടയ്ക്കിറങ്ങിയപ്പോള്‍ കൊല്ലം പോലീസിന്റെ ഉശിരൊന്നു കാണേണ്ടതായിരുന്നു. നഗരത്തില്‍ പാഞ്ഞുനടന്ന് ഗുണ്ടകളെ വേട്ടയാടുകയായിരുന്നു അവര്‍. ഉണ്ണിത്താന് വധശ്രമത്തില്‍ എല്ലാമറിയാമായിരുന്നുവെന്ന് കരുതപ്പെട്ട ഹാപ്പി രാജേഷിനെ ഇതിനിടയില്‍ ‘ഇവരാരുമറിയാതെ’ ആരോ തട്ടി. കാറ് കത്തിച്ചെന്നോ ജനലിന് കല്ലെറിഞ്ഞെന്നോ ഒക്കെ കാരണം കാട്ടിയാണ് കൊലപാതകമെന്ന് കൊല്ലത്തുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് അതിനും ഗുണ്ടകളുടെ പിന്നാലെ പാഞ്ഞു. ഫലത്തില്‍ ഹാപ്പി രാജേഷിന് അറിമായിരുന്നുവെന്ന് ആളുകള്‍ കരുതിയതൊന്നും ആരും അറിഞ്ഞില്ല.
മുമ്പ് നമുക്കൊരു കമ്മീഷണറുണ്ടായിരുന്നു. എല്ലാ മാസവും വേണം ഈരണ്ട് പത്രസമ്മേളനങ്ങള്‍ എന്ന മട്ടില്‍ ഭരണം നടത്തിയ മേലാഫീസര്‍. പാവപ്പെട്ട പോലീസുകാരന് ഓടിച്ചിട്ടും മതിലു ചാടിയും പൊക്കുന്ന കള്ളന്മാരെ കര്ട്ടന് പിന്നില്‍ നിര്‍ത്തി തക്കാളിപോലുള്ള മുഖവും കാട്ടി അദ്ദേഹം ക്യാമറകള്‍ക്ക് മുമ്പില്‍ ചിരിക്കും. കൂട്ടത്തില്‍ അണ്ടിപ്പരിപ്പും കപ്പലണ്ടിമിഠായിയും വിളമ്പും. കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസിപി നിര്‍ദ്ദേശിച്ചതുപ്രകാരം എന്നൊക്കെപ്പറഞ്ഞ് നീളത്തില്‍ പത്രക്കുറിപ്പ്. കള്ളനെപ്പിടിക്കാനോടിയ സാദാ പോലീസുകാരന്റെ പേര് കാണണമെങ്കില്‍ മഷിയിട്ട് നോക്കണം.
ബഹ്റയ്ക്ക് ഈ പണിയൊന്നും വശമില്ലാത്തതുകൊണ്ട് വേഷം മാറിയും അല്ലാതെയുമൊക്കെ ക്രമസമാധാനം പാലിക്കാന്‍ ഇറങ്ങിയതാണ്. ക്വട്ടേഷനും പിടിച്ചുപറിയും ചാരായം കടത്തലുമൊക്കെ വിട്ട് ഇപ്പോള്‍ മണലിലാണ് കളി എന്നറിഞ്ഞപ്പോള്‍ കമ്മീഷണര്‍ അങ്ങോട്ട് തിരിഞ്ഞു. പരപ്പനാര, കോയമ്പത്തൂര്‍ ജയിലറകള്‍ തറവാടാക്കിയ ‘മഹാനായ’ നേതാവിന്റെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് മുതല്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്തിയ നേതാവ് വരെ ആറും തോടും പുഴയും ഒത്താല്‍ കടലും വരെ ഊറ്റിവാരി മണ്ണെടുക്കാന്‍ വെമ്പിനില്ക്കുന്ന കൊല്ലത്താണ് കമ്മീഷണറുടെ കളി. കമ്മീഷണറെ അപായപ്പെടുത്താന്‍ നീക്കമെന്ന് വാര്‍ത്ത. അന്വേഷിക്കുമെന്നും ഗൗരവമായെടുക്കുമെന്നും പോലീസ്മന്ത്രി. അങ്ങേരെക്കാള്‍ വല്യ ആഭ്യന്തരനെ കണ്ടിട്ടുണ്ടെന്ന് പറയുന്ന കണ്ണൂര്ക്കാരന് എംപിയുടെ ഭാഷയില്‍ മണല്കടത്താകട്ടെ അന്തസുളള വ്യവസായമാണുതാനും. അപ്പോള്‍ പിന്നെ പാവപ്പെട്ട പോലീസുകാരുടെ മാനത്തിനുണ്ടോ വില. കമ്മീഷണറുടെ കൃത്യനിഷ്ഠയ്ക്കുണ്ടോ വില? പിന്നെങ്ങനെ ചോദിക്കാതിരിക്കും സാര്‍, ഈ പുട്ടും ആടുമൊക്കെ ഇപ്പോള്‍ പോലീസിലാണോ എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: