കോഴിക്കോട്: ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ്പ്ലസ് ഉള്‍പ്പെടെയുള്ള 78 ഉപഗ്രഹചാനകള് സ്വിച്ച്ഓഫ് ചെയ്ത വിതരണക്കാരായ മീഡിയാപ്രോയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ സംസ്ഥാന വ്യാപകമായി ഏഷ്യാനെറ്റിന്റെ എല്ലാ ചാനലുകളും ബഹിഷ്ക്കരിക്കുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പത്ത് കോടിയില്‍പ്പരം രൂപ നല്കാനാവശ്യപ്പെട്ടുകൊണ്ടാണ് ചെറുകിട കേബിള്‍ടിവി നെറ്റ്വര്ക്കുകളില് ചാനലുകള്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുന്നത്. ഈ നടപടി ഇന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍, സീടിവി എന്നിവയുടെ ചാനലുകള്‍ വിതരണം ചെയ്യുവാന്‍ ഒരു വര്‍ഷം മുമ്പ് ഇരു കമ്പനികളും ചേര്‍ന്ന് രൂപം നല്‍കിയതാണ് മീഡിയാപ്രോ. ഏഷ്യാനെറ്റ് പേ ചാനല്‍ ആക്കിയപ്പോള്‍ രൂപീകരിച്ച വിതരണ ഏജന്‍സിയും പിന്നീട് മീഡിയപ്രോയില് ലയിപ്പിക്കുകയാണ് ചെയ്തത്.
മീഡിയാപ്രോ ചാനല്‍ ബൊക്കെയ്ക്ക് ഒരു മാസത്തേക്ക് ഒരു വരിക്കാരന് നിശ്ചയിച്ചിട്ടുള്ള നിരക്ക് 586 രൂപയാണ്. അപ്രധാനമായ ചാനലുകള്‍ മുന്‍നിര്‍ത്തി, വന്‍തുക വരിസംഖ്യ ഈടാക്കാന്വേണ്ടി പേ ചാനല്‍ ബൊക്കകള്‍ രൂപീകരിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് അവഗണിച്ചുകൊണ്ടാണ് കൃത്യമായി വരിസംഖ്യ നല്കിക്കൊണ്ടിരിക്കുന്ന ചാനലുകള്‍ ഉള്‍പ്പെടെ ഒറ്റയടിക്ക് സ്വിച്ച് ഓഫ് ചെയ്തത്. സ്റ്റാര്‍, സീ ടിവി എന്നീ കമ്പനികളുടെ കേബിള്‍ ശൃംഖലകളായ ഏഷ്യാനെറ്റ് കേബിള്‍, ഡെന്‍, സിറ്റി കേബിള്‍ എന്നിവയ്ക്കും അവരുടെ ഡിടിഎച്ച്കള്ക്കും നേട്ടമുണ്ടാക്കാനാണ് ഈ നീക്കം.
കേരളത്തിലെ ചെറുകിട കേബിള്‍ടിവി നെറ്റ് വര്‍ക്കുകളില്‍ ഭൂരിപക്ഷം സ്ഥലത്തും കേരളവിഷന് ഡിജിറ്റര്‍ സര്‍വീസിലും ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള 78 ചാനലുകള്‍ സ്വിച്ച്ഓഫ് ചെയ്തുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റിന്റെ എല്ലാ ചാനലുകളും ഇന്ന് അര്‍ദ്ധരാത്രിമുതല്‍ സംസ്ഥാന വ്യാപകമായി ബഹിഷ്ക്കരിക്കുന്നത്. ഇതോടെ കേരളത്തിലെ 60 ശതമാനം കേബിള്‍ ടിവി പ്രേക്ഷകര്‍ക്കും ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ്പ്ലസ്, ഏഷ്യാനെറ്റ് മൂവി എന്നീ ചാനലുകള്‍ ലഭ്യമാകില്ല.
മീഡിയാപ്രോയുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കും. നാളെ എല്ലാ ടൗണുകളിലും പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും. റൂവര്ട്ട് മര്‍ഡോക്കിന്റെ കോലവും കത്തിക്കും.
സിഒഎ ജനറല്‍സെക്രട്ടറി കെ.ഗോവിന്ദന്, കെ.വിജയകൃഷ്ണന്, എം.രാധാകൃഷ്ണന്, നിഷാദ് പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: