മംഗലാപുരം: ഹിന്ദു യുവാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവതിയെ ഒരു സംഘം ആള്ക്കാര് ആക്രമിച്ചു. ഒരു കാറില്‍ മറ്റൊരു സമുദായക്കാരനായ യുവാവിനൊപ്പം യാത്ര ചെയ്തു എന്നാരോപിച്ചാണ് ദീബ അല്‍ഗാനി എന്ന ഇരുപത്തിമൂന്നുകാരി ആക്രമിക്കപ്പെട്ടത്. ബാജ്പെക്കു സമീപമുള്ള കാര്മാറില് വച്ചാണ് ഒരു സംഘം ആള്ക്കാര് ഇവരെ ആക്രമിച്ചത്. ദീബയുടെ അമ്മ സുബൈദ സ്വതന്ത്രയായി മത്സരിച്ചു ജയിച്ച പാദുബിദ്രി ഗ്രാമപഞ്ചായത്തംഗമാണ്. ഇരുപതു പേരടങ്ങുന്ന സംഘം തന്നെ ബുധനാഴ്ച രാത്രി ക്രൂരമായി മര്ദ്ദിച്ചവശയാക്കുകയായിരുന്നുവെന്ന് വെന്‍ലോക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദീബ മാധ്യമങ്ങളോട് പറഞ്ഞു.
ജനക്കൂട്ടം കാര്‍ തടഞ്ഞു നിര്‍ത്തി ബലമായി പുറത്തേക്കു വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. എന്തിനാണ് ഹിന്ദുവിനൊപ്പം യാത്ര ചെയ്യുന്നതെന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. അജ്ഞാതരായ അക്രമിസംഘം ബീയറി ഭാഷയില്‍ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി എന്ന സംഘടനയുടെ ആള്‍ക്കാരോട് ഈ വിഷയം ഫോണില്‍ സംസാരിക്കുകയും ചെയ്തു. തന്നെ ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും ദീബ കൂട്ടിച്ചേര്‍ത്തു.
ദീബയുടെ മൊബെയില്‍ ഫോണും കയ്യിലുണ്ടായിരുന്ന മൂന്നുലക്ഷത്തി ഏഴായിരം രൂപയും അക്രമികള്‍ കവര്‍ന്നതായി ദീബയുടെ അമ്മ സുബൈദ ആരോപിച്ചു. ഒരാഴ്ച മുമ്പ് താന്‍ ബാജ്പെയില്‍ ധര്‍മ എന്ന ആളില്‍ നിന്നും ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ധര്മയ്ക്കു കൊടുക്കാനായി മകളുടെ കൈവശം മൂന്നു ലക്ഷം രൂപ നല്‍കിയിരുന്നു. കൂടാതെ അവളുടെ പേഴ്സില്‍ 7000രൂപയും ഉണ്ടായിരുന്നു, സുബൈദ പറഞ്ഞു.
മംഗലാപുരം നഗരത്തില്‍ പുതിയ വീട്ടിലേക്കു കൊണ്ടുപോകാനായി ചില ഗൃഹോപകരണങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു തങ്ങള്‍. കാറില്‍ വളരെയധികം വീട്ടുപകരണങ്ങള്‍ കയറ്റിയതിനാല്‍ ദീബയോട് ധര്മയ്ക്കൊപ്പം അയാളുടെ കാറില്‍ മടങ്ങാന്‍ പറഞ്ഞു. രണ്ടു കാറുകളും ഒരുമിച്ചാണ് പുറപ്പെട്ടത്. പക്ഷേ ഞങ്ങളുടെ കാര്‍ വളരെ മുന്നിലായിപ്പോയി. അങ്ങനെയാണ് അക്രമിസംഘം ധര്‍മയുടെ കാര്‍ തടഞ്ഞു നിര്‍ത്തി ഇരുവരെയും ആക്രമിച്ചത്, സുബൈദ വ്യക്തമാക്കി.
സുബൈദ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി പിന്തുണയോടെയാണ്. ധര്‍മയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാജ്പെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിഷേധിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുന്നതായും പിഎഫ്ഐ ജില്ലാ സെക്രട്ടറി അബ്ദുല്‍ മജീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: