തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ്കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ ഹൗസ്ബോട്ടുകളും ഹോം സ്റ്റേകളും ഉള്‍പ്പെടെയുള്ളവയുടെ പങ്കാളിത്തം ഇത്തവണ ഉറപ്പാക്കും.മേളയ്ക്ക് ആഗോള മുഖം നല്‍കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന ടൂറിസം വകുപ്പ്. ജി കെ എസ് എഫിന്റെ ആറാം പതിപ്പ് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള പദ്ധതിയാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി ഹോട്ടല്‍, റസ്റ്ററന്റ്, ട്രാവല്‍ ഓപ്പറേറ്റര്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ് ബോട്ട് എന്നീ രംഗങ്ങളിലുള്ളവരുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്.ജി കെ എസ് എഫിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചു ടൂറിസംരംഗത്തുള്ളവരുമായി ചര്‍ച്ച തുടങ്ങിയതായി മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.
വിനോദ സഞ്ചാരികള്‍ക്കിടയില്‍ ജനകീയമായിക്കൊണ്ടിരിക്കുന്ന ഹോംസ്റ്റേകളുടെയും ഹൗസ് ബോട്ടുകളുടെയും ഉടമകള്‍ ഇത്തവണ ജി കെ എസ്എഫിനെ നല്ലൊരു അവസരമായാണ് കാണുന്നത്.കൊച്ചിയിലും തിരുവനന്തപുരത്തുമായി ഹോംസ്റ്റേ അസോസിയേഷനുമായി രണ്ടുകൂടിക്കാഴ്ചകള്‍ നടത്തിയതായും അവരുടെ പ്രതികരണം അനുകൂലമാണെന്നും ജികെ എസ് എഫ് ഡയറക്ടര്‍ യു.വി. ജോസ് അറിയിച്ചു. പ്രധാനമായും വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണ ജി കെ എസ് എഫ് വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിടുന്നത്. കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത ആഭ്യന്തര- അന്താരാഷ്ട്ര ടൂര്‍ ഓപ്പറേറ്റര്‍മാരിലൂടെ ജി കെ എസ് എഫിനെ വ്യാപകമാക്കാന്‍ ടൂറിസം വകുപ്പിനു പദ്ധതിയുണ്ട്. ഇവകൂടാതെ എയര്‍പോര്‍ട്ടുകളിലും റെയില്‍വെ സ്റ്റേഷനുകളിലും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും ജി കെ എസ് എഫിനെ കുറിച്ചുവിവരം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: