കുറെ പുഷ്പങ്ങള്‍ സമര്‍പ്പിക്കുകയോ പലതരത്തിലുള്ള ആരാധനാക്രമങ്ങള്‍ പാലിക്കുകയോ അല്ല ശരിയായ ആരാധന. ദൈവകല്പ്പനകളെ ആദരിച്ച് സാമൂഹ്യ മര്യാദകളെ വേണ്ടരീതിയില്‍ അനുഷ്ഠിക്കുന്നതാണ് ശരിയായ ആരാധനയായി കണക്കാക്കുന്നത്. പലരും വിചാരിക്കുന്നത് ദൈവത്തിന്റെ കീര്‍ത്തികളെ പ്രകീര്‍ത്തിക്കുന്ന ഭജനകള്‍ പാടുന്നതും ദൈവപ്രാര്ത്ഥനയും ആണ് പ്രധാനം എന്നാണ്. എന്നാല്‍ ദൈവത്തിന് ഇതില്‍ ഒന്നും ആവശ്യമില്ല. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് നിങ്ങള്‍ക്കുവേണ്ടി തന്നെയാണ് ദൈവത്തിന് വേണ്ടിയല്ല. ജപം, തപം, ധ്യാനം മുതലായവയെല്ലാം നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടി മാത്രമാണ്. വാസ്തവത്തില്‍ ഇതൊന്നും ദൈവാരാധനയല്ല. അവരവര്‍ ചെയ്യേണ്ട കര്‍മങ്ങള്‍ കൃത്യമായി വേണ്ടരീതിയില്‍ ചെയ്താല്‍ ദൈവം പ്രസാദിക്കും. നിങ്ങളുടെ നന്മ ആണ് ഓരോ നിമിഷവും ദൈവം ആഗ്രഹിക്കുന്നത്. നിങ്ങള്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ ശരിക്കും ചെയ്യുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ദൈവത്തിന്റെ സ്നേഹത്തിന് പാത്രീഭൂതരാകുന്നത്. നിങ്ങള്‍ ഉള്ളയിടങ്ങളിലെല്ലാം ദൈവവും ഉണ്ട്. ദൈവം എല്ലാം അറിയുന്നു. ദൈവം ഒരു സ്ഥലത്ത് മാത്രം ഇരിക്കുന്നു എന്ന് വിചാരിക്കുന്നതും അറിവില്ലായ്മകൊണ്ടാണ്. ദൈവം സത്യമാണ് – സത്യം വദ, ധര്‍മം ചര – സത്യവും ധര്‍മവുമാണ് ലോകത്തിന്റെ നിലനില്‍പ്പിന് ഏറ്റവും പ്രധാനം ഇത് രണ്ടും നിങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ എവിടെ പോകുകയാണെങ്കിലും അവ നിങ്ങളുടെ രക്ഷയ്ക്കെത്തും. നിങ്ങള്‍ സത്യത്തില്‍നിന്നും വ്യതിചലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെ സന്തോഷമുണ്ടാകും?
ഇക്കാലത്ത് മനുഷ്യന്റെ വിചാരങ്ങളും വാക്കുകളും പ്രവര്‍ത്തികളും അസത്യങ്ങള്‍, അധര്മങ്ങള് മുതലായവ കൊണ്ട് മലിനമാണ്. അതിനാല്‍ത്തന്നെ സന്തോഷകരമായ ജീവിതം നയിക്കുവാന്‍ സാധ്യമല്ലാതെവരുന്നു. ഭാരതത്തിന്റെ സംസ്കാരം തന്നെ പഠിപ്പിക്കുന്നത് ‘സത്യം ഭ്രൂയാത്, പ്രിയം ഭ്രൂയാത്, നഭ്രൂയാത് സത്യമപ്രിയ’ അസത്യവും അധര്‍മവും ലോകത്ത് ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വഴിയില്ക്കൂടിമാത്രം സഞ്ചരിക്കുക.
സത്യസായിബാബ
>> വിവ: ഡോ. സുഭദ്രാനായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: