ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയില്‍ യൂത്ത്കോണ്‍ഗ്രസ് അഴിഞ്ഞാട്ടം. രണ്ട് പോലീസുകാരും സ്ത്രീകളും കുട്ടികളുമടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. രണ്ടു വീടുകളും അക്രമിസംഘം തകര്‍ത്തു. യുത്ത്കോണ്ഗ്രസ്സുകാരോടൊപ്പം ഡിവൈഎഫ്ഐക്കാരുമുണ്ടായിരുന്നതായി പറയപ്പെടുന്നു.
പടിഞ്ഞാറെ കല്ലട നടുവിലക്കരയില്‍ വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. ഇവിടെ സിപിഎം പ്രാദേശികനേതാവിന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടികച്ചൂള പ്രവര്‍ത്തിക്കുന്നതുമായി ഉടലെടുത്ത തര്‍ക്കമാണ് തെരുവ് യുദ്ധത്തിലേക്ക് എത്തിയത്. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ എഎസ്ഐ ദേവരാജ്, പോലീസ് ഡ്രൈവര്‍ സാബു(38), ഇഷ്ടികകമ്പനി ഉടമ സുനിലിന്റെ ഭാര്യ നടുവിലക്കര കമലാലയത്തില്‍ ശ്രീജ(35), മക്കളായ ഗായത്രി(14), ഗംഗ(11), ഡിവൈഎഫ്ഐക്കാരായ നിഷാദ്(30), ആര്.സി. പ്രസാദ്(38), ബിജു(32), കോണ്‍ഗ്രസ് പ്രാദേശികനേതാവ് സുബ്രഹ്മണ്യന്റെ അച്ഛന് പുറത്തുംമുറി കിഴക്കതില്‍ ശ്രീധരന്(63), ഭാര്യ ലക്ഷ്മി(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സുനിലിന്റെ നടുവിലക്കരയിലുള്ള ഇഷ്ടികച്ചൂള പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് യൂത്ത്കോണ്‍ഗ്രസ് കമ്പനിപ്പടിക്കല്‍ സമരം നടത്തിവരികയായിരുന്നു. ഇതിനിടെ ഡിവൈഎഫ്ഐക്കാരുടെ പിന്‍ബലത്തില്‍ കഴിഞ്ഞരാത്രി ഇഷ്ടികച്ചൂള പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. ചൂള പ്രവര്‍ത്തിക്കുന്നതറിഞ്ഞ് രാത്രി 10.30ഓടെ സംഘടിതരായെത്തിയ യൂത്ത്കോണ്‍ഗ്രസ് സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.
തുടര്‍ന്നാണ് കോണ്‍ഗ്രസ് ഡിവൈഎഫ്ഐ സംഘം ആയുധങ്ങളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. സംഭവം അറിഞ്ഞെത്തി അക്രമികളെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെയാണ് പോലീസിന് പരിക്കേറ്റത്. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് സുബ്രഹ്മണ്യന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷാവസ്ഥ നിലനിന്ന ഇവിടെ രാത്രി വൈകി കൂടുതല്‍ പോലീസ് എത്തിയ ശേഷമാണ് അക്രമത്തിന് അയവുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ തൃദീപ്കുമാര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: