കാസര്‍കോട്: കാ സര്‍കോട് ജില്ലയ്ക്ക് പ്രത്യേക പോലീസ് സേന ആവശ്യമില്ലെന്ന് ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യന്. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ക്രമസമാധാന പാലനത്തിന് ആവശ്യത്തിന് പോലീസുണ്ടെന്നും പ്രത്യേകസേനയുടെ ആവശ്യമില്ലെന്നും ഡിജിപി പറഞ്ഞു. കാസര്‍കോട് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിച്ച ഡിഐജി ശ്രീജിത്ത് ജില്ലയുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക സേനയുടെ സേവനം ആവശ്യമാണെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടാഴ്ചമുമ്പ് ജില്ല സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനും പ്രത്യേക സേന നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടേയും സര്ക്കാറിണ്റ്റേയും നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഡിജിപിയുടെ പ്രസ്താവന. ഡിസംബര്‍ ആറിന് കാസര്‍കോട് മതതീവ്രവാദികള്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് അത് നടത്തുന്നവരാണ് തീരുമാനിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ പോലീസിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ കള്ളനോട്ട് സംഘങ്ങളുടെ വേരുകള്‍ സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തുമുണ്ട്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ചില ശക്തികളാണ് ഇതിനുപിന്നില്‍. അതിനെ വേരോടെ അറുക്കേണ്ടത് ആവശ്യമാണ്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കള്ളനോട്ട് കേസുകള്‍ എന്‍ഐഎക്ക് വിടുമോയെന്ന ചോദ്യത്തിന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചും എന്‍ഐഎ അന്വേഷിക്കുന്നത് എന്‍ഐഎയും അന്വേഷിക്കുമെന്നായിരുന്നു മറുപടി. സംസ്ഥാന പോലീസ് സേനയില്‍ ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ക്രമസമാധാനപാലനത്തിന് തടസം നേരിടുകയാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കാസര്‍കോടെത്തിയ ബാലസുബ്രഹ്മണ്യന് മധൂറ് ശ്രീമദനന്തേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് എസ്പി ഓഫീസില്‍ ജില്ലാ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: