ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗില്‍ നിന്നും കേന്ദ്രധനമന്ത്രി പി.ചിദംബരത്തില്‍ നിന്നും മൊഴിയെടുക്കണമെന്ന ആവശ്യം ബിജെപി അംഗങ്ങള്‍ ആവര്‍ത്തിച്ചു. ടു ജി ഇടപാട് അന്വേഷിക്കുന്ന സംയുക്തപാര്‍ലമെന്ററി സമിതിയോഗത്തിലാണ് അംഗങ്ങള്‍ വീണ്ടും ഇക്കാര്യമാവശ്യപ്പെട്ടത്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ചുവരുത്തണമെന്നാണ് അംഗങ്ങളുടെ ആവശ്യം. 36,000 കോടി രൂപയ്ക്ക് സ്പെക്ട്രം ലൈസന്‍സുകള്‍ വില്ക്കാന് കഴിയുമെന്ന് ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായി കെ.എം.ചന്ദ്രശേഖര്‍ ജെപിസി മുന്നാകെ വെളിപ്പെടുത്തിയിരുന്നു. 1600 കോടി രൂപയ്ക്കാണ് ലൈസന്‍സുകള്‍ വിറ്റഴിച്ചത്. ഉയര്‍ന്ന തുക ലഭിക്കുമെന്ന് അറിഞ്ഞിട്ടും പ്രധാനമന്ത്രിയും കേന്ദ്രധനമന്ത്രിയും എന്തുകൊണ്ട് കുറഞ്ഞ തുകയ്ക്ക് ലൈസന്‍സുകള്‍ വിറ്റഴിക്കുന്നതില്‍ നിന്ന് ടെലികോം മന്ത്രി എ.രാജയെ തടഞ്ഞില്ലെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും സാക്ഷിമൊഴിയെടുക്കാന്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ യോഗങ്ങള്‍ ബിജെപി ബഹിഷ്ക്കരിച്ചിരുന്നു. യോഗത്തിലേക്ക് വിളിച്ചുവരുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രത്യേക യോഗം ചേരാമെന്ന് സമിതി അധ്യക്ഷന്‍ പി.സി. ചാക്കോ തങ്ങള്‍ക്ക് ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ അടക്കമുള്ളവര്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ മുന്‍പ്രധാനമന്ത്രി വാജ്പേയിയേയും യോഗത്തില്‍ വിളിച്ചുവരുത്തണമെന്ന കോണ്‍ഗ്രസ് അംഗത്തിന്റെ ആവശ്യത്തിനെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചത് ബഹളത്തിനിടയാക്കി. പ്രധാനമന്ത്രിയെ യോഗത്തില്‍ വിളിച്ചുവരുത്താന്‍ സമിതി അധ്യക്ഷന്‍ പി.സി.ചാക്കോ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിനുള്ള ചോദ്യാവലി അയച്ചുകൊടുക്കാനാണ് ബിജെപിയുടെ നീക്കമെന്നറിയുന്നു.
ഇതിനിടെ രാജ്യത്തെ നിലവിലുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഒറ്റത്തവണ സ്പെക്ട്രം ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 31,000 കോടി രൂപ ഇതിലൂടെ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 4.4 മെഗാ ഹെട്സിന് മേല്‍ സ്പെക്ട്രം ഉപയോഗിക്കുന്ന ജിഎസ്എം ഓപ്പറേറ്റര്‍ കമ്പനികളില്‍ നിന്നാണ് ഈ നിരക്ക് ഈടാക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന സ്പെക്ട്രം ലേലം വഴിയാകും തുക പുതുക്കി നിശ്ചയിക്കുന്നത്. വിപണിയിലെ പ്രമുഖ കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡോഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ്, എംടിഎന്‍എല്‍, ടാറ്റ ടെലി സര്‍വീസസ് തുടങ്ങിയ കമ്പനികള്‍ക്ക് തീരുമാനം തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: