മുംബൈ: കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് റെക്കോഡ് നഷ്ടം. സാമ്പത്തിക ബാധ്യതയില്‍ അകപ്പെട്ടിരിക്കുന്ന കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 754 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഇത് കമ്പനിക്ക് കൂടുതല്‍ തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 469 കോടി രൂപയായിരുന്നു.
വരുമാനം 87 ശതമാനം ഇടിഞ്ഞ് 200 കോടി രൂപയിലെത്തി. ഒരു വര്‍ഷം മുമ്പിത് 155 കോടി രൂപയായിരുന്നു. കിങ്ങ്ഫിഷറിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത് വന്നയുടന്‍ തന്നെ കമ്പനിയുടെ ഓഹരിയില്‍ 39 ശതമാനം ഇടിവുണ്ടായി.
മാര്‍ച്ച് മുതലുള്ള ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കിങ്ങ്ഫിഷര്‍ ജീവനക്കാര്‍ നടത്തിയ സമരം ഒത്ത് തീര്‍പ്പായിട്ട് അധിക ദിവസം ആയിട്ടില്ല. സമരത്തെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടിയും വന്നു. മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാലും സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാലും കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈയിംഗ് ലൈസന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്പെന്റ് ചെയ്തിരിക്കുകയാണ്.
ഡിസംബര്‍ 31 ന് അകം ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ലൈസന്‍സ് നഷ്ടമാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി സമഗ്രമായ പദ്ധതി തയ്യാറാക്കി വരികയാണെന്ന് കിങ്ങ്ഫിഷറിന്റെ പ്രസ്താവനയില്‍ പറയുന്നു. ഈ ആഴ്ചതന്നെ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വാര്‍ത്തയുണ്ട്.
അതേസമയം കിങ്ങ്ഫിഷറിന് തുടര്‍ന്നും വ്യോമയാന മേഖലയില്‍ സജീവമാകാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ചിലരെങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൂടുതല്‍ നിക്ഷേപം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വിജയിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. കിങ്ങ്ഫിഷറിന്റെ ഓഹരികള്‍ വാങ്ങുന്നതിന് ആഗോള എയര്‍ലൈന്‍ കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: