മനസിനെ ജഡവസ്തുക്കളുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന സാഹചര്യമാണ് എല്ലായ്പ്പോഴും നമ്മുടെ ചുറ്റിലുമുള്ളത്. ശരീരം ആത്മാവാണെന്നു ധരിച്ചുവശരായിട്ടുള്ളവര്ക്ക് പെട്ടെന്നൊന്നും അതു വിട്ടുകളയാനാവില്ല. അതിനു നിരന്തര വിചാരശീലം വേണം. താന്‍ സച്ചിതാനന്ദവസ്തുവാണെന്നു ബോധിക്കാന്‍ പോന്ന സാഹചര്യം ലോകത്ത് വിരളമാണ്. ജഡഭാവത്തില്നിന്നും ചൈതന്യബോധത്തിലേക്ക് ഒറ്റച്ചാട്ടത്തിന് ഒരുവനും ചെന്നുപറ്റാനാവില്ല. തുടക്കത്തില്‍ മനസ് പലതില്‍ പറ്റിനില്‍ക്കാന്‍ മുതിരും. അതിന് വിഷയങ്ങളെ വിട്ടുനില്‍ക്കാനാവില്ല. വിഷയത്തെ വിട്ട മനസ് പിന്നെ മനസ്സല്ലാതെയാവും. ജഡം ചൈതന്യമാണെന്ന തെറ്റിദ്ധാരണയാണ് ഈ ലോകത്തിന്റെ ഇമ്മട്ടിലുള്ള നിലനില്‍പ്പിനാധാരം. ആ തെറ്റിദ്ധാരണ അകന്നെങ്കിലല്ലാതെ ലോകത്തിന്റെയും തന്റെയും സത്യസ്ഥിതി ബോദ്ധ്യപ്പെടില്ല. തെറ്റിദ്ധാരണ അകറ്റലാണ് വേദാന്തശാസ്ത്രങ്ങളുടെയെല്ലാം മുഖ്യലക്ഷ്യം. “അതസ്മിന്‍ തത് ബുദ്ധി” എന്നാണ് ഈ തെറ്റിദ്ധാരണ സംബന്ധിച്ച സാങ്കേതിക സംജ്ഞ. ‘അതല്ലാത്തതില്‍ അതെന്ന ബോധം!’ ഒന്നു മറ്റൊന്നായി അനുഭവപ്പെടുക. ഒന്നു മറ്റൊന്നായി ഭവിച്ചിരിക്കുന്നതായുള്ള ഈ ബോധത്തെയാണ് ‘അദ്ധ്യാസം’ എന്നു പറയുന്നത്. താദാത്മ്യം എന്നു പറയുന്നതും ഈ അദ്ധ്യാസത്തെത്തന്നെയാണ്. ‘രജ്ജുസര്പ്പന്ന്യായം’ കൊണ്ടാണു വേദാന്തം ഈ വിഷയത്തെ ഉദാഹരിക്കുന്നത്. തന്നെക്കുറിച്ച് തനിക്കറിയണം എന്നു തോന്നുന്നതുതന്നെ എന്തോ നേരിയൊരറിവ് ആ വിഷയത്തില്‍ തനിക്കുള്ളതിനാലാണ്. ഏതെങ്കിലും ഒന്നിനെപ്പറ്റി തനിക്ക് നന്നായി അറിയാമായിരുന്നുവെങ്കില്‍ പിന്നെയും അതറിയുവാന്‍ അയാള്‍ ശ്രമിക്കാറില്ല. ജിജ്ഞാസ അറിവില്നിന്നുമാണു തുടങ്ങുന്നതെന്നു സാരം. പൂര്‍ണമായ അറിവോടെ പ്രസ്തുത വിഷയത്തിലുള്ള ജിജ്ഞാസയും ശമിക്കുന്നു. കയറിനെ ശരിക്കും കണ്ടിരുന്നുവെങ്കിലും തീരെ കാണാതിരുന്നുവെങ്കിലും തനിക്കു ഭയമുണ്ടാകുമായിരുന്നില്ല. അതിനാല്‍ അബദ്ധമുണ്ടാക്കുന്ന തരത്തിലുള്ള ഭാഗികമായ അറിവില്നിന്നുമാണ് ദുഃഖം ഉദയം കൊള്ളുന്നത്. ആത്മാവിനെക്കുറിച്ച് ശരിക്കറിയാമെങ്കിലും, അല്പ്പവും അറിയില്ലെങ്കിലും ദുഃഖമുണ്ടാവുകയില്ല. അതുകൊണ്ട് ദുഃഖമുണ്ടാകുമ്പോള്‍ ധരിക്കണം, ആത്മാവിനെ സംബന്ധിച്ച്, തന്റെ സത്തയെ ആസ്പദമാക്കി എന്തോ ചില അഭ്യൂഹനിഷ്ഠമായ ധാരണകള്‍ തനിക്കുണ്ട്. മാത്രമല്ല, മോചനപ്രതീക്ഷ ഉണ്ടാകുന്നതുപോലും അതുകൊണ്ടാണ്. കയറില്‍ ആധാരമാക്കിയതു പാമ്പിനെയാണ്. അതുപോലെ ശരീരത്തില്‍ ആധാരമാക്കുന്നതു ആത്മാവിനെയാണ്.
അതുതന്നെയാണു ദുഃഖത്തിനു ഹേതുവും. കയറ് പാമ്പല്ലെന്നറിയാതെ ഭയം നീങ്ങാത്തതുപോലെ, ആത്മാവ് ശരീരമല്ലെന്നറിയാതെ സുഖം ഉണ്ടാകുകയില്ല. അതിനാല്‍ എന്നെക്കുറിച്ചുള്ള എന്റെ ഇപ്പോഴത്തെ ധാരണ അബദ്ധധാരണയാണ്.
അതുതന്നെയാണ് സംസാരം. എല്ലാ വിധത്തിലുമുള്ള പരിമിതികളില്‍ നിന്നും പുറത്തുവരിക. അതുതന്നെയാണ് മോക്ഷം! ശരീരമനോബുദ്ധികളുടെ താദാത്മ്യമില്ലാതെ വര്‍ത്തിക്കാന്‍ കഴിയുക. അതുതന്നെ മോക്ഷം! അല്ലെങ്കില്‍ മുക്തജീവിതം! ശരീരമനോബുദ്ധികളില്നിന്നും എന്നെ എങ്ങനെ പുറത്തുകൊണ്ടുവരാം – അഥവാ, പൂര്‍ണമായ സ്വാതന്ത്ര്യം എനിക്ക് എങ്ങനെ നേടാന്‍ കഴിയും? അതാണ് ഉപനിഷത്തു പറഞ്ഞുതരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: