കൊച്ചി: അരി വിപണിയില്‍ ഇന്ത്യ സര്‍വകാല റെക്കോര്‍ഡുകള്‍ പിന്നിടുന്നു. അരി വില വര്‍ധന, സംഭരണം, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ 2012 വര്‍ഷം ഇന്ത്യ വന്‍ മുന്നേറ്റമാണ് പ്രകടമാക്കിയിരിക്കുന്നത്. അനുകൂലമായ കാലാവസ്ഥയ്ക്കൊപ്പം കാര്‍ഷിക മേഖലയിലുണ്ടായ മുന്നേറ്റവും അരി-ഗോതമ്പ് ഉല്‍പ്പാദന മേഖലയില്‍ വന്‍ വളര്ച്ചയ്ക്കിടയാക്കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ 2012 വര്‍ഷം തളര്ച്ചയുടെതായി മാറുകയും ചെയ്തു.
ആഗോളതലത്തില്‍ അരി ഉപഭോഗത്തില്‍ മുന്‍പന്തിയിലായ ഇന്ത്യ അരി ഉല്‍പ്പാദനത്തിലും നീക്കിയിരിപ്പിലും സാമാന്യ നിലവാരമാണ് പുലര്‍ത്തിയിരുന്നത്. 6,60,000 ഹെക്ടര്‍ നെല്‍ വയലുള്ള ഇന്ത്യയില്‍ അരി ഉല്‍പ്പാദനം ശരാശരി ഹെക്ടര്‍ ഒന്നിന് 1715 കിലോ വാണെന്നാണ് കണക്കാക്കുന്നത്. ആഗോള ശരാശരിയെക്കാള്‍ കുറവാണിതെന്നാണ് കാര്‍ഷിക ഏജന്‍സികള്‍ പറയുന്നത്. 1980 കളിലെ ഹെക്ടര്‍ ഒന്നിന് ഉല്‍പ്പാദന ശരാശരി 1336 കിലോവില്നിന്ന് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും 50 ശതമാനം വര്‍ധനപോലും നേട്ടമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഏജന്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. കാര്‍ഷിക മേഖലയിലുണ്ടാകുന്ന തളര്‍ച്ചയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജലസേചന മേഖലയിലെ പിന്നോക്കാവസ്ഥയും പ്രോത്സാഹനമില്ലായ്മയുമാണ് ഇതിന് കാരണമായി പറയുന്നത്. ഇന്ത്യയില്‍ അരി ഉല്‍പ്പാദനമേഖലയില്‍ കാര്‍ഷിക ശേഷിയുടെ 50 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നാണ് ആഗോളതലത്തിലുള്ള റിപ്പോര്‍ട്ടുകളും വെളിപ്പെടുത്തുന്നത്. 1980 ല്‍ 53.6 ദശലക്ഷം ടണ്‍ അരി ഉല്‍പ്പാദിപ്പിച്ച ഇന്ത്യയില്‍ 1990 ലിത് 74.6 ദശലക്ഷം ടണ്ണായി മാത്രമാണ് വര്‍ധിച്ചത്. 2009 ലിത് 89.13 ദശലക്ഷം ടണ്ണായും ഉയര്‍ന്നു. 2012 ലിത് 104 ദശലക്ഷം ടണ്ണായി വര്‍ധിച്ചാണ് റെക്കോര്‍ഡിട്ടത്.
അരി സംഭരണത്തിലും നീക്കിയിരിപ്പിലും കഴിഞ്ഞകാലങ്ങളിലെ റെക്കോര്‍ഡുകള്‍ 2012 വര്‍ഷം തിരുത്തിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ 2012 വര്‍ഷം ഇതിനകം 30 ദശലക്ഷം ടണ്‍ അരിയാണ് സംഭരിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലിത് 24-25 ദശലക്ഷം ടണ്‍ വരെയായിരുന്നു. അടിയന്തര ഘട്ടങ്ങളിലേയ്ക്കായുള്ള അരി നീക്കിയിരിപ്പ് ശേഷിയിലും ഇന്ത്യയില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇരുമേഖലയിലും 2012 വര്‍ഷം റെക്കോര്‍ഡ് നിലവാരത്തിലാണ് പ്രകടനമുന്നേറ്റമെന്ന് വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
അരിവിപണിയിലെ വില വര്‍ധനവിലും ഇന്ത്യ 2012 ല്‍ റെക്കോര്‍ഡിട്ടു കഴിഞ്ഞു. ഉല്‍പ്പാദന-സംഭരണതലത്തില് വന്‍ മുന്നേറ്റം പ്രകടമാക്കുമ്പോഴും ആഭ്യന്തര മേഖലയില്‍ അരിവില കുതിച്ചുയരുകയാണെന്ന് വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നു. സര്‍ക്കാരിന്റെ അനിയന്ത്രിതമായ സംഭരണശൈലിയും കയറ്റുമതി നയങ്ങളും ഭരണ കേന്ദ്രങ്ങളുടെ നിഷ്ക്രിയത്വവും അഴിമതിയുമാണ് അരി വിപണിയിലെ വില കുതിപ്പിനിടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. 2007 ല്‍ കാലാവസ്ഥയിലുണ്ടായ മാറ്റത്തെത്തുടര്‍ന്ന് അരി ഉല്‍പ്പാദനത്തിലുണ്ടായ തളര്‍ച്ച മൂലം വിപണിയിലുണ്ടായ വില വര്‍ധന ഓരോ വര്‍ഷവും അനിയന്ത്രിതമായി തുടരുകയാണെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നത്. 2007 ല്‍ മൊത്ത വിപണിയിലെ അരി വിപണി വിലയെക്കാള്‍ 60-80 ശതമാനം വരെ ഉയര്‍ന്ന വിലയാണ് 2012 ലെതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ അരി വിപണിയില്‍ പുഴുക്കലരി വില 2007 ലെ കിലോയ്ക്ക് 14-17 രൂപയില്‍നിന്ന് 2012 ലിത് 28-30 രൂപയായാണ് വര്‍ധിച്ചത്. പച്ചരി വില 2007 ലെ 12-14 രൂപയില്‍നിന്ന് 2012 ല്‍ 22-26 രൂപയായും ഉയര്‍ന്നു കഴിഞ്ഞു. ഉല്‍പ്പാദന ചെലവിലും കടത്തുകൂലിയിലുമുണ്ടായ വര്‍ധനവാണ് വില വര്‍ധനയ്ക്കിടയാക്കിയതെന്നാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ വാദം. എന്നാല്‍ ഉല്‍പ്പാദന വര്‍ധനവിലും വിപണിയില്‍ വില വര്‍ധന തുടരുന്നത് സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തിലെ നയവൈകല്യത്തിന്റെ പ്രതിഫലനമാണ് വെളിപ്പെടുത്തുന്നതെന്ന് ഉപഭോക്തൃ സംഘടനകളും പറയുന്നു. അരിവില വര്‍ധനവില്‍ ഇന്ത്യന്‍ വിപണി റെക്കോര്‍ഡ് മുന്നേറ്റമാണ് പ്രകടമാക്കുന്നതെന്ന് വിവിധ കേന്ദ്രങ്ങളും വെളിപ്പെടുത്തുകയാണ്. ആഗോളതലത്തില്‍ അരി ഉപഭോഗ ജനതയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ അരിവില കുതിച്ചുയരുന്നത് സാധാരണ ജനങ്ങളുടെ ജീവിത ചെലവിലുണ്ടാകുന്ന വര്‍ധന അനിയന്ത്രിതമാണെന്നാണ് ജനങ്ങളും പറയുന്നത്.
അരി കയറ്റുമതിയില്‍ 2012 വര്‍ഷം ഇന്ത്യ വന്‍ മുന്നേറ്റമാണ് പ്രകടമാക്കിയിരിക്കുന്നത്. ലോകരാജ്യങ്ങളില്‍ അരി കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള തായ്ലന്റിനേയും വിയറ്റ്നാമിനേയും പിന്തള്ളി ഇന്ത്യ ഇതിനകം ഒന്നാം സ്ഥാനം നേടിക്കഴിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 വര്‍ഷം ഇന്ത്യയുടെ അരി കയറ്റുമതി പത്ത് ദശലക്ഷം ടണ്‍ പിന്നിടുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2007 ല്‍ അരി ഉല്‍പ്പാദനത്തിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് ബസുമതി അരി ഉള്‍പ്പെടെയുള്ള അരി കയറ്റുമതി നിരോധിച്ച ഇന്ത്യ അഞ്ച് വര്‍ഷത്തിനകം കയറ്റുമതി രംഗത്തുണ്ടാക്കിയ നേട്ടമാണിത് വെളിപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ ഏറെ ഡിമാന്റുള്ള ഇന്ത്യന്‍ ബ്രാന്‍ഡഡ് അരിയാണ് ബസുമതി അരി. 2011 ല്‍ 4.8 ദശലക്ഷം ടണ്‍ അരി കയറ്റുമതി നടത്തിയ ഇന്ത്യ 2012 ല്‍ ഇതിനകം 9.8 ദശലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്തതായാണ് കണക്ക് (ഓര്‍ഡറും ഷിപ്പ്മെന്റായി തയ്യാറാക്കിയതും ഉള്‍പ്പെടെ). തായ്ലന്റ് 2011 ല്‍ 11 ദശലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്തിരുന്നുവെങ്കില്‍ 2012 ലിത് 6.6 ദശലക്ഷം ടണ്ണായി കുറഞ്ഞു. വിയറ്റ്നാമാകട്ടെ 2011 ലും 2012 ലും 6.9 ദശലക്ഷം ടണ്‍ അരിയാണ് കയറ്റുമതി ചെയ്തത്. പാക്കിസ്ഥാന് 2011 ലെ 3.5 ദശലക്ഷം ടണ്‍ അരി കയറ്റുമതിയില്‍നിന്ന് 2012 ലിത് 3.8 ദശലക്ഷം ടണ്ണായി മാത്രമാണ് വര്‍ധിച്ചത്. അമേരിക്കയുടെത് 2011 ല്‍ 3.4 ദശലക്ഷം ടണ്ണില്‍നിന്ന് 3.6 ദശലക്ഷം ടണ്ണായാണ് വര്‍ധന. അരി കയറ്റുമതിയില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടം വരുംവര്‍ഷങ്ങളിലും തുടരുമെന്നാണ് കയറ്റുമതി വൃത്തങ്ങളുടെ വിലയിരുത്തല്‍.
അരി കയറ്റുമതിയുടെ വില നിലവാരത്തിലുണ്ടായ അന്തരം ഇതിനകം വിവാദമായിക്കഴിഞ്ഞു. ആഭ്യന്തര വിപണിവിലയെക്കാള്‍ ചിലയിനം അരിവില കുറഞ്ഞ നിരക്കിലാണ് കയറ്റുമതി ചെയ്യുന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
അരി കയറ്റുമതി വര്‍ധനയ്ക്കൊപ്പം ഗോതമ്പ് കയറ്റുമതിയിലും ഇന്ത്യ മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്. 2012 വര്‍ഷം 30 ലക്ഷം ടണ്‍ ഗോതമ്പാണ് ഇന്ത്യ കയറ്റുമതി ചെയ്യുക. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനത്തോളം അധികമാണിതെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നത്.
അരി-ഗോതമ്പ് ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം പ്രകടമാക്കിയ ഇന്ത്യയില്‍ 2012-13 ഉല്‍പ്പാദന വര്‍ഷത്തില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2011-12 വര്‍ഷം 257.44 ദശലക്ഷം ടണ്‍ ഉല്‍പ്പാദനത്തില്‍നിന്ന് 2012-13 വര്‍ഷമിത് 250 ദശലക്ഷമായി കുറയുമെന്നാണ് കണക്ക്. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളിലുണ്ടായ കാലാവസ്ഥാ മാറ്റത്തിലെ തിരിച്ചടിയാണ് ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകാനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: