മെല്‍ബണ്‍: രാജീവ് ഗാന്ധി വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ പൂഴ്ത്തിയെന്ന ആരോപണം മുന്‍ സിബിഐ ഓഫീസറും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ എം.കെ.നാരായണന് തള്ളിക്കളഞ്ഞു. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായൊരു തെളിവ് അന്നത്തെ ഐബി മേധാവി കൂടിയായിരുന്ന എം.കെ.നാരായണന് ഒളിപ്പിച്ചുവെന്ന വിവാദ വെളിപ്പെടുത്തലുമായി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കെ.രഘൂത്തമനാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് തനിക്കൊന്നും പറയാനില്ല. പുസ്തകം വിറ്റഴിക്കുന്നതിനുവേണ്ടിയാണ് ഇത്തരം പരാമര്‍ശങ്ങള്‍ എഴുതിയിരിക്കുന്നതെന്നും എം.കെ.നാരായണന് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായ കേസിനെക്കുറിച്ച് യാതൊരു പ്രതികരണത്തിനും താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീപെരുമ്പത്തൂരിലെ സംഭവസ്ഥലത്തേയ്ക്ക് രാജീവ് ഗാന്ധിയെത്തുന്നതിന് മുമ്പ് ബെല്‍റ്റ് ബോംബുമായി കാത്തുനില്ക്കുന്ന തനുവിന്റെ വീഡിയോ ദൃശ്യമാണ് മുക്കിയത്. ഇക്കാര്യം അറിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ടി.ആര്.കാര്ത്തികേയന് എം.കെ.നാരായണനെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
രാജീവ് ഗാന്ധി എത്തുന്നതിന് രണ്ടുമണിക്കൂറിന് മുമ്പ് തന്നെ ശിവരശനും സംഘവും പരിസരത്തുണ്ടായിരുന്നു. രാജീവ് ഗാന്ധി എത്തിയതിനുശേഷമാണ് തനു ആളുകള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയതെന്ന തമിഴ്നാട് പോലീസിന്റെ കള്ളവാദം തെളിയിക്കാനാണ് വീഡിയോ ദൃശ്യം ഒളിപ്പിച്ചതെന്ന് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവസ്ഥലത്ത് വച്ച് തനു ആരൊക്കെയായി സംസാരിച്ചുവെന്ന തെളിവും നശിപ്പിക്കണമായിരുന്നു. കേസ് ആദ്യം അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നിട്ടും കാര്ത്തികേയന് തന്നെ അവിശ്വസിച്ചുവെന്നും തെളിവ് നഷ്ടപ്പെട്ട കാര്യം അറിയിച്ചിട്ടും അതിനെ അവഗണിക്കുകയായിരുന്നുവെന്ന് രഘൂത്തമന് പറയുന്നു.
‘കോണ്‍സ്പിറസി ടു കില്‍ രാജീവ് ഗാന്ധി ഫ്രം സിബിഐ ഫയല്‍’ എന്ന രഘൂത്തമന്റെ പുസ്തകത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. തമിഴ്നാട് പോലീസില്‍നിന്നും ഐബി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വീഡിയോ ടേപ്പില്‍ കൃത്രിമത്വം നടന്നതായും പുസ്തകത്തില്‍ പറയുന്നു. തനു വേദിയിലുള്ള ചില ആളുകളുമായി സംവദിച്ചത് ആ സമയത്ത് കോണ്‍ഗ്രസിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ വീഡിയോ ടേപ്പ് ഒളിച്ച് വെച്ചതിലൂടെ ഇത്തരം തെളിവുകളാണ് പുറത്താകുന്നത്. നാരായണന് എന്തിനാണ് ഇങ്ങനെ ചെയ്തത്? ഗാന്ധി കുടുംബവുമായുള്ള വ്യക്തി ബന്ധം പോലും കണക്കിലെടുക്കാതെ കോണ്‍ഗ്രസിനെതിരായി ഇങ്ങനെ എന്തിനാണ് ചെയ്തത് എന്ന് കത്തില്‍ ചോദിക്കുന്നുണ്ട്.
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ എം.കെ.നാരായണന് മാധ്യമപ്രവര്‍ത്തകരോടാണ് പുസ്തകത്തിലെ വിവരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞത്. അന്വേഷണം മുഴുവന്‍ പൂര്‍ത്തിയായതാണ്. ഇതില്‍ പുതുതായി യാതൊന്നുമില്ലെന്നും എം.കെ.നാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: