ദല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ സുരേഷ് കല്‍മാഡിക്കും മറ്റുമെതിരെ എഫ്.ഐ.ആര് നല്കി കോമണ്‍വെല്‍ത്ത് അഴിമതി കേസ് ഫയലാക്കിയത് 18 പേരായിരുന്നു. അണ്ണാഹസാരെ, ബാബാരാംദേവ്, അരവിന്ദ് കേജ്രിവാള്, കിരണ്‍ബേദി എന്നിവര്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഈ കൂട്ടായ്മയുടെ രൂപ പരിണാമമാണ് ‘ഇന്ത്യ എതിര് അഴിമതി’ എന്ന സംഘടനയ്ക്ക് പിന്നിലുള്ളത്. ഇന്ത്യയുടെ പുരോഗതിയും അഴിമതിരഹിത സമൂഹവും ആഗ്രഹിക്കുന്ന ജനസഞ്ചയം പൊതുസമൂഹം ബീജാവാപം ചെയ്ത പ്രസ്തുത പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചവരാണ്. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, തുടങ്ങിയ പ്രശ്നങ്ങളുടെ പേരില്‍ പൊതു സമൂഹം ഇവരെ നെഞ്ചിലേറ്റി നടക്കുന്നു എന്നത് വര്‍ത്തമാന ചരിത്രമാണ്.
സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമേതെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം പൊതുരംഗത്തെ അഴിമതിയെന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എങ്ങനെ അഴിമതിയുടെ ആഴക്കയങ്ങളിലാണ്ടുപോയി എന്ന സമസ്യയ്ക്ക് ലഭിക്കുന്ന ഉത്തരവും ലളിതമാണ്. രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥസംവിധാനങ്ങളും അഴിമതിയുടെ കുഴലൂത്തുകാരായിത്തീര്ന്നതുകൊണ്ടാണ് നാടിന്ന് ഇപ്പോഴത്തെ ദുര്യോഗമുണ്ടായത്. ഇന്ത്യ തട്ടിപ്പിന്റെയും അഴിമതിയുടേയും പ്രശ്നങ്ങളുടേയും നാടായിട്ടാണ് ഇന്നറിയപ്പെടുന്നത്.
സുതാര്യതയും നന്മയും പ്രശ്നപരിഹാരം കണ്ടെത്തുകയുമൊക്കെ ചെയ്യുന്നവരുടെ നാടായി ഈ പുണ്യ ഭൂമി അറിയപ്പെടുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ അവസ്ഥ മറിച്ചാണ്. സ്വരാജും സുരാജും സ്വപ്നം കണ്ട സ്വാതന്ത്ര്യസമരസേനാനികളുടെ ആത്മാക്കള്‍ പൊറുക്കാത്തവിധം മൂല്യങ്ങളുടെ ശവപ്പറമ്പാണ് വര്‍ത്തമാന ഇന്ത്യ. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാനാകില്ല. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും അധികാര രാഷ്ട്രീയം ഒന്നടങ്കം അഴിമതിയുടെ കടന്നാക്രമണംകൊണ്ട് ഉഴറുകയാണ്.
സ്വതന്ത്ര ഇന്ത്യയുടെ ആറു പതിറ്റാണ്ടുകാലത്തെ പ്രയാണം നമ്മെകൊണ്ടെത്തിച്ചത് മൂല്യച്യുതിയുടെ ചതിക്കുഴികളിലേക്കാണ്. രാഷ്ട്രീയം മുതല്‍മുടക്കുള്ളതും, ലാഭം കൊയ്യേണ്ടതുമായ ഒരു വാണിഭ സംരംഭമായി മാറുന്ന ദുസ്ഥിതി തുടരാന്‍ നാം അനുവദിച്ചുകൂടാ. രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും മാഫിയാ സംഘങ്ങളും ചേര്‍ന്നുള്ള അവിശുദ്ധ ബന്ധത്തിന്റെ പരിണിത ഫലങ്ങളാണ് രാജ്യം നേരിടുന്ന ശോച്യാവസ്ഥയ്ക്കുള്ള ഒരു അടിസ്ഥാന കാരണം. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം എന്ന നിലയിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാറിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ്സാണ് ഈ തകര്‍ച്ചയ്ക്കുത്തരവാദികള്‍. നാടോടുമ്പോള്‍ നടുവേ ഓടുക എന്നതാണ് ഇക്കാര്യത്തില്‍ അനുഭവപ്പെടുന്ന പൊതുതത്വം. സേവനത്തിനുള്ള ഉപാധിയും രാഷ്ട്രത്തിനുവേണ്ടിയുള്ള സമര്‍പ്പണവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയാവണം. എന്നാല്‍ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. രാജനൈതിക രംഗത്തെ അപചയത്തിന്റെ ആഴക്കയങ്ങളാണ് പൊതുസമൂഹത്തെ അണ്ണാഹസാരെയിലേക്കും, ബാബാരാംദേവിലേക്കും കൊണ്ടെത്തിച്ചത്. അഴിമതി വിരുദ്ധ വികാരത്തെ പൂര്‍ണ്ണമായ തോതില്‍ ഒപ്പിയെടുത്ത് ഭരണകക്ഷിക്കെതിരേയുള്ള പോരാട്ടത്തില്‍ ശക്തമായ ഇന്ധനമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കൂടുതലായി കഴിയേണ്ടതായിരുന്നു. രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ അനുഭവജ്ഞാനമില്ലാത്ത അണ്ണാ-ബാബമാരെ പെട്ടെന്ന് തന്ത്രപൂര്‍വ്വം തട്ടിവീഴ്ത്താന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം പരാജയങ്ങളുടെ അടിസ്ഥാനകാരണം കണ്ടെത്തുന്നതിനുപകരം പ്രതിപക്ഷങ്ങളെകൂടി ആരോപണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് തൂക്കമൊപ്പിക്കാനാണ് അരവിന്ദ് കെജ്രിവാളുംമറ്റും ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ ഭരണതല അഴിമതിക്കാരെ രക്ഷപ്പെടാന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന സത്യം അവര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്റെ പഴയകാല ബിസിനസ്സുകളില്‍ പണ്ടെങ്ങോ അപാകത നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരേ കമ്പനി ലോ ബോര്‍ഡിനെ സമീപിക്കുന്നതിനുപകരം കോണ്ഗ്രസ്സിനൊപ്പമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കെജ്രിവാള് ശ്രമിച്ചത്.
വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രതിപക്ഷ രാഷ്ട്രീയത്തിനോ, പൊതുസമൂഹരാഷ്ട്രീയത്തിനോ പോരാടാന്‍ കഴിയുന്നതിനപ്പുറം സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റു അഴിമതിക്കെതിരേ ഇവിടെ പോരാട്ടം നടത്തിയിരിക്കുന്നു. പ്രധാനപ്പെട്ട കുംഭകോണങ്ങളില്‍ കോടതിയുടെ ഇടപെടല്‍ സമൂഹത്തിന് ഗുണപരമായി മാറിയിട്ടുണ്ട്. സി.എ.ജി, ദി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്, സെന്‍ട്രല്‍ ഇന്‍ഫൊര്‍മേഷന്‍ കമ്മീഷന് എന്നിവയുടെ ധീരമായ ഇടപെടലുകളാണ് ഭരണകൂട കൊള്ളകളുടെ ഭീകരവശം പുറംലോകത്തെ അറിയിച്ചത്. ഈ സ്ഥാപനങ്ങള്‍ ഭരണകൂടത്തിന്റെ കടുത്ത വെറുപ്പിനും ജനങ്ങളുടെ കൈയ്യടിക്കും ഒരേ സമയം പാത്രീഭവിച്ചിട്ടുണ്ട്. ടുജി സ്പെക്ട്രവും കല്‍ക്കരിപ്പാട ഇടപാടുമൊക്കെ രാജ്യത്തിന് കനത്ത നഷ്ടമുണ്ടാക്കിയ കാര്യം കാര്യകാരണ സഹിതം ജനങ്ങളെ അറിയിച്ചത് സി.എ.ജി. ആണ്. സി.എ.ജി.ക്കെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അക്രമസ്വഭാവത്തോടെ കൊലവിളി നടത്തിയതും ഇക്കാരണം കൊണ്ടാണ്. ഇന്നിപ്പോള്‍ സി.എ.ജി. (കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍) ശകാരത്തിനും, സി.വി.സി. (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്) അവഗണനയ്ക്കും, സി.ഐ.സി. (സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്) ഉന്മൂലന ഭീഷണിയ്ക്കും വിധേയമായിരിക്കുന്നു. ഈ ഉന്നത ഭരണഘടനാ സംവിധാനങ്ങള്‍ അധിക്ഷേപിക്കപ്പെടുന്നതില്നിന്നുതന്നെ നമ്മുടെ നാടിന്റെ അപചയവും, തകര്‍ച്ചയും വ്യക്തമാകുകയാണ്. സ്വതന്ത്രവും നിര്‍ഭയവും നീതിഭദ്രമായും പ്രവര്‍ത്തിക്കേണ്ട ഇത്തരം സ്ഥാപനങ്ങള്‍ക്കു നേരെ ചെളിവാരിയെറിയുകവഴി ക്യാബിനറ്റിന്റെയും കോണ്‍ഗ്രസ്സിന്റെയും കൈകളില്‍ ചെളിപുരണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ദ്വിതല പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. പ്രസ്തുത പോരാട്ടത്തില്‍ പൊതു സമൂഹത്തിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. മഹാത്മാഗാന്ധിജി നേതൃത്വം കൊടുത്ത പ്രസ്ഥാനം അഹിംസയില്‍ അധിഷ്ഠിതമായിരുന്നു. അവരുടെ സമരായുധം സത്യഗ്രഹമായിരുന്നു. ക്വിറ്റിന്ത്യാ പ്രക്ഷോഭം അഹിംസയിലൂന്നിയ ധര്‍മ്മസമരമായിരുന്നു. ബ്രിട്ടീഷുകാരെ മുട്ടുമടക്കിക്കുന്നതിലും കെട്ടുകെട്ടിക്കുന്നതിലും ഗാന്ധിയന്‍ സമരത്തിന്റെ സംഭാവന സുപ്രധാനമായിരുന്നു. എന്നാല്‍ പേശീബലത്തിന്റെയും, ആയുധങ്ങളുടേയും പിന്‍ബലത്തോടെ ബ്രിട്ടീഷുകാരെ അടിയറവ് പറയിക്കാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം കൊടുത്ത പോരാട്ടത്തിനും അതിന്റെതായ വിജയതലങ്ങളുണ്ടായിരുന്നു. 1946 ലെ ബോംബൈ നേവല്‍ കലാപത്തിനും ഗാന്ധിജിയന്‍ സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ മൂവ്മെന്റ് എന്നിവയേപ്പോലെ സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ അതിന്റെതായ പങ്കുണ്ട്.
അടിയന്തരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ലോക സംഘര്‍ഷ സമിതി നടത്തിയ പോരാട്ടത്തിന്റെ മര്‍മ്മം അഹിംസാ മാര്‍ഗ്ഗമായിരുന്നു. ഏകാധിപതിയായ ഇന്ദിരാഗാന്ധിയെ താഴെയിറക്കി ജനാധിപത്യം പുന:സ്ഥാപിക്കാന്‍ ആര്.എസ്.എസ്. നടത്തിയ വന്‍ വിപ്ലവം ജയിച്ചത് ഗാന്ധിയന്‍ അഹിംസാമാര്‍ഗ്ഗം അവലംബിച്ചുകൊണ്ടായിരുന്നു. അധികാര രാഷ്ട്രീയവും അതിനപ്പുറത്തുള്ള പൊതുസമൂഹ രാഷ്ട്രീയവും പോരാട്ടങ്ങളില്‍ ഐക്യപ്പെട്ടു മുന്നോട്ടു നീങ്ങിയ ചരിത്രമാണ് നമുക്കുള്ളത്.
അഴിമതിക്കെതിരായ ഇപ്പോഴത്തെ പോരാട്ടത്തില്‍ സര്‍ക്കാരിനെതിരെ പടയണിതീര്ക്കാന് പ്രതിപക്ഷത്തിന് കടമയുണ്ട്. ആ ദൗത്യം നിറവേറ്റുമ്പോള്‍ അതിനെ പിന്നില്‍നിന്ന് കുത്തിവീഴ്ത്താന്‍ കെജ്രിവാള്‍മാര്‍ ശ്രമിക്കരുത്. പ്രതിപക്ഷം സ്വയം അഴിമതിരഹിതമെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുകയും വേണം. പൊതു സമൂഹത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് അണ്ണാഹസാരെയും രാം ദേവും നടത്തുന്ന പോരാട്ടങ്ങളെ നിസ്സാരവല്ക്കരിക്കാന് പ്രതിപക്ഷ കക്ഷികളും ശ്രമിച്ചുകൂടാ. ഇവ രണ്ടും പരസ്പരപൂരകങ്ങളായി അഴിമതിക്കാരായ യുപിഎ ഭരണകൂടത്തിനെതിരെ പടയണി തീര്‍ക്കുകയാണ് വേണ്ടത്. സ്വാതന്ത്ര്യസമരത്തില്‍ ദ്വിമുഖ തന്ത്രങ്ങള്‍ പോരാട്ടങ്ങളായി ബ്രിട്ടീഷുകാരെ വലയം ചെയ്തതുപോലെ അഴിമതിക്കെതിരെ ദ്വിമുഖപോരാട്ടത്തിന് ബിജെപിയും പൊതുസമൂഹ പ്രസ്ഥാനങ്ങളും പരസ്പരപൂരകങ്ങളായി തയ്യാറാവുകയാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: