കോഴഞ്ചേരി : നെല്‍വയല്‍ സംരക്ഷണ നിയമം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി പ്രതിപക്ഷ നേതാവ്് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. വിമാനത്താവളത്തിനായി ആറന്മുളയില് നികത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച ആറന്മുള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എസ്.
വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താന്‍ അനുവദിക്കില്ല. വിമാനത്താവളത്തിനു വേണ്ടി നെല്‍വയല്‍ നികത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ആറന്മുള വിമാനത്താവളത്തിനായി നിലം നികത്താന്‍ ഇടതു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്കു കത്തു കൊടുക്കുക മാത്രമാണു ചെയ്തത്. കമ്പനിക്കു കൈവശാവകാശം നല്‍കിയില്ല. തണ്ണീര്‍ത്തടങ്ങളും മറ്റും നികത്തി വ്യവസായ ഭൂമിയാക്കാന്‍ ഉത്തരവിട്ടതു വ്യവസായ സെക്രട്ടറി ടി.ബാലകൃഷ്ണനാണ്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കെ 500 ഏക്കര്‍ വ്യവസായ ഭൂമിയാക്കി പ്രഖ്യാപിക്കുകയാണു ബാലകൃഷ്ണന് ചെയ്തത്.
എമെര്‍ജിങ് കേരള നിലംനികത്താന്‍ പ്രോത്സാഹിപ്പിക്കുന്നതായി വി.എസ്.അച്യുതാനന്ദന് കുറ്റപ്പെടുത്തി. മോണ്ടെക് സിങ് ആലുവാലിയ നിലം നികത്താന്‍ പരസ്യമായി ആഹ്വാനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഐക്കര ജങ്ങ്ഷനില്‍ നടന്ന പ്രതിഷേധ സമരത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, സുഗതകുമാരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: