ചങ്ങനാശ്ശേരി: എന്‍എസ്എസ് സര്‍ക്കാരില്‍ നിന്നും അനധികൃതമായി നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്എന്എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ് സര്‍ക്കാരില്‍ നിന്നും എന്തുനേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ആരോപണം ഉന്നയിക്കുന്നവരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍എസ്എസ് യൂണിയന് പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും 99-ാമത് വിജയദശമി നായര്‍ മഹാസമ്മേളനവും പെരുന്നയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിനോടുള്ള എന്‍എസ്എസ്സിന്റെ ആവശ്യം റിട്ട. മേജര്‍ ജനറല്‍ എസ്.ആര് സിന്ഷു അധ്യക്ഷനായ ദേശീയ കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പാക്കണമെന്നുള്ളതാണ്. സംവരണേതരവിഭാഗങ്ങളില് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലവസരങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പിലാക്കാന്‍ ഭരണഘടനാഭേദഗതി ആവശ്യമെങ്കില്‍ അതിനായി കാത്തുനില്ക്കാമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
എന്നാല്‍ സംവരണേതരവിഭാഗങ്ങളില് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ ക്ഷേമത്തിനായി ദേശീയതലത്തില്‍ ഒരു ക്ഷേമകോര്പ്പറേഷന് രൂപീകരിക്കണമെന്ന കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കാന്‍ സത്വനടപടി സ്വീകരിക്കണമെന്നുള്ളതാണ് എന്‍എസ്എസ്സിന്റെ മറ്റൊരാവശ്യം.
ഭൂരിപക്ഷവിഭാഗത്തിന് അര്‍ഹമായ നീതിനിഷേധിക്കുകയും ന്യൂനപക്ഷവിഭാഗത്തെ അനര്‍ഹമായി പ്രീണിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളാണ് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിന് വഴിയൊരുക്കിയത്. മത-സാമുദായിക-രാഷ്ട്രീയവിഷയങ്ങളില്‍ ഇരുസംഘടനകളുടെയും നിലവിലുള്ള നയങ്ങള്‍ തുടര്‍ന്നുകൊണ്ട് ഭൂരിപക്ഷ വിഭാഗത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്ന കാര്യത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ഈ ഐക്യത്തെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും എന്‍എസ്എസ് നേതാവ് വ്യക്തമാക്കി.
നായര്‍ സമുദായത്തോടുള്ള അവഗണനക്കെതിരെ രൂപംകൊണ്ട പ്രസ്ഥാനമാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി. 1913 ല്‍ ചങ്ങനാശ്ശേരിയില്‍ നടന്ന ശ്രീമൂലം തിരുനാള്‍ ആഘോഷവേളയിലാണ് സമുദായം അവഗണ നേരിടേണ്ടിവന്നത്. തിന്മക്കെതിരെ നന്മവിജയം വരിച്ച വിജയദശമിദിനത്തില്‍ സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ ദര്‍ശനങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊണ്ട് സംഘടനയെ ശക്തിപ്പെടുത്തുവാനും അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍ വിവാഹധൂര്‍ത്ത് അടക്കമുള്ള ദുര്‍വ്യയങ്ങള്‍ ഒഴിവാക്കണമെന്ന് സമുദായാംഗങ്ങളോട് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു.
എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷതവഹിച്ചു. എന്‍എസ്എസ് ട്രഷറര്‍ ഡോ.എംശശികുമാര്, എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സിലംഗം നെടുമങ്ങാട് ആര്. ഗോപാലന് നായര്‍, കരയോഗം രജിസ്ട്രാര്‍ കെ.എന്‍ വിശ്വനാഥപിള്ള, ചങ്ങനാശ്ശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ വൈസ്പ്രസിഡന്റ് വി.ജി ഭാസ്കരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: