കീറോ: ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അപമാനിച്ച ടെലിവിഷന്‍ അവതാരകന് തടവ് ശിക്ഷ. തൗഫിക് ഒകാഷയ്ക്കാണ് നാലുമാസത്തെ തടവ് ശിക്ഷ ലഭിച്ചത്. തന്റെ വാര്‍ത്താചാനലായ അല്ഫരീനിലെ ടോക്ഷോയ്ക്കിടെ മുര്‍സിയെ വധിയ്ക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് ഒകാഷയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ള കുറ്റം.
ചാനലില്‍ പരിപാടിയ്ക്കിടെ മുര്‍സിയും അദ്ദേഹത്തിന്റെ ഗ്രൂപ്പും മരണം അര്‍ഹിക്കുന്നുവെന്ന് ഒകാഷ പറഞ്ഞിരുന്നു. ഇതാണ് അദ്ദേഹത്തിന് ജയിലിലേയ്ക്കുള്ള വഴി തുറന്നത്. തടവ് ശിക്ഷയ്ക്കൊപ്പം നൂറ് ഈജിപ്ഷ്യന്‍ പൗണ്ട് പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിവാദമായ ടോക് ഷോയ്ക്ക് ശേഷം ഒകാഷ്ക്കെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ പരാതികള്‍ കോടതിയ്ക്ക് ലഭിച്ചിരുന്നു. മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റാണെന്നും അദ്ദേഹത്തെ അപമാനിയ്ക്കുക വഴി ഒകാഷ രാജ്യത്തെ ഒന്നാകെ അപമാനിച്ചിരിക്കുകയാണെന്നും പരാതിക്കാര്‍ കോടതിയെ അറിയിച്ചു. മുര്‍സിയെ കൊല്ലാന്‍ പ്രേരിപ്പിച്ചതിന്റെ പേരില്‍ ഒകാഷയ്ക്കെതിരെ മറ്റൊരു കേസ് കൂടി കോടതിയുടെ പരിഗണനയിലുണ്ട്.
ഈജിപ്തിലെ മുന്‍ ഭരണാധികാരി ഹോസ്നി മുബാറക്കിന്റെ കാലത്ത് ഒകാഷയ്ക്ക് ഭരണത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്നു. അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഒകാഷയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഒകാഷയുടെ ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും കോടതി ഇത് റദ്ദാക്കി ചാനലിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: