കടുത്തുരുത്തി: തുലാമഴ ശക്തമായതോടെ വിരുപ്പു കൃഷിയുടെ വിളവെടുപ്പിനായി കൊയ്ത്തു യന്ത്രം ലഭ്യമാക്കാന്‍ കര്‍ഷകര്‍ നെട്ടോട്ടത്തില്‍. യന്ത്രത്തിനായി കര്‍ഷകര്‍ പരക്കം പായുമ്പോഴും കുട്ടനാട് പാക്കേജിന്റെ ഭാഗമായി വാങ്ങിയ കൊയ്ത്തു യന്ത്രങ്ങള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കൃഷി വകുപ്പിനു കൈമാറുന്നില്ല. ഇതേസമയം ലക്ഷങ്ങള്‍ ചിലവിട്ടു വാങ്ങിയ കൊയ്ത്തു മെതി യന്ത്രങ്ങള്‍ മഴയും വെയിലുമേറ്റു തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയാണ് കടുത്തുരുത്തിയില്‍.
കൊയ്ത്തു യന്ത്രം ഇല്ലാത്തതുമൂലം വിരിപ്പു കൃഷിയുടെ വിളവെടുപ്പ് പലയിടത്തും വൈകുന്ന അവസ്ഥയുള്ളപ്പോളാണ് പലയിടത്തായി യന്ത്രങ്ങള്‍ ആര്‍ക്കും പ്രയോജനമില്ലാതെ കട്ടപ്പുറത്ത് വിശ്രമിക്കുന്നത്.
തുലാ മഴ ശക്തമായതോടെ എത്രയും വേഗത്തില്‍ കൊയ്ത്തു പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ലക്ഷങ്ങളുടെ നെല്ലാണ് നശിക്കുക. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കു വാങ്ങിയ 100 കൊയ്ത്തു യന്ത്രങ്ങളാണ് പല സ്ഥലങ്ങളിലായി വെറുതെ കിടക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിനുശേഷം രണ്ടുഘട്ടമായാണു കൊയ്ത്തു യന്ത്രം എത്തിച്ചത്. കുട്ടനാട് പാക്കേജ് അട്ടിമറിക്കുന്നതിനു വേണ്ടിയാണ് കൊയ്ത്തു യന്ത്രങ്ങള്‍ നല്‍കാതെ ഇട്ടിരിക്കുന്നതെന്നാണു കര്‍ഷകരുടെ ആരോപണം.
കുറവിലങ്ങാട്ടെ കോഴാ ഫാമില്‍ 20 കൊയ്ത്തു യന്ത്രങ്ങള്‍ എത്തിച്ചിരുന്നു. ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്തു തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ കര്‍ഷകര്‍ക്കാവിശ്യാമയ കൊയ്ത്തു യന്ത്രങ്ങല്‍ നല്കാന് ജില്ലാ പഞ്ചായത്തിനു കഴിയുന്നില്ല. പാടശേഖരങ്ങള്‍ക്കു നല്കാന് കൊയ്ത്തു യന്ത്രം ഇല്ലാത്തപ്പോഴാണ് 20 കൊയ്ത്ത് യന്ത്രങ്ങള്‍ കോഴായില്‍ വെറുതെയിട്ടിരിക്കുന്നത്.
ഇതേസമയം 28 ലക്ഷത്തോളം ചിലവഴിച്ചു ജില്ലാപഞ്ചായത്തു വാങ്ങിയ കൊയ്ത്തു മെതിയന്ത്രങ്ങള്‍ കടുത്തുരുത്തിക്കു സമീപം വാലാച്ചിറയില്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. വാലാച്ചിറയിലെ സര്‍ക്കാര്‍ സീഡ് ഫാമിന്റെ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന ആറു യന്ത്രങ്ങളാണ് മാസങ്ങളായി മഴയും വെയിലും കൊണ്ടു നാശാവസ്ഥയിലുള്ളത്. പ്രവര്‍ത്തന യോഗ്യമായ ആറു കൊയ്ത്തു മെതിയന്ത്രങ്ങള്‍ പടുത ഉപയോഗിച്ചു മുറ്റത്തു മറച്ച നിലയിലും തകരാറിലായ ഒന്ന് സീഡ് ഫാമിന്റെ പോര്‍ച്ചിലുമാണ് മാസങ്ങളായി സൂക്ഷിച്ചിരിക്കുന്നത്. 2008ലാണ് ജില്ലാ പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നു ലക്ഷങ്ങള്‍ ചിലവഴിച്ചു വാലാച്ചിറയില്‍ യന്ത്രങ്ങള്‍ എത്തിച്ചത്. ഒന്നു സീഡ് ഫാമിന്റെ ആവശ്യത്തിനായി നല്‍കിയതാണ്. എത്തിച്ചതിന്റെ പിറ്റേന്നുതന്നെ കല്ലറയിലെ പാടത്തു കൊയ്ത്തു കഴിഞ്ഞു സീഡ് ഫാമില്‍ എത്തിച്ച യന്ത്രം പിന്നീട് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. കൊയ്ത്തുമെതി യന്ത്രംതേടി കര്‍ഷകര്‍ നെട്ടോട്ടമോമ്പോഴും വര്‍ഷങ്ങളായി ഇവിടുത്തെ കൊയ്ത്തുമെതി യന്ത്രങ്ങള്‍ വെറുതെ കിടക്കുകയാണ്. പ്രദേശത്തെ വിവിധ പഞ്ചായത്തുകള്‍ക്കായി നല്കിയ കൊയ്ത്തു മെതി യന്ത്രങ്ങളാണ് ഫാമിന്റെ മുറ്റത്ത് വിശ്രമിക്കുന്നത്. സൂക്ഷിക്കാന്‍ സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞു പല പഞ്ചായത്തുകളും കൊയ്ത്തുമെതി യന്ത്രം ഫാമില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
ഗോഡൗണുകളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഇവിടെയും ഓഫീസ് മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന യന്ത്രങ്ങള്‍ പടുത ഉപയോഗിച്ചു വെറുതെ മൂടിയിട്ടിരിക്കുകയാണ്. വല്ലപ്പോഴും ആരെങ്കലുമെത്തി കൊയ്ത്തിനായി യന്ത്രങ്ങള്‍ കൊണ്ടു പോകൂന്നുണ്ടെങ്കിലും മാസങ്ങളോളം ഇവിടെ തന്നെ വിശ്രമിക്കാനാണ് യന്ത്രങ്ങളുടെ വിധി. 11,500 ഹെക്ടറോളം പാടത്താണ് കോട്ടയം ജില്ലയില്‍ നെല്‍കൃഷിയുള്ളത്. ഇത്രയും സ്ഥലത്തെ കൊയ്ത്തിന് 200ല്‍ കൂടുതല്‍ യന്ത്രങ്ങള്‍ വേണമെന്നാണ് പാടശേഖരസമിതികള്‍ പറയുന്നത്. ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും മറ്റു സ്വകാര്യ ഏജന്‍സികളുടെയും കൈവശമുള്ളത് ഏല്ലാംകൂടി കൂട്ടിയാലും 25 എണ്ണത്തോളമെ വരൂ. ഇതില്‍ തന്നെ പല യന്ത്രങ്ങളും തകരാറുള്ളവയാണ്.
കടം വാങ്ങിയും വീടും പറമ്പും പണയപെടുത്തിയും കൃഷിക്കിറങ്ങിയ കര്‍ഷകര്‍ യന്ത്രം ഇല്ലാതായതോടെ കൊയ്ത്തു നടത്താന്‍ തത്രപെടുന്ന കാഴ്ച്ചയാണ് ആരംഭത്തില്‍ത്തന്നെ കാണുന്നത്. അടുത്ത മാസത്തോടെ കൊയ്ത്തു വ്യാപകമാകുകയും യന്ത്രം കിട്ടാതെ വരുകയും ചെയ്യുമെന്ന ആശങ്കയിലാണു കര്‍ഷകര്‍. തമിഴ്നാട്ടില്‍നിന്നാണ് ഇപ്പോള്‍ സ്വകാര്യ ഏജന്‍സികള്‍ കൊയ്ത്തുയന്ത്രം കൊണ്ടുവരുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ കൊയ്ത്ത് നടക്കുന്നതിനാല്‍ ഇവിടെനിന്നു ഈ സമയങ്ങളില്‍ കൊയ്ത്തു യന്ത്രം കേരളത്തിലേക്കു എത്തില്ലെന്നു കര്‍ഷകര്‍ പറയുന്നു. യന്ത്രക്ഷാമം അനുഭവപ്പെടുമ്പോള്‍ കൂലി കൂടുമെന്നതും പ്രശ്നമാകും. തുലാമഴ ശക്തമായതോടെ യന്ത്രം കിട്ടാതെ കൊയ്ത്തു സമയത്തു പൂര്‍ത്തിയാക്കാനാവാതെ വരുന്നതു നെല്ല് നശിക്കുന്നതിനു കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: