ഇസ്ലാമാബാദ്: വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്സായിയെ ആക്രമിച്ച മുല്ല ഫസലുള്ളയെ വിട്ടുതരണമെന്ന് പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധി മാര്‍ക്ക് ഗ്രോസുമായുള്ള ചര്‍ച്ചക്കിടെ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിനായി അമേരിക്ക തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്നും ഹിന ആവശ്യപ്പെട്ടു.
പാക്കിസ്ഥാനില്‍ നടന്ന 15ഓളം ആക്രമണങ്ങളില്‍ ഫസലുള്ള മുഖ്യപ്രതിയാണ്. മുല്ല റേഡിയോ എന്നും ഫസലുള്ളയെ അറിയപ്പെടും. നിരോധിത ഭീകരസംഘടനയായ തെഹ്രിക് ഇ നഫാസ് ശരിയത് ഇ മുഹമ്മദി എന്ന സംഘടനയിലാണ് ഫസലുള്ള പ്രവര്‍ത്തിച്ചിരുന്നത്. ഫസലുള്ള ഉള്‍പ്പെടെ രണ്ടംഗ സംഘമാണ് കഴിഞ്ഞ ഒമ്പതിന് മലാലയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മലാല ലണ്ടനില്‍ ചികിത്സയിലാണ്.
അതേസമയം, മലാലയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയ മലാല ഉടന്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും അവര്‍ അറിയിച്ചു. ഒരാഴ്ച്ചയായി ആശുപത്രിയില്‍ കഴിയുന്ന മലാലയെ പിന്തുണച്ച് 4000ഓളം സന്ദേശങ്ങളാണ് ലഭിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംസാരിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: