തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവിക്ഷേത്രനടയില്‍ 111 കലാകാരന്മാരുടെ മേള പ്രമാണിയായി അണിചേര്‍ന്ന് നടന് പത്മശ്രീ ജയറാം നടത്തിയ പഞ്ചാരിമേളം തിങ്ങിനിറഞ്ഞ കാണികള്‍ക്ക് നാദവിസ്മയമായ വിരുന്നൂട്ടി.
നവരാത്രി ആഘോഷങ്ങളുടെ 7-ാം ദിവസമായ ഞായറാഴ്ച വൈകീട്ടാണ് ജയറാമിന്റെ നേതൃത്വത്തില്‍ ക്ഷേത്രം കിഴക്കെ നടപ്പുരയില്‍ പഞ്ചാരിമേളം അരങ്ങേറിയത്. സിനിമാതാരം മേള പ്രമാണിയായി 111 കലാകാരന്മാര് അണിനിരന്ന് നടത്തിയ പഞ്ചാരിമേളം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇതാദ്യമാണ്.
പഞ്ചാരിയുടെ പതികാലത്തില്‍ ആരംഭിച്ച് ചെണ്ടയില്‍ അഞ്ച് കാലങ്ങളിലേക്കും ക്രമേണ കൊട്ടിക്കയറിയ ജയറാമും സംഘവും രണ്ടര മണിക്കൂറോളം മേള പ്രേമികളില്‍ അമൃതമഴ പെയ്യിച്ചു. ക്ഷേത്രാങ്കണത്തില്‍ അലയടിച്ച പഞ്ചാരിയില്‍ തുലാവര്‍ഷവും ഒഴിഞ്ഞുനിന്നു.
മേളപ്രമാണിയായി ഇടംതലയില്‍ നിന്ന ജയറാമിനടുത്തായി ചോറ്റാനിക്കര സത്യന് നാരായണ മാരാര്‍, തിരുമറയൂര്‍ രാജേഷ്, എന്നിവരുള്‍പ്പെടെ 15 പേരാണ് ഉണ്ടായത്. വലംതലയില്‍ കുഴൂര്‍ ബാലന്, പള്ളിപ്പുറം ജയന്, തിരുവാങ്കുളം രഞ്ജിത്ത് എന്നിവരെയടക്കം 36 പേര് അണിനിരന്നു.
ഇലത്താളത്തിന് ചോറ്റാനിക്കര സുകുമാരന്‍, ചോറ്റാനിക്കര സുനില്‍, പറവൂര്‍ സോമന്, ചോറ്റാനിക്കര വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം 36 പേരാണ് ഉണ്ടായത്. കുഴല്‍ വാദ്യകുലപതിവാദ്യകലാരത്നകൊടകര ശിവരാമന് നായര്‍, പറവൂര്‍ പെരുവാരം സതീശന് തുടങ്ങി 15 പേര് അണിനിരന്നു. കൊമ്പ് വാദ്യത്തില്‍ പ്രസിദ്ധനായ വാദ്യകലാരത്നകുമ്മത്ത് രാമന് കുട്ടിനായര്‍, ഓടക്കാലി മുരളി, കുമ്മത്ത് ഗിരീഷ് ഉള്‍പ്പടെ 15 പേരും ചേര്‍ന്നു. സിനിമാതാരം നേതൃത്വം നല്കിയ പഞ്ചാരിമേളത്തിന് ആസ്വാദകരായി ക്ഷേത്രാങ്കണം തിങ്ങിനിറഞ്ഞാണ് കാണികളെത്തിയത്.
രാവിലെ അമ്പലപ്പുഴ തുളസിയുടെ സംഗീതാര്‍ച്ചന, ആനപ്പുറത്ത് ശിവേലി എഴുന്നള്ളിപ്പ്, കെ.ജി.ജയന്റെ (ജയവിജയ)അയ്യപ്പഗാനജ്യോതി, പത്മഭൂഷന്‍ ടി.എന്‍.കൃഷ്ണന്റെ വയലിന് കച്ചേരി എന്നിവയും ഉണ്ടായി. ദുര്‍ഗ്ഗാഷ്ടമി പൂജവെയ്പ് ഇന്ന് വൈകീട്ട് ക്ഷേത്രത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: