കൊച്ചി: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലേക്ക് പാക്കിസ്ഥാന് ബാങ്കുകളും കടന്നെത്തുന്നു. ഇസ്ലാമിക് ബാങ്കിങ്ങിന്റെ ചര്‍ച്ചകള്‍ നടന്നുവരവേയാണ് പാക്കിസ്ഥാനിലെ മുന്‍നിര ബാങ്കുകള്‍ ഇന്ത്യയിലേയ്ക്ക് കടന്നെത്തുന്നത്. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണത്തിന്റെ ചുവട് പിടിച്ച് വാണിജ്യ-വ്യാപാര കരാറുകള്‍ക്ക് പിന്നാലെയാണ് ബാങ്കിങ് മേഖലയിലും പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന് ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ നോഡല്‍ ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്കായി പാക്കിസ്ഥാന് ബാങ്കുകള്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ആഗോള ബാങ്കിംഗ് മേഖലയില്‍ ശക്തമായ അടിത്തറയും നിക്ഷേപക വിശ്വാസ്യതയും നിയന്ത്രണ സംവിധാനവുമുള്ള ശൃംഖലയാണ് ഇന്ത്യന്‍ ബാങ്കിംഗ് മേഖല. നാടിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം തൊഴിലവസരവും വാണിജ്യ-വ്യവസായ മേഖലകള്‍ക്ക് കരുത്തും പകരുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖല ആഗോളതലത്തില്‍ ഏറെ ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്കൊപ്പം രാജ്യതാല്‍പ്പര്യങ്ങളും കണക്കിലെടുത്ത് കൊണ്ടാണ് ഇന്ത്യന്‍ ബാങ്കിംഗ് രംഗം മുന്നേറ്റം പ്രകടമാക്കുന്നത്. 28 ദേശസാല്‍കൃത ബാങ്കുകളും 22 സ്വകാര്യ മേഖല ബാങ്കുകളും 40 വിദേശബാങ്കുകളും 2200 ഗ്രാമീണ ബാങ്കുകളുമായുള്ള വന്‍ ശൃംഖലയുടെ കരുത്താണ് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ അടിത്തറ. 13000 ത്തോളം ബാങ്കിംഗ് ശാഖകളും പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ഇന്ത്യന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ പ്രതിദിനം രണ്ട് ലക്ഷത്തിലേറെ പേരാണ് വിവിധതല ഇടപാടുകളുമായി ബന്ധപ്പെടുന്നത്. 40 ഓളം ലിസ്റ്റഡ് ബാങ്കുകളുടെതായി. 71 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ 75 ലക്ഷം കോടി രൂപയുടെതാണ് പ്രതിവര്‍ഷം നടക്കുന്ന ഇടപാട്. 2008 ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്കയിലെ 200 ലേറെ ബാങ്കുകള്‍ തകര്‍ന്നപ്പോഴും ബ്രിട്ടന്, ജപ്പാന്, ഇറ്റലി എന്നിവിടങ്ങളിലെ സാമ്പത്തിക തകര്‍ച്ചയില്‍ അവിടങ്ങളിലെ ബാങ്കിംഗ് മേഖല തളര്‍ന്നപ്പോഴും ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് കരുത്തും വളര്ച്ചയുമേകിയത് ശക്തമായ അടിത്തറയും നിക്ഷേപക വിശ്വാസ്യതയുമായി പന്തലിച്ചു ബാങ്കിംഗ് രംഗമായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിവര്‍ഷം ശരാശരി 10000 ത്തിലേറെ തൊഴിലവസരം സൃഷ്ടിക്കുകയും വായ്പാ-നിക്ഷേപ അനുപാതത്തിലൂടെ സാമൂഹിക മാറ്റങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്ന ബാങ്കിംഗ് രംഗം ഗ്രാമീണ മേഖലയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിക്കാനൊരുങ്ങുകയാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 43 ശതമാനം ജനങ്ങള്‍ മാത്രമേ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുന്നുള്ളൂവെന്നാണ് കണക്ക്. ആഗോളതലത്തിലിത് 60-68 ശതമാനം വരെയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് പലിശ രഹിത ഇടപാടുകളുമായി ശരിയത്ത് നിയമ സാധുതയോടെ കടന്നെത്താന്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഇസ്ലാമിക് ബാങ്കിംഗ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒരു വിഭാഗം ന്യൂനപക്ഷ മതവിഭാഗക്കാര്‍ ഇസ്ലാമിക് ബാങ്കിങ്ങിനായി രാഷ്ട്രീയ-സമ്മര്‍ദ്ദങ്ങള്‍ നടത്തിവരികയുമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായുള്ള ‘ഇന്ത്യന്‍ ബാങ്കിംഗ്’ സമ്പ്രദായത്തെ തകിടം മറിച്ച് കൊണ്ടുള്ള ഇസ്ലാമിക ബാങ്കിങ്ങിനെതിരെ ശക്തമായ പ്രതിഷേധവും സാമ്പത്തിക-ധനകാര്യ-വ്യാപാരമേഖലയില്നിന്നും ഇതിനകം ഉയരുകയും ചെയ്തിട്ടുണ്ട്. മതനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഇസ്ലാമിക ബാങ്കിങ്ങിന്റെ അനുമതിക്കായി നിലവിലുള്ള ബാങ്കിംഗ് നിയമങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ ആവശ്യമാണെന്നും ഒരേ രാജ്യത്ത് ബാങ്കിംഗ് മേഖലയില്‍ രണ്ട് നിയമങ്ങളെന്നത് അപ്രായോഗികമാണെന്ന റിപ്പോര്‍ട്ടുകളും വിവിധ കോണുകളില്‍നിന്ന് ഉയരുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക ബാങ്കിങ്ങിനെക്കുറിച്ച് കേന്ദ്ര ധനകാര്യവകുപ്പ് ആര്‍ബിഐയുമായി വിവിധതലങ്ങളില്‍ ചര്‍ച്ചകളും സാധ്യതകളും നടത്തിവരുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ വിദേശബാങ്കിംഗ് മേഖലകള്‍ കടന്നുവരുന്നതിന് 1993 ലാണ് ബാങ്കിംഗ് സെക്ടറില്‍ ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയത്. തുടര്‍ന്ന് രണ്ടുപതിറ്റാണ്ടിനകം 40 ഓളം വിദേശബാങ്കുകള്‍ ഇന്ത്യയില്‍ കടന്നെത്തുകയും ചെയ്തു കഴിഞ്ഞു. വര്‍ഷങ്ങളായി ആഭ്യന്തര ബാങ്കിംഗ് രംഗത്തെ തൊഴില്‍ സംസ്ക്കാരം നിക്ഷേപ സമാഹരണം, വില്പ്പനാശൈലി, പ്രവര്‍ത്തന രീതികള്‍ തുടങ്ങി വിവിധതല മത്സരങ്ങളിലൂടെ ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് വിദേശബാങ്കുകളുയര്ത്തുന്ന വെല്ലുവിളികളേറെയാണെന്ന് ആഭ്യന്തര ബാങ്കിംഗ് വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു.
കൂടാതെ സര്‍ക്കാരിന്റെ വായ്പ എഴുതിത്തള്ളലും വായ്പകളിലെ കിട്ടാക്കട വര്‍ധനവും വ്യാജ കറന്‍സി വ്യാപനവും ഭീകരബന്ധങ്ങളും സാമ്പത്തിക പരിഷ്ക്കരണങ്ങളും ആര്‍ബിഐ നിയന്ത്രണങ്ങളും ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങളും ഉളവാക്കി തുടങ്ങിയിട്ടുണ്ട്. ഇപ്രകാരം വിവിധതലങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലേയ്ക്കുള്ള പാക്കിസ്ഥാന് ബാങ്കുകളുടെ കടന്നുവരവ് സാമൂഹിക-സാമ്പത്തിക-വ്യാപാര ദേശീയ സംഘടനകള്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
പാക്കിസ്ഥാനിലെ മുന്‍നിര ബാങ്കുകളായ നാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാനും യുണൈറ്റഡ് ബാങ്ക് ലിമിറ്റഡുമാണ് ഇന്ത്യയിലേക്ക് കടന്നെത്താന്‍ ഒരുങ്ങുന്നത്. 2007 ല്‍ നാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാന് ഇന്ത്യയില്‍ ശാഖ തുടങ്ങുവാന്‍ നടത്തിയ ശ്രമം നയതന്ത്ര ബന്ധ തകരാറുകള്‍ മൂലം വിജയം കണ്ടില്ലെന്ന് പറയുന്നു. രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് ഇരുബാങ്കുകളും (എന്ബിപിയും, യുബിഎല്‍) സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാനില്‍നിന്ന് എന്‍ഒസി (നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) നേടിയത്. തുടര്‍ന്നാണ് ഇന്ത്യയില്‍ വാണിജ്യ ഇടപാടുകള്‍ നടത്താന്‍ അനുമതി തേടി യുണൈറ്റഡ് ബാങ്ക് ലിമിറ്റഡ് (യുബിഎല്‍) ഇന്ത്യയിലെ ആര്‍ബിഐ വൃത്തങ്ങളെ സമീപിച്ചത്. 1959 നവംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ യുബിഎല്ലിന്റെ പ്രധാന കേന്ദ്രം കറാച്ചിയാണ്. 1971 ല്‍ പാക്കിസ്ഥാന് യുബിഎല്‍ ബാങ്കിനെ ദേശസാല്‍ക്കരിക്കുകയും 2002 ല്‍ ഓഹരികള്‍ പൊതുവിപണിയില്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. ആര്‍ബിഐ അനുമതി ലഭിച്ചാല്‍ ഇന്ത്യയിലെ തലസ്ഥാന നഗരിയിലും വാണിജ്യ-വ്യവസായ നഗരിയിലു(ദല്‍ഹി-മുംബൈാമാണ് ആദ്യഘട്ടത്തില്‍ യുബിഎല്‍ ബാങ്കിംഗ് ശാഖകള്‍ തുടങ്ങുകയെന്നാണ് സൂചനകള്‍. നാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാന് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനെക്കുറിച്ചും മറ്റ് നിബന്ധനകളെക്കുറിച്ചും ആര്‍ബിഐ വൃത്തങ്ങളുമായി കത്തിലൂടെ വിവരശേഖരണവും നടത്തുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യക്കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണ് അതിര്‍ത്തി കടന്നുള്ള സാമ്പത്തിക ഇടപാട് കേന്ദ്രങ്ങളുടെ പ്രവര്ത്തനാംഗീകാരമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇപ്രകാരം ഇന്ത്യയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും പാക്കിസ്ഥാനില്‍ പ്രവര്‍ത്തനത്തിന് സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഈ ബാങ്കുകള്‍ക്കും ആര്‍ബിഐയുടെ എന്‍ഒസി ലഭിക്കണം. ഇതിനുള്ള കാലതാമസം എത്രയെന്നാണ് ബാങ്കിംഗ് വൃത്തങ്ങള്‍ വീക്ഷിക്കുന്നത്. നിലവില്‍ ദേശസാല്‍കൃത-സ്വകാര്യ വിദേശ ബാങ്കുകളിലെ എക്കൗണ്ടുകളിലൂടെ ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികം ലഭ്യമാകുന്നുവെന്ന ആരോപണമുയര്‍ന്ന ഘട്ടത്തില്‍ പാക്കിസ്ഥാന് ബാങ്കുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നത് മൂലമുള്ള ആഘാതത്തെ കുറിച്ചും ബാങ്കിംഗ്-സുരക്ഷ-ദേശീയ ഏജന്‍സികള്‍ വിശകലനം നടത്തുകയും ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: