പള്ളുരുത്തി: കൊച്ചിനഗരസഭയുടെ കീഴിലെ ആരോഗ്യകേന്ദ്രങ്ങളിലേയും, വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേയും, തെരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് കമ്മറ്റികള്‍ ഇതുവരെയും വിളിച്ചുചേര്‍ത്തിട്ടില്ലെന്ന് പരാതി.
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ നിയമമനുസരിച്ച് പൊതുജനആരോഗ്യ കേന്ദ്രങ്ങളിലും, പൊതുകേന്ദ്രങ്ങളിലും അവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായാണ് ഇത്തരം കമ്മറ്റികള്‍ സജീവമാക്കി നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശമുള്ളത്. മുമ്പ് ഇതിനെ അഡ്വൈസറി കമ്മറ്റികള്‍ എന്ന് പേരിട്ടിരുന്നുവെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ മാനേജ്മെന്റ് കമ്മറ്റി എന്നാക്കിമാറ്റുകയായിരുന്നു. പ്രദേശത്തെ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന വാര്‍ഡ് മെമ്പര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടന പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം ഈ കമ്മറ്റിയിലെ അംഗങ്ങളായിവരണമെന്നും നിയമമുണ്ട്. മാസത്തില്‍ ഒരിക്കല്‍ ഇത്തരം കമ്മറ്റികള്‍ ചേര്‍ന്ന് പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തണം. ആശുപത്രികള്‍ക്കായുള്ള സാമ്പത്തിക നിര്‍ദ്ദേശങ്ങളും മാനേജ് കമ്മറ്റിയാണ് പസ്സാക്കേണ്ടത്. കഴിഞ്ഞ രണ്ടുവര്‍ഷമായി മാനേജ്മെന്റ് കമ്മറ്റികള്‍ പ്രവര്ത്തിക്കുന്നില്ലായെന്നുള്ളത് അതിഗൗരവമുള്ള വിഷയമായാണ് വിലയിരുത്തപ്പെടുന്നത്. ആശുപത്രികളിലെ ഫണ്ട് അനുവദിപ്പിക്കുന്നതില്‍ ഇത്തരം കമ്മറ്റികള്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ ഗുരുതരമായ ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്. മാനേജ് കമ്മറ്റികള്‍ വിളിച്ചുചേര്‍ക്കണമെന്നും ഇതിനായി നഗരസഭാധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗവ.ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും അവിഹിത ഇടപെടലുകള്‍ നടത്തുന്നതിനുവേണ്ടിയാണ് നഗരസഭാധികൃതര്‍ മാനേജ് കമ്മറ്റികളെ നോക്കുകുത്തിയാക്കുന്നതെന്നാണ് പൊതുജന ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: