കോംഗോ: കോംഗോയില്‍ യുഎന്‍ സമാധാന സംഘത്തിലെ ആറ് ഇന്ത്യക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കോംഗോയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ സംഘടനയായ മൊനുസ്കോയിലെ അംഗങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.
വടക്കന്‍ കിവു പ്രവിശ്യയിലെ ബുഗാന്സയില് നാലു മൃതശരീരങ്ങള്‍ കണ്ടെത്തിയ പ്രദേശം സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന സംഘത്തെ ബുഗാന്സയ്ക്ക് സമീപം വച്ച് ആക്രമിക്കുകയായിരുന്നു. ദ്വിഭാഷിയുള്പ്പെടെ മറ്റ് 13 പേരും ഇവര്‍ക്കൊപ്പം സംഘത്തിലുണ്ടായിരുന്നു. ആക്രമണം കരുതിക്കൂട്ടിയുള്ളതായിരുന്നുവെന്ന് മൊനുസ്കോ മേധാവി റോജര്‍ മീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോംഗോ ഭരണാധികാരികളോട് ആവശ്യപ്പെടുമെന്നും റോജര്‍ മീസ് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയില്‍ ഇതേ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സമാധാന സംഘാംഗം കൊല്ലപ്പെട്ടിരുന്നു.
സേനവിട്ട അതേ വിമത സൈനികരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായ പ്രദേശമാണ് നോര്ത്ത്കിവ്, സൗത്ത് കിവു പ്രവിശ്യകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: