കൊല്ലം: 40 കോടിയോളം രൂപ മുടക്കി നാല് പഞ്ചായത്തുകളിലെ ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പട്ടാഴി കുടിവെള്ള പദ്ധതിയുടെ ടാങ്കിനോടും ശുദ്ധീകരണ പ്ലാന്റിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൂന്ന് വന്‍കിട പാറക്വാറികള്‍ അടച്ചുപൂട്ടണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ പട്ടാഴി പൂക്കുന്നമലയില് സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതിയുടെ 90 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായ സ്ഥിതിക്ക് അതാവശ്യമാണ്. തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, മെയിലം പഞ്ചായത്തുകള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണിത്.
രണ്ടുതവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഈ മേഖലയിലെ പാറപൊട്ടിക്കല്‍ പദ്ധതിക്ക് ഭീഷണിയാണ്. ശുദ്ധീകരണ പ്ലാന്റിനും പടുകൂറ്റന്‍ ജലടാങ്കിനും 200 മീറ്റര്‍ ഉള്ളിലാണ് ഈ ക്വാറികള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത്. ടാങ്കിന്റെയും ശുദ്ധീകരണ പ്ലാന്റിന്റെയും കോണ്‍ക്രീറ്റ് വേളയില്‍ പോലും മാരക സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിച്ചിരുന്നു. പദ്ധതിയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതിനാല്‍ ക്വാറികള്ക്കെതിരായി നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും രാധാകൃഷ്ണന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: