ആശ്രയിച്ചതിനെ ഒഴിവാക്കാന്‍ കഴിയാതെ വരുന്നത് ധ്യാനിക്കുന്നതുകൊണ്ടാണ്. ഇത് ഒരു വിരോധാഭാസമായി തോന്നാം. ഒഴിവാക്കാന്‍ ഒന്നുമില്ല ഉള്ളത് ബ്രഹ്മം മാത്രം. പിന്നെ എന്തിന് ധ്യാനം? ഏകാഗ്രതയെന്നും ഏകാന്തതയെന്നും മറ്റും മനസ്സിനെ കേന്ദ്രീകരിച്ച് പറയുന്നതാണ്. ഏകാന്തത എന്നത് കടന്നുപോകാനുള്ള ഒരു വാതിലാണ്. മനസും പൂര്‍ണമായി നിരുദ്ധമാകുമ്പോള്‍ അനന്തതയില്‍ പ്രവേശിച്ച് ആഭരണങ്ങളും സ്വര്ണവുംപോലെ ഒന്നാകുന്നു. എല്ലാം എന്നതില്‍ ഒന്നുമാത്രമേ ഉള്ളൂ എങ്കില്‍ ധ്യാനം ആവശ്യമില്ല. ജ്ഞാനിയാണ് അയാള്‍. ധ്യാനം എന്ന കര്‍മ്മം നഷ്ടപ്പെട്ട് പോയവന്. ബ്രഹ്മം എന്ന സ്വത്വം എവിടെയും സ്ഥിതിചെയ്യുന്നു എന്നറിയുന്നയാളാണ് ജ്ഞാനി.
തന്റെ പ്രയോജനകരമായ ഒരു നിമിഷത്തിനുവേണ്ടി മറ്റൊരാളിന്റെയോ, വസ്തുവിന്റെയോ സഹായം ആവശ്യമില്ലാതെയാകുക എന്നത് അജ്ഞാനികളെ സംബന്ധിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ല. അതേ സമയം ജ്ഞാനി ഉപേക്ഷിക്കാനും സ്വീകരിക്കാനും ഒന്നും ഇല്ല എന്നറിയുന്നവനാണ്. എല്ലാം അതിന്റെ ശരിയാവണ്ണം നടക്കുന്നു. ഓളങ്ങളുടെ ക്രമവും ആകൃതിയും ജലത്തെ ഒരു പുതിയ വസ്തുവാക്കുന്നില്ല എന്നതില്‍ ജ്ഞാനി സംശയിക്കുന്നില്ല. ഒരു പൂര്‍ണനായ മനുഷ്യന് ആനന്ദിക്കാനായി ഒന്നിനെയും തേടുകയോ പുതിയ അനുഭവങ്ങളെ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ ഒരു രീതിയിലും അയാള്‍ ദുര്ബലനാവുന്നില്ല. ദൗര്‍ബല്യം പുതിയ അനുഭവങ്ങള്‍ക്കായുള്ള ആശകളില്‍ കുരുങ്ങിക്കിടക്കുന്നു. ദൃശ്യങ്ങളുടെ അടിമയാകുന്നവരല്ല, ദൃശ്യങ്ങള്‍ക്ക് അപ്പുറമെത്തിയവരാണ് മഹാത്മാക്കള്‍.
ദൃശ്യങ്ങള്‍ നമ്മെ ചലിപ്പിക്കുന്നില്ല, തന്നെ മലീമസമാക്കുന്നില്ല. ലോകത്തിന്റെ ജനനത്തില്‍ ജ്ഞാനി മരിച്ചിരിക്കും. അയാള്‍ ഒന്നുനോക്കുമ്പോള്‍ത്തന്നെ ലോകവും മരിക്കും. അതാണ് അയാളുടെ നിത്യതയുടെ തെളിവ്. ലോകത്തിന് ജ്ഞാനിയില്ല, അതാണ് ജ്ഞാനിയുടെ മരണം. അല്ലാതെ ജ്ഞാനി മരിക്കുന്നില്ല. അയാളെ ആര്‍ക്കും അറിയാന്‍ കഴിയുന്നില്ല. ലോകത്ത് വര്‍ത്തിക്കുന്നു എന്ന് മറ്റുള്ളവര്‍ക്ക് തോന്നുമ്പോഴും ലോകം ഉള്ളില്‍ ഇല്ലാത്തവനാണ് ജ്ഞാനി. മഹാത്മാവ് ഒരിക്കലും അയഥാര്ത്ഥമായവകളില് ഇല്ല. വെളിച്ചം എങ്ങനെ ഇരുട്ടില്‍ നില്ക്കും. തന്റെ സ്വത്വത്തില്‍ താന്‍ മാത്രമല്ല വ്യാപ്തിയില്‍ ലോകം ഇല്ല, വേറിട്ടൊരു ലോകം നില്ക്കുന്നില്ല. എനിക്ക് പലതും ഇനിയും നേടാനുണ്ട്, എന്റേതുകളില് ഒന്നുപോലും ഇല്ലാതാകുകയും അരുത്. അതിനായിട്ടുള്ള എല്ലാ പരിശ്രമവും അഹന്തയുടെ സൃഷ്ടിയാണ്. ജ്ഞാനി അഹന്ത ത്യജിച്ചവനാണ്. അയാള്‍ക്ക് അതിനുവേണ്ടി പ്രത്യേക ക്രിയകളൊന്നും വേണ്ടിവന്നിട്ടില്ല. അത് സ്വയം ഒഴിഞ്ഞുപോയി. പിന്നെ അത് എവിടെ എന്ന് അറിയാന്‍ അയാള്‍ എന്തിന് ശ്രമിക്കണം. ഭ്രമാത്മകവും അസത്യവും ആണ് വ്യക്ത്യഹന്ത എന്ന് അറിയാതിരുന്നതുകൊണ്ടാണ് ഇത്രയും കാലം അതിന് നിലനില്ക്കാന് കഴിഞ്ഞത് എന്ന് അയാള്‍ക്കറിയാം. അഹന്തയെക്കുറിച്ച് ഒരാള്‍ എപ്പോള്‍ ബോധവാനാകുമോ അതാ പിന്നെ അതവിടെ ഇല്ല. അയാള്‍ പൂര്ണനായിക്കഴിഞ്ഞു. എങ്ങും നിറഞ്ഞുവിളങ്ങുന്ന ഉണ്മയാണ് പിന്നെ അയാള്‍. അതുകൊണ്ട് പേരും, പ്രസിദ്ധിയും, സ്ഥാനമാനങ്ങളും, മറ്റുള്ളവരുടെ അംഗീകാരവും ഒന്നും ഒരു ജ്ഞാനിക്ക് ആവശ്യമാകുന്നില്ല.
ഒരു സാധാരണ മനുഷ്യന് ആവശ്യങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കാതെ ജീവിക്കാന്‍ വിഷമമാണ്. അത് കര്‍മ്മവാസനാ രൂപത്തില്‍ അയാളില്‍ എല്ലാ അധാര്‍മികയും നിലനില്‍ക്കുന്നതിനാലാണ്. തിന്മയേയോ അസത്യത്തേയോ കൈവിടാന്‍ ആഗ്രഹങ്ങള്‍ സമ്മതിക്കുകയില്ല. സ്വാര്‍ത്ഥമോഹിയായ ഒരു മനുഷ്യന് ചില സന്ദര്‍ഭങ്ങളില്‍ നല്ലവനെപ്പോലെ പെരുമാറിയേക്കാം. എന്നാല്‍ അനുകൂലസാഹചര്യങ്ങളില്‍ അയാളുടെ വിഷയാസക്തി അബോധമനസില്‍ നിന്നും പൊന്തിവരുന്നത് കാണാം. അധികാരവും ധനവും ഒത്തുകൂടിയ ഒരാള്‍ അവിവേകി കൂടിയാണെങ്കില്‍ എന്ത് പ്രവര്‍ത്തിക്കും എന്ന് പറയാന്‍ കഴിയുകയില്ല. അയാളില്‍ വാസനാരൂപത്തില്‍ ഇരുന്ന എല്ലാ ദുര്‍വൃത്തികളും ബഹിര്ഗമിക്കാനുള്ള അവസരം പാര്‍ത്തിരിക്കുകയായിരുന്നു. സന്ദര്‍ഭം സമാഗതമായപ്പോള്‍ അവയെല്ലാം പുറത്ത് ചാടി, മറ്റുള്ളവര്‍ക്ക് എല്ലാ രീതിയിലുമുള്ള വിഷമങ്ങളെ സൃഷ്ടിക്കാന്‍ തുടങ്ങുന്നു. ഇതിനെ തിരിച്ചറിയാന്‍ പ്രാപ്തനാകാത്ത ഒരാളിന് ഇപ്പുറം പോകുക സാദ്ധ്യമല്ല. ഒരു മഹാത്മാവില്‍ കാരണ ശരീരം ശേഷിക്കാത്തതിനാല്‍ അയാള്‍ ഒന്നും സൃഷ്ടിക്കുകയോ ആവശ്യമാക്കുകയോ അതിനായി പരിശ്രമിക്കുകയോ ചെയ്യുന്നില്ല. അയാള്‍ സ്വയം പൂര്‍ണനാണ്; ദേഹത്തിനപ്പുറം ഉള്ള സത്ത അയാള്‍ ഒന്നും ചെയ്യുന്നില്ല. പ്രയോജനസഹിതമായിത്തീര്ന്ന പൂര്ണജ്ഞാനികളെ ലോകത്തില്‍ അപൂര്‍വമായിമാത്രമേ കാണൂ. പൂര്‍ണ പ്രജ്ഞാവാന്‍ കാലത്തിനപ്പുറം ആണ്. മനസ് ഉപരിതലത്തിലാണെങ്കില്‍ കാലവും ചലനവും തത്കാലനിലനില്പ്പും മാറ്റവും ഇല്ലായ്മവും ഉണ്ടാകലും ഉണ്ട്. ജനനവും മരണവും ജീവിതവും കാലദേശബദ്ധമായി ഉണ്ട് എന്ന് തോന്നും. ജനിച്ചു എന്ന് ജ്ഞാനി പറയുകയില്ല. ഞാന്‍ വളരുന്നു, യൗവനമാണ്, വയസായി ഇനി മരിക്കും ഇതൊന്നും ജ്ഞാനികള്‍ പറയുകയില്ല. എനിക്ക് രോഗം വന്നു, ഇപ്പോള്‍ ഞാന്‍ ആരോഗ്യവാനാണ്, ഇത്രയുംകാലം അവിടെയും ഇവിടെയും ജീവിച്ചു, ഇനി മറ്റൊരിടത്തേക്ക് എന്നു തുടങ്ങിയുള്ള ദേഹമനോബുദ്ധി ഇന്ദ്രിയാദികളുടെ ചലനവിശേഷങ്ങളെ സത്യമായി ഗണിച്ചുകൊണ്ടുള്ള ആശയപ്രകടനങ്ങളൊന്നും ഒരു ബ്രഹ്മനിഷ്ഠനില്നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അദ്ദേഹം അതിനെല്ലാം അപ്പുറമാണ്.
ആന്തരികമായി വീക്ഷിക്കുക. തന്റെ സ്വരൂപത്തിലേക്ക് ആഴ്ന്നുകഴിഞ്ഞാല് അത് നിശ്ചലവും കാലാതീതവും വ്യാപ്തവും സത്യവും ഒരിക്കലും മാറ്റമില്ലാത്തതുമായ സദ് വസ്തു തന്നെയാണ് എന്ന് ഉറപ്പാകും. ഈ ആത്മാവ് എങ്ങും ഒരുപോലെയുള്ള അരൂപിയാണ്. ഇതില്‍ സംശയമില്ലാ അപരിചിതനായ അവന് എന്നും അനുഭവത്തിലുള്ളവനുമാണ്. ഈ അറിവാണ് നിര്‍വൃതി. വിഷയരഹിതമായ ഒരു അനുഭവമാണ് ദൈവം. അനുഭൂതിയില്‍ എല്ലാ ശബ്ദങ്ങളും ബഹളങ്ങളും ആശയങ്ങളും വിചാരങ്ങളും നിന്നുപോകുന്നു. എല്ലാവിധ അനുഷ്ഠാനങ്ങളും യോഗമാര്‍ഗ്ഗങ്ങളും ധ്യാനവും നിശ്ചല തത്ത്വത്തില്‍ അഹന്തയുടെ ഇല്ലായ്മ അറിയുന്നതിനാണ് എന്നറിയുക, അതാണ് ദിവ്യമായ അവസ്ഥ. എല്ലാ ശ്രമങ്ങളും നിന്നുപോയ മൃദുലവെണ്മയാണ് സാത്വികം. ആത്മ വിഹായസ്സിന്റെ ചാരുതയാണ് ശുദ്ധസ്വത്വാവസ്ഥ. സങ്കല്പ്പിക്കുകയും, വികസിപ്പിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ് തൂവെണ്മപോലെ ആ പ്രശാന്തി നമ്മില്‍ തെളിഞ്ഞുനില്ക്കുന്നുണ്ട്. എന്നാല്‍ അത് നാം അറിയുന്നതിന് മുമ്പ് മനസ് അടുത്ത ഒരു വിഷയത്തെ നമ്മില്‍ സങ്കല്‍പ്പരൂപത്തില്‍ കൂട്ടിച്ചേര്ത്തുകഴിയും. അതാണ് മായാഗ്രസ്തമായ ജീവന്റെ ദുഃസ്ഥിതി. മനസ് സങ്കല്‍പ്പിക്കുമ്പോള്‍ത്തന്നെ വികസിപ്പിക്കുന്നു. അത് എല്ലാറ്റിനോടുമുള്ള സംശയത്തെ ഇളക്കിവിടുന്നു. എന്നാല്‍ നാം മനസിന്റെ ചെയ്തികളെ ശ്രദ്ധിക്കുന്നില്ല. അതിനെ സംശയിക്കുകയാണെങ്കില് അതിന് പിടിച്ചുനില്ക്കാന് കഴിയാതെ മറയുന്നത് കാണാം. ഉണ്ടെന്നും ഇല്ലെന്നും ഉള്ള അനുഭവവിശേഷങ്ങളില് മാറി മാറി സഞ്ചരിക്കുകയും അതുമൂലം ദുഃഖിക്കുകയും ചെയ്യുന്നവര്‍ക്ക് സമബുദ്ധി തന്നെയാണ് രക്ഷ.
സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: