പള്ളുരുത്തി: എളംകുളം വാര്‍ട്ടര്‍ ടാങ്കില്‍ നിന്നും എത്തേണ്ടകുടിവെള്ളം പള്ളുരുത്തി ഹഡ്കോടാങ്കിലേക്ക് എത്താതായതോടെ പള്ളുരുത്തി കടുത്തകുടിനീര്ക്ഷാമത്തിലേക്ക്. കുടിവെള്ളം കിട്ടാത്ത പരാതിയുമായി ജനപ്രതിനിധികളുടേയും വാട്ടര്‍ അതോറിറ്റിയുടേയും ഓഫീസുകള്‍ കയറിയിറങ്ങിയ വീട്ടമ്മമാര്‍ക്ക് കടുത്ത നിരാശബാക്കി.
വാട്ടര്‍ അതോറിറ്റി കൊച്ചി സബ്ഡിവിഷന്റെ കീഴിലുള്ളതാണ് പള്ളുരുത്തി ഹഡ്കോടാങ്ക്. ഏതാനും മാസങ്ങള്‍ മുമ്പുവരെ ദിനം പ്രതി 5 ദശലക്ഷം ലിറ്റര്‍ വെള്ളം ഇവിടേക്ക് ലഭിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ രണ്ടുദശലക്ഷം ലിറ്റര്‍ വെള്ളം പെട്ടെന്ന് കുറക്കുകയായിരുന്നു. ഇതോടെ പള്ളുരുത്തിയുടെ തെക്കന്‍ മേഖലകടുത്ത ദുരിതത്തിലായി. പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കോണം, കച്ചേരിപ്പടി തുടങ്ങിയ സ്ഥലങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. ആയിരക്കണക്കിനു വരുന്ന പ്രദേശവാസികള്‍ കുടിവെള്ളം കിട്ടാതെ നേട്ടോട്ടമോടുമ്പോഴും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല. സാധാരണഗതിയില്‍ പുലര്‍ച്ചെ മൂന്ന് മുതലാണ് എളംകുളം ടാങ്കില്‍നിന്നുള്ള പമ്പിങ്ങ് തുടങ്ങുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. എട്ടുമണിക്കുറോളം ഇത് തുടരും. എട്ടുമണിക്കൂര്‍ നേരം പമ്പിങ്ങ് തുടര്‍ന്നാല്‍ പള്ളുരുത്തി സോണല്‍ ഏരിയായില്‍ മുഴുവന്‍ സ്ഥലങ്ങളിലും വെള്ളം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നാലോഅഞ്ചോമണിക്കൂര് പമ്പിങ്ങ് നടത്തി ഇവിടേക്കുള്ള ജലവിതരണം അവസാനിപ്പിക്കുകയാണ്. ഇത് പ്രദേശത്തെ കടുത്തബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ച രാവിലെ പമ്പിങ്ങ് മൂന്നിലൊന്നായിവെട്ടിച്ചുരുക്കി. പള്ളുരുത്തിക്കാര്‍ക്ക് ഈ സമയം വെള്ളം ഒന്നിനും തികയാതെയുമായി. പമ്പിങ്ങ് സമയത്തുള്ള ജലചൂഷണമാണ് മറ്റൊരു വിപത്തെന്ന് വാട്ടര്‍ അതോറിറ്റി കരുവേലിപ്പടി സബ്ഡിവിഷന് അസി.എഞ്ചിനീയര്‍ ടെസ്സി പറഞ്ഞു. പമ്പിങ്ങ് സമയം മനസ്സിലാക്കി വ്യാപാര സ്ഥാപനങ്ങളും, വീട്ടുകാരും മോട്ടോര്‍ ഉപയോഗിച്ച് വന്‍തോതില്‍ ജലമൂറ്റുകയാണ്. ഇത് നിയന്ത്രിക്കാന്‍ നടപടിസ്വീകരിക്കും പ്രായോഗികമല്ലെന്ന് ഇവര്‍വ്യക്തമാക്കി. പലതവണ ഇത്തരക്കാരെ പിടികൂടി വന്‍ പിഴചുമത്തിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടല്‍ കൊണ്ട് ഇവര്‍ വീണ്ടും ജലചൂഷണം തുടരുകയാണ് ചെയ്തത്. ഇടക്കൊച്ചി പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമായ സമയങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട് ആഭാഗത്തെ കറണ്ട്കട്ടുചെയ്തപ്പോള് മുഴുവന്‍ സ്ഥലങ്ങളിലും വെള്ളം ലഭിക്കുന്നസാഹചര്യമുണ്ടായി ഇതൊന്നു മാത്രം മതി മോട്ടോര്‍ ഉപയോഗിച്ചുള്ള ജലചൂഷണം എത്രവ്യാപകമാണെന്നു കണ്ടെത്താന്‍. ജലഅതോറിറ്റിയുടെ സ്ക്വാഡ് വരും ദിവസങ്ങളില്‍ പള്ളുരുത്തി പ്രദേശത്ത് പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പള്ളുരുത്തി സോണല്‍ ഏരിയായിലേക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് നഗരസഭാംഗങ്ങളായ കെ.ആര്.പ്രേംകുമാര്‍, പി.ഡി.സുരേഷ് എന്നിവര്‍ സംസ്ഥാനജലസേചന മന്ത്രിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: