കൊച്ചി: ആയുര്‍വേദ ശാസ്ത്ര രംഗത്ത് മുന്‍പന്തിയില്‍ നില്കുന്ന തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജിന്റെ വികസനത്തിനായി വിവിധ പദ്ധതികള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കോളേജിനനുവദിച്ച ഡി-സ്പേസ് ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കും. നവംബര്‍ രണ്ടിനകം ആയുര്‍വേദ കോളേജിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗസ്തൗസില്‍ പ്രത്യേക യോഗം ചേര്‍ന്ന് പദ്ധതി രൂപീകരിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജ് വികസന സമിതി തീരുമാനമനുസരിച്ച് ബസ് വാങ്ങുന്നതിന് 18.31 ലക്ഷവും ആംബുലന്‍സ് വാങ്ങുന്നതിന് ഒന്‍പത് ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇവ രണ്ടും നവംബര്‍ രണ്ടിന് കോളേജിന് കൈമാറും.
സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകള്‍ക്കും ആശുപത്രികള്‍ക്കും സഹായമനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ആയൂര്‍-ആയൂഷ് പദ്ധതി പ്രകാരം സഹായം ലഭ്യമാക്കും. ഡി-സ്പേസ് ഡിജിറ്റല്‍ ലൈബ്രറി സംവിധാമുള്ള ആദ്യ സര്‍ക്കാര്‍ ആയുര്‍വേദ കോളേജാണ് തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ്. ആയുര്‍വേദത്തിലെ ഏറ്റവും പ്രാചീനമായ അഷ്ടാംഗഹൃദയം, ചരകസംഹിത തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ അത്യാധുനിക ലൈബ്രറി സംവിധാനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
കെല്‍ട്രോണ്‍ രൂപപ്പെടുത്തിയ ഡി-സ്പേസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 15 ലക്ഷം രൂപയാണ് ചെലവ്. വികസനവും സൗകര്യങ്ങളും വര്‍ദ്ധിക്കുന്നതോടൊപ്പം ജീവനക്കാരും ഡോക്ടര്‍മാരും കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്നും കെ.വി.തോമസ് കൂട്ടിച്ചേര്‍ത്തു.
ആയുര്‍വേദ കോളേജിന് അനുവദിച്ചിട്ടുള്ള ഡി-സ്പേസ് ഡിജിറ്റല്‍ ലൈബ്രറി സംവിധാനം ആയുര്‍വേദ ശാസ്ത്ര രംഗത്തെ ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ആയുര്‍വേദ ശാസ്ത്രത്തില്‍ പുത്തനുണര്‍വ് നമ്മുടെ രാജ്യം ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭാവനയാണ്. പുരാതനമായ ആയുര്‍വേദ ചികിത്സാ രീതികള്‍ താളിയോല ഗ്രന്ഥങ്ങളിലും മറ്റുമാണ് ശേഖരിച്ചിട്ടുള്ളത്. എന്നാല്‍ ആധുനിക യുഗത്തില്‍ ഡിജിറ്റല്‍ ലൈബ്രറി പോലുള്ള സംവിധാനത്തിലേക്ക് ഇത്തരം ശാസ്ത്ര രീതികള്‍ മാറുന്നത് വരും തലമുറയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ റിട്ടയേര്‍ഡ് എസ്എംഒ പി.എം.സദാശിവന് കോളേജിന് താളിയോലകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, തൃപ്പൂണിത്തുറ നഗരസഭ ചെയര്മാന് ആര്.വേണുഗോപാല്‍, കൗണ്‍സിലര്‍ ഇ.വി.കൃഷ്ണന്‍കുട്ടി, പ്രിന്‍സിപ്പല്‍ ടി.കെ.ഉമ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി.ഡി.ടോമി, പിടിഎ പ്രസിഡന്റ് എം.കെ.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: