കാസര്‍കോട് : ജില്ലയിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് ഉയര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ മതസൗഹാര്‍ദ്ദം ഉറപ്പിക്കാനെന്ന പേരില്‍ റാലിയുമായി സര്‍ക്കാര്‍ രംഗത്ത്. വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ നിന്നും കാസര്‍കോടിനെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ഇന്ന് പുതിയ ബസ്സ്റ്റാണ്റ്റ് പരിസരത്ത് നടക്കുന്ന മാനവ സൗഹാര്‍ദ്ദ റാലി കേന്ദ്ര ആഭ്യന്തര മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്. ക്രമസമാധാന പ്രശ്നങ്ങളിലും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലും ശക്തമായ നടപടികള്‍ എടുക്കുന്നതിന് പകരം റാലി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. കാസര്‍കോടിലെ വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിച്ച് ഡിഐജി ശ്രീജിത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ഒന്നു പോലും ഇതുവരെ നടപ്പിലാക്കാന്‍ ഭരണ കൂടത്തിന് കഴിഞ്ഞിട്ടില്ല. ൨൪ മണിക്കൂറും പ്രവര്‍ത്തനനിരതരായ എണ്ണൂറ് പേര് അടങ്ങിയ ആധുനിക സേനായൂണിറ്റ് ജില്ലയുടെ സവിശേഷ സാഹചര്യത്തില്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടത് മുസ്ളിം ലീഗ് നേതൃത്വത്തിണ്റ്റെ സമ്മര്‍ദ്ദ ഫലമായിട്ടായിരുന്നു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ കര്‍ശനമാക്കി ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ കഴിയാത്തതാണ് വര്‍ഗിയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാണണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോടിലെ ഗുരുതരമായ സ്ഥിതിവിശേഷമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജില്ലയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ തള്ളപ്പെടുകയോ അന്വേഷണം മരവിപ്പിക്കുകയോ ചെയ്യുന്നത് പതിവായിരിക്കുകയാണ്. സമീപ കാലത്ത് നടന്ന നിരവധി സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. മൊഗ്രാല്‍ പുത്തൂരില്‍ പട്ടികജാതി കോളനിയിലെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളുമുള്‍പ്പെടെയുള്ളവരെ ആക്രമിച്ച കേസില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കാഞ്ഞങ്ങാട് കലാപം, മീപ്പുഗിരി ക്ഷേത്രത്തില്‍ പോത്തിണ്റ്റെ തല കൊണ്ടിട്ട വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടിയത്, സദാചാര പോലീസ് ചമഞ്ഞ് തൃക്കരിപ്പൂരിലെ രജിലേഷിനെ ലീഗുകാര്‍ കൊലപ്പെടുത്തിയ സംഭവം, യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണന് കൊല്ലപ്പെട്ട സംഭവം തുടങ്ങിയവയില്‍ അന്വേഷണം നിലച്ച മട്ടാണ്. കാസര്‍കോട് എസ് പി ഓഫീസിണ്റ്റെ പരിസരത്ത് അന്യമതസ്ഥരുടെ വാഹനങ്ങള്‍ ലീഗ് ക്രിമിനലുകള്‍ തീവെച്ച് നശിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണെങ്കിലും പോലീസ് ഗൗരവത്തിലെടുക്കുന്നില്ല. ലീഗ് ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പോലീസ് മറ്റ് വിഭാഗങ്ങളെ കള്ളക്കേസുകളില്‍ കുടുക്കുന്നതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗണേശനിമഞ്ജന ഘോഷയാത്രക്കുനേരെ മേല്‍പ്പറമ്പില്‍ നടന്ന അക്രമത്തിലെ പോലീസ് നടപടി ഇതാണ് വ്യക്തമാക്കുന്നത്. ഘോഷയാത്രയെ സോഡാകുപ്പിയും മാരകായുധങ്ങളുമായി അക്രമിച്ചവര്‍ക്കെതിരെ നിസാര വകുപ്പിന് കേസെടുത്ത പോലീസ് ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കുനേരെ വര്‍ഗീയ സംഘര്‍ഷത്തിനാണ് കേസെടുത്തത്. യുഡിഎഫ് ഭരണത്തിനു കീഴിലെ സാമുദായിക വിഭജനം കാസര്‍കോട് നടപ്പിലാക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ഏറ്റവുമൊടുവിലായി നബിദിനത്തില്‍ നടത്തിയ പട്ടാള മാര്‍ച്ചിനെതിരെ എടുത്ത രാജ്യദ്രോഹക്കേസും അവസാനിപ്പിക്കാനുള്ള ഘട്ടത്തിലാണ് പോലീസ്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും മൂന്ന് പ്രതികളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഈ കേസ് അട്ടിമറിക്കാന്‍ ലീഗിന് സഹായകമായത് വര്ഗീയതയ്ക്കെതിരെയെന്ന് പറഞ്ഞ് ചെന്നിത്തല നടത്തിയ യാത്രയും. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ലീഗ് പ്രഖ്യാപിച്ച സി ഐ ഓഫീസ് മാര്‍ച്ച് ചെന്നിത്തലയുടെ യാത്ര നടക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് മാറ്റുകയായിരുന്നു. ഇനി അറസ്റ്റുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുതന്നതിനാലാണ് മാര്‍ച്ച് ഉപേക്ഷിച്ചതെന്ന് അന്ന് ലീഗ് പരസ്യമായി പറഞ്ഞിരുന്നു. വര്‍ഗ്ഗീയ കേസുകള്‍ക്ക് കാരണം മുസ്ളിം ലീഗാണെന്ന് അടുത്തിടെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനമുയര്‍ത്തിയിരുന്നു. ലീഗ് ധാര്‍ഷ്ട്യത്തിനുമുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കുന്നുവെന്നും ചെന്നിത്തല ഉദ്ഘാടനം ചെയ്ത പഠനക്യാമ്പില്‍ വിമര്‍ശനമുയര്‍ന്നു. കലാപക്കേസുകളിലടക്കം ലീഗിനെതിരെ ജനവികാരം ഉയരുന്ന സാഹചര്യത്തില്‍ നടപടികള്‍ക്കു മുതിരാതെ സൗഹാര്ദ്ദറാലി നടത്തി കൈകഴുകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലീഗ് നേതാക്കളെ അണിനിരത്തി റാലി നടത്തി മത വര്‍ഗ്ഗീയതയ്ക്ക് ഒത്താശ ചെയ്തവരെ വെള്ള പൂശാനുള്ള ശ്രമമാണ് നടക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: