എരുമേലി/മുണ്ടക്കയം: കഴിഞ്ഞദിവസം ഉണ്ടായ കനത്തകാറ്റിലും മഴയിലും മുണ്ടക്കയത്തും എരുമേലിയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. മരങ്ങള്‍ കടപുഴകിവീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. നിരവധി റബര്‍ മരങ്ങള്‍ കടപുഴകി. എരുമേലിയില്‍ നാലോളം വീടുകള്‍ ഭാഗികമായും, നിരവധിപേരുടെ കൃഷിയും നശിച്ചു. കളപ്പുരയ്ക്കല്‍ മാത്യു, വരിക്കമാക്കല്‍ കുരുവിള, ജോസുകുട്ടി, കോട്ടയില്‍ സുരേന്ദ്രന് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. തെക്കേപ്പാട്ട്, മോഹനന്, ജോയി മുത്തിയപ്പാറ, ജോയി, ജോസ്, സുരേന്ദ്രന് എന്നിവരുടെ കൃഷികളും തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരം 5മണിയോടെ കണ്ണിമല മേഖലയിലാണ് കാറ്റും മഴയുമുണ്ടായത്.
മുണ്ടക്കയം മേഖലയില്‍ ശക്തമായി വീശിയ കാറ്റില്‍ വന്‍ നാശനഷ്ടം. കഴിഞ്ഞദിവസം പുഞ്ചവയല്‍ 504 മേഖലയില്‍ വീശിയടിച്ച കാറ്റില്‍ പതിനൊന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വാഴ, മരച്ചീനി, റബ്ബര്‍, പ്ലാവ്, തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചു. തകര്‍ന്ന വീടുകള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടവും കൃഷിക്ക് പതിമൂന്ന് ലക്ഷം രൂപയുടെ നഷ്ടവും അധികൃതര്‍ വിലയിരുത്തി.
504 കോളനി, നാലാം നിലയ്ക്കല്‍ നാരായണന്, കോണാട്ട് പറമ്പില്‍ കുട്ടപ്പന്, ഇടപ്പനവീട്ടില് പൊന്നമ്മ, ചെറുവള്ളി ഉമ്മര്‍, ശാരദചന്ദ്രന്‍, ഇടപറമ്പില്‍ പൊന്നമ്മ, ഇലവുങ്കല്‍ പ്രകാശ്, ഇടത്തറവീട്ടില്‍ ശശി, പുത്തന്‍വീട്ടില്‍ സിബി, കുളംപള്ളിയില്‍ കുട്ടപ്പന്, ചിരട്ടപ്പനയ്ക്കല് തങ്കപ്പന് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പന്തല്ലൂപറമ്പില്‍ ജോബിയുടെ ഇരുപത്തിരണ്ട് റബ്ബര്‍മരങ്ങള്‍, മൂന്ന് തൊട്ടിയില്‍ ചന്ദ്രന്റെ പതിനഞ്ച് റബ്ബര്‍, നാല് പ്ലാവ്, പുളി എന്നിവയും മാടപ്പള്ളി ശ്രീധരന്റെ മുപ്പത് റബ്ബര്‍, പത്ത് ആഞ്ഞിലിയും കടപുഴകി വീണു. തേക്കുംതോട്ടം പൗലോസിന്റെ നൂറ് ഏത്തവാഴയും പുരപ്ലാക്കല് കുട്ടിയമ്മയുടെ അമ്പത് വാഴകളും കാറ്റത്ത് ഒടിഞ്ഞുപോയി. സംഭവസ്ഥലം ജില്ലാ പഞ്ചായത്ത് അംഗം അനിതാ ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ രാജു, ജനപ്രതിനിധികളായ മാത്യു തോമസ്, ബിന്ദു ബിജു, സി.സി. തോമസ്, കൃഷി ഓഫീസര്‍ സിന്ധു കെ.മാത്യു വില്ലേജ് ഓഫീസര്‍ ബെന്നി എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: