ന്യൂദല്‍ഹി: പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനായി റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായതെന്ന് ധനകാര്യ മന്ത്രി പി.ചിദംബരം. ദല്‍ഹിയില്‍ നടക്കുന്ന ഇക്കണോമിക് എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പരിഷ്കരണം കൂടാതെ ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ചിദംബരം അഭിപ്രായപ്പെട്ടു. പരിഷ്കരണത്തിന്റെ അഭാവമാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണം. ഇത് കൂടാതെ ഒരു വലിയ ജനതയ്ക്ക് വേണ്ടി തൊഴില്‍ സൃഷ്ടിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ച പഴയ നിലയിലെത്തിക്കാന്‍ നിക്ഷേപം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും, രൂപയുടെ മൂല്യത്തകര്‍ച്ച തടയേണ്ടതുണ്ടെന്നും ചിദംബരം പറഞ്ഞു. നിക്ഷേപത്തേയും വ്യാപാരത്തേയും രൂപയുടെ മൂല്യത്തകര്‍ച്ച പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ വിനിമയ നിരക്കില്‍ സ്ഥിരത നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന, രാസവള, ഭക്ഷ്യ സബ്സിഡികള്‍ മൂലം അധിക സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടായതെന്നും സാമ്പത്തിക രംഗത്തെ മാന്ദ്യം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴാന്‍ ഇടയാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കുറിച്ച് ആര്‍ക്കും ശുഭാപ്തി വിശ്വാസം ഇല്ലെന്നും ചിദംബരം പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനായി വിജയ് കേല്‍ക്കര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് കൂടുതല്‍ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി 5.8 ശതമാനത്തില്‍ നിന്നും 5.1 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2007-08 ല്‍ ഇന്ത്യയുടെ നിക്ഷേപ നിരക്ക് 38 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 32 ശതമാനമായി താഴ്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: