കൊച്ചി: രാജ്യത്തെ സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോര്‍ഡ് സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായി ലഭ്യമാക്കിവരുന്ന ഹൈദരാബാദ് ആസ്ഥാനമായ നെക്സ്റ്റ് എഡ്യുക്കേഷന്‍ അടുത്ത 4 വര്‍ഷത്തിനകം 500 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം 100 കോടി രൂപയായിരുന്നു വിറ്റുവരവെന്ന് നെക്സ്റ്റ് എഡ്യുക്കേഷന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രവീന്ദ്രനാഥ കമത്ത് പറഞ്ഞു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലായി 5000-ത്തിലേറെ സ്കൂളുകള്‍ക്കാണ് നെക്സ്റ്റ് എഡ്യുക്കേഷന്റെ സേവനം ഇപ്പോള്‍ ലഭിച്ചുവരുന്നത്. നാല് വര്‍ഷത്തിനകം സ്കൂളുകളുടെ എണ്ണം 10,000 ആയി വര്‍ധിക്കുന്നതാണ്. 6 മുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്ന സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായാണ് ലേണ്‍ നെക്സ്റ്റ് എന്ന പാഠ്യ ക്രമം നെക്സ്റ്റ് എഡ്യൂക്കേഷന്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഈയിടെ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്കായും ലേണ്‍ നെക്സ്റ്റ് പുതിയ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടു.
ലേണ്‍ നെക്സ്റ്റ് വ്യക്തിഗത ഉപയോഗത്തിനുള്ള സോഫ്റ്റ്വേറാണെങ്കില് ക്ലാസ് റൂമുകളിലേക്കായി ടീച്ച്-നെക്സ്റ്റ് എന്ന ഡിജിറ്റല്‍ പഠനോപാധിയും നെക്സ്റ്റ് എഡ്യൂക്കേഷന്‍ ലഭ്യമാക്കുന്നുണ്ട്. കേരളത്തില്‍ 400 സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കാണ് ഇപ്പോള്‍ നെക്സ്റ്റിന്റെ സേവനം ലഭിച്ചുവരുന്നതെന്ന് രവീന്ദ്രനാഥ കമ്മത്ത് പറഞ്ഞു. നാല് വര്‍ഷത്തിനകം 600 സ്കൂളുകള്‍ക്ക് പഠന സഹായി ലഭ്യമാക്കും. ഒരു ക്ലാസിന് പ്രതിമാസം 6000 രൂപയാണ് പ്രതിഫലമായി നെക്സ്റ്റ് എഡ്യൂക്കേഷന്‍ നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: