ചെന്നൈ: മണ്ണ് ഖാനനക്കേസില് മുന്‍ ഡിഎംകെ മന്ത്രിയും നേതാവുമായ കെ. പൊന്മുടിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിഎംകെ സര്‍ക്കാരില്‍ ഖാനി മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു പൊന്മുടി.
അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ വില്ലുപുരത്തില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് പൊന്മുടിയുടെ മകന് ഗൗതം സിഗമണിക്കും ചില അടുത്ത ബന്ധുക്കള്‍ക്കും ചെമ്മണ്ണ് ഖാനനം ചെയ്യാന്‍ ലൈസന്‍സ് ലഭിച്ചിരുന്നു. എന്നാല്‍ ഖാനനത്തിന്റെ ഭാഗമായി സര്‍ക്കാരിലേക്ക് പണമടക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാരിന് 28 കോടി രൂപ നഷ്ടം വന്നുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്മേലാണ് പൊന്മുടിയുടെ അറസ്റ്റ്.
എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് പൊന്മുടിയുടെ വാദം. 2007ല്‍ പൊന്മുടി ഖാനി മന്ത്രിയായിരിക്കെയാണ് ഗൗതം സിഗമണിക്കും ബന്ധുക്കള്‍ക്കും മണ്ണ് ഖാനനത്തിനുള്ള ലൈസന്‍സ് ലഭിച്ചത്. ആഗസ്റ്റില്‍ ഭൂമി കയ്യേറ്റക്കേസിനും പൊന്മുടിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ജാമ്യത്തിലിറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: