ന്യൂദല്‍ഹി: സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കേന്ദ്ര കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ മാപ്പു പറഞ്ഞു. സംഭവം ഏറെ വിവാദമായിരുന്നു. മഹിള സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് മന്ത്രി മാപ്പ് പറഞ്ഞത്. ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ വിജയത്തെ തുടര്‍ന്ന് നടത്തിയ ഉപമയാണ് ജയ്സ്വാളിനെ വിവാദത്തില്‍ കുടുക്കിയത്. വിജയങ്ങള്‍ ആസ്വദിക്കണമെങ്കില്‍ അത് എപ്പോഴും പുതുമയുള്ളതായിരിക്കണം. ഇതുപോലെ തന്നെയാണ് ഭാര്യമാരും. കാലം ചെല്ലുംതോറും രണ്ടിന്റെയും പുതുമ നഷ്ടപ്പെടും. പഴയ വിജയങ്ങളും പഴയ ഭാര്യമാരും ഒട്ടും ആസ്വാദ്യമല്ല. തിങ്കളാഴ്ച്ച സ്വന്തം മണ്ഡലമായ കാണ്‍പൂരില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ജയ്സ്വാള്‍ ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്.
വിവാദ പരാമര്‍ശത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ദേശീയ വനിത കമ്മീഷന് അദ്ധ്യക്ഷ മമത ശര്‍മ്മ ജയ്സ്വാളിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനോട് ആവശ്യപ്പെടുമെന്നറിയിച്ചു. ഇതിനിടെ മഹിളാസംഘം പ്രവര്‍ത്തകര്‍ കാണ്‍പൂരില്‍ മന്ത്രിയുടെ കോലം കത്തിച്ചു. വിവാദം കത്തികയറിയതോടെ ജയ്സ്വാള്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ജയ്സ്വാളിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതായി എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: