ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി എല്ലാ മോഡല്‍ വാഹനങ്ങള്‍ക്കും വില ഉയര്‍ത്തുന്നു. 5,250 രൂപ വരെയാണ് വര്‍ധനവ് വരുത്തുന്നതെന്ന് ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി വക്താവ് അറിയിച്ചു. വിദേശ വിനിമയത്തിലെ ചാഞ്ചാട്ടങ്ങളും ഉത്പാദന ചെലവിലുണ്ടായ വര്‍ധനവുമാണ് വില ഉയര്‍ത്താന്‍ കാരണം. 2500 രൂപ മുതല്‍ 5,250 രൂപ വരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്.
2.04 ലക്ഷത്തില്‍ തുടങ്ങി 17.5 ലക്ഷം രൂപ വരെ വില വരുന്ന വിവിധ മോഡല്‍ കാറുകളാണ് മാരുതി വിപണിയിലിറക്കിയിരിക്കുന്നത്. വിവിധ കാരണത്താല്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മായങ്ക് പരീഖ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
കൂടാതെ കൂടുതല്‍ വിപണികളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കുന്നതിനും മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്. മാരുതിയ്ക്ക് പുറമെ ഹോണ്ട കാര്‍സ്, ജനറല്‍ മോട്ടോഴ്സ്, ഔഡി ഇന്ത്യയും വാഹന വില ഉയര്‍ത്തിയിരുന്നു.
ഹോണ്ടയുടെ ബ്രിയോ, ജാസ്, സിറ്റി മോഡലുകള്‍ക്ക് 2.6 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. ഈ വര്‍ധനവ് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി ക്യു 3 മോഡലിന് 50,000 രൂപ വരെയാണ് ഈ മാസം മുതല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ടാറ്റാ മോട്ടോഴ്സ് കോമ്പാക്ട് കാറായ ഇന്‍ഡിക ഇവി2വിന്റെ വിലയില്‍ 23,000 രൂപയുടെ കുറവ് വരുത്തിയിരുന്നു. നവീകരിച്ച പതിപ്പ് പുറത്തിറക്കുന്നതിനെ തുടര്‍ന്നാണ് വില കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: