ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുന്നതിനായി മിച്ച ഭൂമി വില്‍ക്കുന്നതിന് കേന്ദ്രം തയ്യാറാകുന്നു. വിജയ് കേല്‍ക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുന്നതിനാണ് കേന്ദ്രം തയ്യാറായിരിക്കുന്നത്. നിഷ്ക്രിയ ആസ്തി എന്ന് കണക്കാക്കപ്പെടുന്ന ഭൂമി വില്ക്കുകയോ പാട്ടത്തിന് കൊടുക്കുകയോ വഴിയായി അധിക വരുമാനം ആര്‍ജിക്കുന്നതിന് സാധിക്കുമെന്നാണ് കേല്‍ക്കര്‍ സമിതിയുടെ വിലയിരുത്തല്‍. കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഉടന്‍ തന്നെയാണ് ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
മിച്ച ഭൂമി പാട്ടത്തിന് നല്കുമ്പോള് വാടക പലപ്പോഴും വിപണി മൂല്യവുമായി യോജിച്ച് പോകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പാട്ടക്കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈവശാവകാശം തിരിച്ച് പിടിക്കുകയെന്നതും കഠിനമായ ജോലിയാണെന്നാണ് സര്‍ക്കാരിന്റെ വാദം.
അതേപോലെ തന്നെ 50 കോടിയില്‍ അധികം വിപണി മൂല്യമുള്ള ഭൂമി വില്‍ക്കുന്നതിന് കാബിനറ്റിന്റെ അനുമതിയും ആവശ്യമാണ്. വിപണി മൂല്യം 50 കോടിയില്‍ താഴെയാണെങ്കില്‍ ഓണ്‍ ലൈന്‍ ലേല നടപടികളിലൂടെയായിരിക്കും വില്പന നടത്തുക. വിമാനത്താവളങ്ങള്‍, റെയില്‍വേ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയോട് ചേര്‍ന്ന് ഉപയോഗ്യ ശൂന്യമായി കിടക്കുന്ന ഭൂമി പണമാക്കി മാറ്റി സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാണ് ശ്രമം.
നഗര പ്രദേശങ്ങളില്‍ റയില്‍വേയ്ക്ക് മാത്രമായുള്ള ഇത്തരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന 10,000 ഏക്കര്‍ ഭൂമിയില്‍ നിന്നും 50,000 കോടി രൂപ ആര്‍ജിക്കാന്‍ സാധിക്കുമെന്നാണ് കേല്‍ക്കര്‍ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നത്. ഇതേപോലെ പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 258,000 ഏക്കര്‍ ഭൂമിയില്‍ 50,000 ഏക്കര്‍ വാണിജ്യാവശ്യങ്ങള്‍ക്കായി നീക്കിവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: