ന്യൂദല്‍ഹി: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടു വന്ന 5 കോടി രൂപ കവര്‍ന്ന കേസില്‍ 4 പേര് കൂടി അറസ്റ്റിലായി. ദല്‍ഹിയിലെ പല ഭാഗങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. മൂന്ന് പേര് ഞായറാഴ്ച്ച അറസ്റ്റിലായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് 2.36 കോടി രൂപ പോലീസ് പിടിച്ചെടുത്തിരുന്നു. മോഷ്ടിക്കപ്പെട്ട തുകയില്‍ ഭൂരിഭാഗവും കണ്ടെത്തിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. ദൃക്സാക്ഷികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചക്കാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഐസി ഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ പണം നിറക്കാന്‍ വാനിലെത്തിയവരാണ് കവര്‍ച്ചക്കിരയായത്. വാനിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പണം കവര്‍ന്ന് രക്ഷപ്പെട്ടത്.ആക്രമികള്‍ ഉപയോഗിച്ച വിലകൂടിയ കാര്‍ ഡിഫന്‍സ് കോളനിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജയിലിലായിരിക്കുമ്പോഴാണ് എടിഎം കവര്‍ച്ചക്ക് ഇവര്‍ പദ്ധതിയിട്ടത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഇവിടത്തെ നീക്കങ്ങളും മറ്റും ശ്രദ്ധിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ വലിയ പെട്ടികളുമായി ചില യുവാക്കളെ കണ്ട സമീപവാസികളാണ് ഇവരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. പ്രതികളുടെ പക്കല്‍ നിന്നും മോഷ്ടിക്കപ്പെട്ട തുകയും വാനിന്റെ താക്കോലും പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: