കൊല്‍ക്കത്ത: ബിഎസ്എഫില്‍ ആത്മഹത്യാനിരക്ക് ഉയരാന്‍ കാരണം മൊബെയില്‍ ഫോണാണെന്ന് സൈനിക വൃത്തങ്ങള്‍. സ്വന്തം കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ അറിയുന്നത് സൈനികരെ കടുത്ത വിഷാദത്തിലാക്കുകയാണെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബി.ഡി. ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ജോലിയിലെ സമ്മര്‍ദ്ദവും വീട്ടിലെ പ്രശ്നങ്ങളും താങ്ങാനാകാതെ വരുമ്പോഴാണ് പലരും വിഷാദത്തിന് അടിമകളാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറിയാത്ത കാര്യങ്ങളില്‍ അധികം ദു:ഖിക്കേണ്ടി വരില്ലെന്നും കത്തുകള്‍ മാത്രം വന്നു കൊണ്ടിരുന്ന മുന്‍കാലങ്ങളില്‍ സൈനികര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനികര്‍ക്ക് വര്‍ഷം മൂന്ന് പ്രാവശ്യം നിര്‍ബന്ധിത അവധി നല്‍കുന്നുണ്ടെന്നും അവധിയെടുക്കാന്‍ സൗകര്യപ്പെടാത്തവരുടെ കുംടുംബത്തിന് സൈനികരോടൊപ്പം കഴിയാന്‍ അവസരമൊരുക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ടെന്നും ശര്‍മ്മ വ്യക്തമാക്കി. അവധി കഴിഞ്ഞ് വീട്ടില്‍ നിന്ന് തിരിച്ചെത്തുന്നവരാണ് അധികവും ആത്മഹത്യ ചെയ്യുന്നതെന്നും സൈനികരുടെ ആത്മഹത്യയെക്കുറിച്ച് വിശദമായി പഠിച്ച ശര്‍മ്മ പറഞ്ഞു. കൗണ്‍സലിംഗും മറ്റ് പ്രചോദനപരമായ പരിപാടികളും സംഘടിപ്പിച്ച് ഇവരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: